വെളിച്ചത്തിൻറെ വർണോത്സവം; ഷാർജ ലൈറ്റ് ഫെസ്റ്റിവൽ

ഷാർജയിലെ ലോകപ്രശ്സ്തമായ ലൈറ്റ് ഫെസ്റ്റിവൽ, അബുദബിയിലെ എയർ റേയ്സ്, ഒമാനിലെ ആദ്യ ഇൻഡോ അറബ് സിനിമ..അങ്ങനെ ഏറെ കാഴ്ചകളും വിശേഷങ്ങളും നിറഞ്ഞ ആഴ്ചയാണ് കടന്നു പോകുന്നത്. പ്രവാസലോകത്തെ ആ വിസ്മയ കാഴ്ചകളും അനുഭവങ്ങളുമായി വീണ്ടും ഗൾഫ് ദിസ് വീക്ക് നിങ്ങളുടെ മുന്നിലേക്കെത്തുകയാണ്. 

യു.എ.യിലെ സാംസ്കാരിക നഗരമായ ഷാർജയിൽ വെളിച്ചത്തിൻറെ വർണോത്സവമാണ്. പ്രധാനമന്ദിരങ്ങളിലെല്ലാം വർണവിസ്മയം വിതറിയ കാഴ്ചകാണാൻ ആയിരങ്ങളാണ് നിരത്തുകളിലേക്കെത്തുന്നത്. ഷാർജ ലൈറ്റ് ഫെസ്റ്റിവലിൻറെ ആ കാഴ്ചകളാണ് ഇനി കാണുന്നത്. 

ഷാർജയുടെ രാത്രികാഴ്ചകൾക്ക് പതിവിലേറെ ഭംഗിയാണിപ്പോൾ. വർണവും വെളിച്ചവും വിസ്മയമായി നിറയുന്ന മന്ദിരങ്ങൾ. മഴവില്ലു തോൽക്കുന്ന മനോഹരകാഴ്ചകൾ.

ഷാർജ കോമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ലൈറ്റ് ഫെസ്റ്റിവൽ ഒരുക്കുന്നത്. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ആണ് ഉത്സവം സംഘടിപ്പിക്കുന്നത്. ഷാര്‍ജയിലെ വാസ്തുവിദ്യാ വിസ്മയമായ നൂര്‍ മസ്ജിദ് പലവര്‍ണങ്ങളില്‍ പല ഭാവങ്ങളായി വിരിയുകയാണ് രാവുകളിൽ. 

തൊട്ടടുത്തു കോർണിഷിൽ നദിക്കരയിലിരുന്നു കരിമരുന്നു പ്രയോഗവും കാണാം.

.

ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി കാമ്പസ് അവന്യു, യൂണിവേഴ്‌സിറ്റി സിറ്റി ഹാൾ, ഷാർജ പോലീസ് അക്കാദമി, അമേരിക്കൻ യൂണിവേഴ്‌സിറ്റി, ഷാർജ ബുക്ക് അതോറിറ്റി, ഷാർജ മുനിസിപ്പാലിറ്റി, ഖാലിദ് ലഗൂൺ, മസ്ജിദ് അൽ നൂർ, പാം ഒയാസിസ് തുടങ്ങി പതിനേഴു കേന്ദ്രങ്ങളാണ് ദീപാലംകൃതമായിരിക്കുന്നത്.

ഷാര്‍ജയുടെ സംസ്കാരവും പാരമ്പര്യവും പ്രൌഡിയും വിളിച്ചോതുന്ന കെട്ടിടങ്ങളെ പരിചയപ്പെടുത്താനും ലൈറ്റ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നു. മലയാളികളടക്കം നൂറുകണക്കിനു പേരാണ് ആഘോഷരാവുകളിൽ വെളിച്ചത്തിൻറെ വിസ്മയം കാണാനെത്തുന്നത്.

വീഡിയോ മാപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഓരോ കെട്ടിടങ്ങളിലും പ്രകാശവിന്യാസം ഒരുക്കിയിരിക്കുന്നത്. മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ലൈറ്റ് ഫെസ്റ്റിവലിലെ ഗ്രാഫിക് ഡിസൈനുകള്‍ക്ക് അവസാന രൂപം നല്‍കിയത്. ഒൻപതാം വർഷത്തിലേക്കെത്തുമ്പോൾ യുഎഇയുടെ വിനോദസഞ്ചാര ഭൂപടത്തിലെ പ്രധാനകാഴ്ചയി മാറിയിരിക്കുന്നു ഷാർജ ലൈറ്റ് ഫെസ്റ്റിവൽ.

വര്‍ണപ്രകാശങ്ങളാല്‍ മനസു നിറച്ചൊരു സായാഹ്നം ആസ്വദിച്ചാണ് ഓരോ സന്ദര്‍ശകനും ഈ കാഴ്ചകളില്‍ നിന്ന് മടങ്ങുന്നത്.