വായന മാത്രമല്ല എഴുത്തും; ഷാർജ അക്ഷരോൽസവം കാഴ്ചകൾ

ഒരുപക്ഷേ ലോകത്ത് ഏറ്റവുമധികം മലയാളികൾ പങ്കെടുക്ക പുസ്തകമേളയായിരിക്കും ഷാർജ രാജ്യാന്തര പുസ്തകമേള. യുഎഇയിൽ നിന്നു മാത്രമല്ല വിവിധ ഗൾഫ് രാജ്യങ്ങളിലേയും കേരളത്തിലേയും പ്രസാധകരും എഴുത്തുകാരും വായനക്കാരുമൊക്കെയാണ് ഷാർജ പുസ്തകമേളയെ ഏറ്റവും സജീവമാക്കുന്നത്. 

ഷാർജ രാജ്യാന്തര പുസ്തകോൽസവത്തിൻറെ പരമപ്രധാനമായ ലക്ഷ്യം പുസ്തകവായന പ്രോത്സാഹിപ്പിക്കുകയെന്നതാണ്. വരും തലമുറ പുസ്തകം വായിക്കുക മാത്രമല്ല എഴുതാനും അതു പ്രസിദ്ധീകരിക്കാനും താൽപര്യപ്പെടുന്നുവെന്നത് പ്രതീക്ഷ പകരുന്ന കാഴ്ചയാണ്. പുസ്തകമേളയിലെ പ്രകാശനവിശേഷങ്ങളാണ് ആദ്യം കാണുന്നത്. 

ഷാർജ രാജ്യാന്തര പുസ്തകമേളയിലെ നിറസാന്നിധ്യമാണ് മലയാളികൾ. പ്രവാസിമലയാളികൾ ആവേശത്തോടെ, ആഘോഷത്തോടെയാണ് പുസ്തകമേളയുടെ ഭാഗമാകുന്നത്. ഇന്ത്യൻ പ്രസാധകർക്കായി അനുവദിച്ചിരിക്കുന്ന ഏഴാം നമ്പർ ഹാളിൽ  എഴുത്തുകാരും പ്രസാധകരും വായനക്കാരുമൊക്കെയായി ഉൽസവപ്രതീതിയാണ്. ഇരുന്നൂറ്റിഅൻപതോളം മലയാള പുസ്തകങ്ങളാണ് ഇത്തവണ പ്രകാശനം ചെയ്യപ്പെട്ടത്. 

അതിൽ  ഏഴാം ക്ളാസുകാരി സൂര്യയുടെ നോവൽ മുതൽ പ്രമുഖ മലയാളം സാഹിത്യകാരൻമാരുടെ പുസ്തകങ്ങൾ വരെ ഇടം നേടിയിട്ടുണ്ട്. ദ സീക്രട്ട് ഓഫ് നാഗാസ് മാനുസ്ക്രിപ്റ്റ് ഇൻ ഫോറസ്റ്റ് എന്ന നോവലുമായാണ് അജ്മാൻ അൽ അമീർ സ്കൂളിലെ സൂര്യ പുസ്തകമേളയുടെ ഭാഗമായത്. ബുക്കിലെഴുതിത്തുടങ്ങിയ കഥകളും നോവലുകളുമാണ് പുസ്തകത്തിൻറെ പുറം ചട്ടയണിഞ്ഞ് വായനക്കാരുടെ മുന്നിലെത്തിയത്.

ദുബായ് ഓക്സ് ഫോർഡ് സ്കൂളിലെ ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലുള്ള 40 വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് കവിതകൾ ചിരന്തന പബ്ളിക്കേഷൻസ് പുറത്തിറക്കി. പുസ്തകവായന പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരുടെ പിന്തുണയോടെയായിരുന്നു കുട്ടികൾ പുസ്തകം തയ്യാറാക്കിയത്.

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻറെ ലേഖനസമാഹാരമായ നവോത്ഥാനം, ജനാധിപത്യം, നവകേരളം എന്ന പുസ്തകവും ഷാർജ രാജ്യാന്തര പുസ്തകമേളയിലൂടെ വായനക്കാരുടെ കൈകളിലെത്തി. ഷാര്‍ജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുള്ള ബിൻ മുഹമ്മദ് അൽ ഖാസിമിയിൽ നിന്നും എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തും കടവ് പുസ്തകം ഏറ്റുവാങ്ങി.

സിനിമ നടൻ സിദ്ദിഖിൻറെ അഭിനയമറിയാതെ എന്ന  പുസ്തകം പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ആദ്യമായി എഴുതിയ അനുഭവക്കുറിപ്പുകൾ ലോകപ്രശസ്ത പുസ്തകമേളയിലൂടെ ജനങ്ങളിലേക്കെത്തിയതിൻറെ സന്തോഷം സിദ്ദിഖ് പങ്കുവച്ചു.

