പ്രകാശങ്ങളുടെ മായാലോകമൊരുക്കി ഗാർഡൻ ഗ്ലോ അഞ്ചാം സീസൺ

വര്‍ണക്കാഴ്ചകളുടെ പ്രകാശ വിസ്മയമൊരുക്കി ദുബായ് ഗാര്‍ഡന്‍ ഗ്ലോയുടെ അഞ്ചാം സീസണു തുടക്കം. പ്രകാശങ്ങളുടെ മായാലോകം ഒരുക്കുന്ന കാഴ്ചയിലേക്കു ശീതകാലമടുത്തതോടെ സഞ്ചാരികളെ ക്ഷണിക്കുകയാണ് ഗാർഡൻ ഗ്ളോ.

പ്രകൃതിയിലേക്കു മടങ്ങുക. കാലമാവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രമേയവുമായാണ് ഗാർഡൻ ഗ്ളോയുടെ അഞ്ചാം സീസൺ അവതരിപ്പിക്കുന്നത്. ദുബായ് സബീൽ പാർക്കിൽ ഒരുക്കിയിരിക്കുന്ന പ്രകാശവിസ്മയത്തിൽ അണിനിരത്തിയിരിക്കുന്നത് ഒരു കോടി LED ലൈറ്റുകളാണ്. ഊർജസംരക്ഷണ ലൈറ്റുകളും പാഴ്വസ്തുക്കളിൽ നിന്നും പുനർനിർമിച്ച വസ്തുക്കളാണ് വിസ്മയമൊരുക്കുന്നത്.

ഇരുപത്തിയേഴു വ്യത്യസ്ത മായക്കാഴ്ചകളൊരുക്കുന്ന മാജിക് പാർക്കാണ് ഇത്തവണത്തെ പ്രത്യേകത. സെൽഫിക്കും ഫോട്ടോയെടുക്കാനും വിസ്മയിപ്പിക്കുന്ന സൌകര്യമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്.

പ്രകാശിക്കുന്ന പൂന്തോട്ടം ദുബായിലെത്തുന്ന കാഴ്ചക്കാർക്ക് പുതിയ അനുഭവമായിരിക്കും. മിന്നിത്തിളങ്ങുന്ന പൂക്കളും പൂമരങ്ങളും... വര്‍ണപ്രകാശത്തിന്‍റെ പ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്ന വന്യമൃഗങ്ങള്‍. കാഴ്ചകളുടെ ഇനിയും പരിചയപ്പെടാത്ത ലോകമാണ് സഞ്ചാരികൾക്കായി തുറന്നിരിക്കുന്നത്. 

ഓരോ നിമിഷവും രൂപവും ഭാവവും മാറുന്ന ഉദ്യാനത്തിന്‍റെ തലയെടുപ്പായി ബുര്‍ജ് ഖലീഫയുണ്ട്. ഒപ്പം യുഎഇയുടെ പ്രതീകം ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കും. അറുപത് ഏക്കറിലായാണ് പ്രകാശവിസ്മയം അണിയിച്ചൊരുക്കിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൌതുകകരമായിരിക്കും ഗാർഡൻ ഗ്ളോയെന്നു ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അബ്ദുൽ റഹ്മാൻ അൽ ഹാജ്രി ഉറപ്പു നൽകുന്നു.

ശനി മുതൽ വ്യാഴം വരെ വൈകിട്ടു നാലു മുതൽ പതിനൊന്നു വരെയും വെള്ളിയാഴ്ച വൈകിട്ട് നാലു മുതൽ പന്ത്രണ്ടു വരെയുമാണ് സന്ദർശന സമയം. 65 ദിർഹമാണ് ടിക്കറ്റ് നിരക്ക്യ മൂന്ന് വയസിന് താഴെയുള്ളവർക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൌജന്യമാണ്.