ഗൾഫിലെ ചൂടിലുമുണ്ട് 'ഹരിതാഭയും പച്ചപ്പും'; കാഴ്ചയുടെ നിറവസന്തം

അബുദാബിയിലെ മിനാ മാർക്കറ്റിലെ ചെടിക്കടകളെകളുടെ വിശേഷങ്ങളാണ് ഇനി കാണുന്നത്. കത്തുന്ന ചൂടിനിടയിലും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  ചെടികളും പൂക്കളേയും പച്ചപ്പോടെ കാത്തുസൂക്ഷിക്കുകയാണ്. മലയാളികളടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ പൂക്കൾ വാങ്ങാനും കാണാനുമൊക്കെയെത്തുന്നത്. ആ മനോഹര കാഴ്ചയാണ് ഇനി കാണുന്നത്.

ഗൾഫിൽ ചുട്ടുപൊള്ളുന്ന ചൂട് തുടരുകയാണ്. എസിയിലും ഫാനിനു കീഴിലുമൊക്കെയായി ജീവിതം മുന്നോട്ടു കൊണ്ടു പോകുകയാണ് മനുഷ്യർ. എന്നാൽ, ഈ ചൂടിനിടയിൽ പൂക്കളും ചെടികളുമൊക്കെ എങ്ങനെ വളരുന്നുവെന്ന കാഴ്ച കാണാൻ അബുദാബിയിലെ മിന മാർക്കറ്റിലേക്കു വരാം. ലോകത്തിൻറെ വിവധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത വർണങ്ങളിലുള്ല പൂക്കളും ചെടികളും കാണാം. മനോഹാരിത ആസ്വദിക്കാം. 

ഇൻഡോർ ഔട്ട് ഡോർ തരം തിരിച്ചാണ് ചെടികൾ ഇവിടെ ചെടികൾ ക്രമീകരിച്ചിരിക്കുന്നത്. ഫ്ളാറ്റു ജീവിതങ്ങളേറെയുണ്ടായതിനാലാകാം സൂര്യപ്രകാശം അത്രയധികം ആവശ്യമില്ലാതെ ഇൻഡോറിൽ വളർത്താവുന്ന ജാനെറ്റ്, മണി പ്ളാൻറ് തുടങ്ങിയ ചെടികൾക്കാണ് ചൂടു കാലത്ത് ആവശ്യക്കാർ ഏറെ. 

വീടിനു പുറത്ത് സൂര്യപ്രകാശം ഏറെ ലഭിക്കുന്ന ഇടങ്ങളിൽ വയ്ക്കാവുന്ന എക്‌സൂറാ, ജാസ്മിൻ, ടൈബർന്ന, ഫൈക്കസ്, പഞ്ചപാണി, ഒലിവ് തുടങ്ങി ചെടികൾ തായ്ലാൻഡിൽ നിന്നാണെത്തുന്നത്. ഇന്ത്യയിൽ നിന്നെത്തുന്ന വിൻഖാ, മിൽകി വൈറ്റ്  ടൈബർന്ന തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്. 

മിന മാർക്കറ്റിൽ മാത്രം അറുപതോളം കടകളാണ് ചെടികളും പൂക്കളും വിത്തുകളും മണ്ണും വളവുമെല്ലാമായി കാത്തിരിക്കുന്നത്. ഒപ്പം പഴവർഗങ്ങളുടെ തൈകളും വിത്തുകളും ലഭിക്കും. ഒരു ദിർഹം മുതൽ ആയിരം ദിർഹം വരെ വിലയുള്ള ചെടികൾ വാങ്ങാൻ മലയാളികളടക്കമുള്ള പ്രവാസികളും സ്വദേസികളും ഇവിടെയെത്തുന്നു.

മരുഭൂമിയെ ഹരിതാഭമാക്കാൻ പരമാവധി ശ്രമിക്കണമെന്ന യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിൻറെ വാക്കുകൾ പിന്തുടർന്നാണ് മിന മാർക്കറ്റ് ചെടികളുടേയും പൂക്കളുടേയും വാസസ്ഥലമായി മാറിയത്. ഏക്കറുകൾ വരുന്ന നഴ്സറികളിൽ വളർത്തിയ ചെടികളും പൂക്കളുമാണ് ഇവിടെ ആവശ്യക്കാരെ കാത്തിരിക്കുന്നത്.

പാതയോരങ്ങളേയും പാർക്കുകളേയുമൊക്കെ മനോഹരമാക്കാൻ അബുദാബി മുനിസിപ്പാലിറ്റി ഇവിടെ നിന്നുമുള്ള ചെടികളെയും ഉപയോഗിക്കുന്നുണ്ട്. ഒരേ നിറത്തിൽ പൂക്കളുണ്ടാകുന്ന ആയിരക്കണക്കിനു ചെടികളാണ് ഇതിനായി തയ്യാറാക്കുന്നത്. മലീമസമാക്കപ്പെട്ട പാതയോരങ്ങൾ കണ്ടു പരിചയപ്പെട്ട പലർക്കും യു.എ.ഇയിലെ പാതയോരങ്ങൾ അത്ഭുതമാകാൻ കാരണം ഇത്തരം മാർക്കറ്റുകൾ കൂടിയാണ്. പൂക്കളും ചെടികളും കായ്ഫലങ്ങളുമില്ലാത ഭൂമി വരണ്ടതായിരിക്കുമെന്നോർമപ്പെടുത്തുകയാണ് കാഴ്ചയുടെ നിറവസന്തമൊരുക്കുന്ന മിന മാർക്കറ്റ്.