പ്രമുഖ വ്യവസായി എം.എ യൂസഫലിയെക്കുറിച്ചു മലയാള മനോരമ പുറത്തിറക്കിയ പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. മലയാള മനോരമ ദുബായ് ചീഫ് റിപ്പോർട്ടർ രാജു മാത്യുവാണ്, യൂസഫലി ഒരു സ്വപ്നയാത്രയുടെ കഥയെന്ന പുസ്തകമെഴുതിയത്.  ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി,  ഇന്ത്യൻ കോൺസൽ ജനറൽ വിപുലിനു പുസ്തകം കൈമാറിയായിരുന്നു 

അമിതാഭ് ബച്ചൻ, മോഹൻലാൽ, കമലഹാസൻ തുടങ്ങി ഒൻപതു കലാകാരൻമാരെക്കുറിച്ചു കെ.സുരേഷ് എഴുതിയ പുസ്തകം നക്ഷത്രങ്ങൾ പറയാൻ ബാക്കിവച്ചത് നടൻ ടൊവീനോ തോമസ് പ്രകാശനം ചെയ്തു.

പുസ്തകപ്രകാശനങ്ങൾക്കൊപ്പം സാംസ്കാരിക ആഘോഷങ്ങളുടേയും വേദിയായിരുന്നു ഷാർജ രാജ്യാന്തര പുസ്തകോൽസവം. അമേരിക്കൻ ടെലിവിഷൻ അവതാരകനും നടനുമായ സ്റ്റീവ് ഹാർവി മേളയിൽ വിദ്യാർഥികളടക്കമുള്ളവരുമായി സംവദിച്ചു. ഹിന്ദി കവിയും ഓസ്കാർ ജേതാവുമായ ഗുൽസാർ ഇതാദ്യമായി പുസ്തകമേളയുടെ ഭാഗമായി. നൂറു താളുകൾ വായിക്കുകയും ഒരു താൾ എഴുതുകയുമാണ് വേണ്ടതെന്നായിരുന്നു എഴുത്തുകാരോടുള്ള ഗുൽസാറിൻറെ ഉപദേശം.

കെ.എസ്. ചിത്രയുടെ ജീവിതത്തിലെ നിമിഷങ്ങള്‍ കോര്‍ത്തിണക്കി, പ്രസിദ്ധീകരിച്ച അനുഭവം,ഓര്‍മ, യാത്ര എന്ന പുസ്തക പ്രകാശന ചടങ്ങ് സംഗീത സാന്ദ്രമായിരുന്നു. 

ദൃശ്യസാക്ഷരതയെക്കുറിച്ചുള്ള  സെമിനാറിനു  സിനിമ നടൻ രവീന്ദ്രൻ നേതൃത്വം നൽകി. ഷാർജ രാജ്യാന്തര പുസ്തകമേളയുടെ മാതൃകയിൽ കേരളത്തിൽ പുസ്തകമേള നടത്താവുന്നതാണെന്ന് പ്രമുഖ വ്യവസായി എം.എ യൂസഫലിയുടെ നിർദേശം മലയാളികൾക്കു പ്രതീക്ഷയേകുന്നതായി.

അടുത്തമാസം കൊച്ചിയിൽ നടക്കുന്ന സമ്മേളനത്തിലോ ലോകകേരളസഭാ യോഗത്തിലോ സംസ്ഥാനസർക്കാരിനു മുന്നിൽ ഈ നിർദംശം അവതരിപ്പിക്കുമെന്നും  ഇക്കാര്യത്തിൽ സഹകരിക്കാൻ ലുലു ഗ്രൂപ്പ് തയ്യാറാണെന്നും യൂസഫലി പറഞ്ഞു.

പതിനൊന്നു ദിവസം നീണ്ട അക്ഷരോൽസവത്തിനു മാറ്റുകൂട്ടി ആയിരക്കണക്കിനു സാസംസ്കാരിക പരിപാടികളും മേളയുടെ ഭാഗമായി. നൂറ്റിതൊണ്ണൂറോളം രാജ്യങ്ങളിലെ പൌരൻമാർ പങ്കെടുത്ത പുസ്തകമേളയിൽ മലയാളികളായിരുന്നു പതിവുപോലെ ഇത്തവണയും താരങ്ങൾ.

മലയാളികളുടെ വായനാപ്രണയം പ്രവാസലോകത്തും മാറ്റിനിർത്തപ്പെട്ടിട്ടില്ലെന്നതിൻറെ തെളിവായിരുന്നു മുപ്പത്തിയെട്ടാമത് ഷാർജ രാജ്യന്തര പുസ്തകമേള.