കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള അറബിക് സിനിമ; ‘സയാന’

മലയാളത്തിന്റെ നാടൻ കലാരൂപങ്ങൾ ഉൾകൊള്ളിച്ച ആദ്യ ഇൻഡോ - അറബ് ചിത്രമാണ് ‘സയാന’. കേരളത്തിൻറെ പശ്ചാത്തലത്തിലുള്ള അറബിക് സിനിമ. ഇൻഡോ അറബ് ബന്ധത്തിൻറെ കഥപറയുന്ന സയാന എന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇനി കാണുന്നത്. 

ഒമാൻറെ ചരിത്രത്തിലാദ്യമായി ഒരു ഇൻഡോ അറബ് സിനിമ പ്രദർശനത്തിനെത്തിയിരിക്കുന്നു. മസ്കറ്റിലും കേരളത്തിലുമായി ചിത്രീകരിച്ച ചിത്രം. രണ്ടു സംസ്കാരങ്ങളുടെ നേർക്കാഴ്ച വെള്ളിത്തിരയിൽ. 

ഒമാനില്‍ അപമാനിക്കപ്പെട്ട ഒരു സ്വദേശി വനിത കേരളത്തിലെത്തി വിദ്യാഭ്യാസം കഴിഞ്ഞ് തിരികെയെത്തുമ്പോൾ സമാനസംഭവം വീണ്ടും നേരിടേണ്ടിവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. സംസ്കാരങ്ങൾ വ്യത്യസ്തമെങ്കിലും പുരുഷാധിപത്യം കാരണം സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളാണ് ഒമാൻ സ്വദേശിയായ സംവിധായകൻ ഖാലിദ് അല്‍ സത്ജാലി സിനിമയിലൂടെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. 

ഒമാൻ സ്വദേശികളായ താരങ്ങളോടൊപ്പം മലയാളി താരങ്ങളും സാങ്കേതിക വിദഗ്‌ദ്ധരും ചിത്രത്തിൻറെ ഭാഗമാണ്. ആറ്റിങ്ങൽ സ്വദേശി എൻ.അയ്യപ്പനാണ് ഛായാഗ്രഹണം. മലയാളികളായ ഗോപകുമാർ, റിജുറാം തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം ഒമാൻ അഭിനേതാക്കളായ അലി അൽ അംറി, നൂറ അൽഫാർസി, താലിബ് അൽ ബലൂഷി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. 

കേരളത്തിൽ പൊന്മുടി, കല്ലാർ, കുട്ടനാട്, വയനാട് എന്നിവടങ്ങളിലും, ഒമാനിൽ നിസ്‌വ, ബർഖ, അൽ ബുസ്താൻ എന്നിവിടങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം. കേരളത്തിന്റെ മനോഹാരിതയും, കാടിന്റെ ഭംഗിയും, ആയുർവേദ ചികിത്സയും എല്ലാം സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഒപ്പം കേരളത്തിൻറെ നാടൻ കലാരൂപങ്ങളും ഈ അറബ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തുന്നു.

പ്രവാസികളും സ്വദേശികളും ഏറെ ആവേശത്തോടെയും കൌതുകത്തോടെയുമാണ് ചിത്രം കാണാൻ തീയറ്ററുകളിലെത്തുന്നത്.