മൽസരക്കാഴ്ച സമ്മാനിച്ച് അബുദബി റെഡ് ബുൾ എയർ റെയ്സ്

ആകാശത്തിൽ ചീറിപ്പായുന്ന വിമാനങ്ങളുടെ മൽസരക്കാഴ്ചയാണ് അബുദബി റെഡ് ബുൾ എയർ റെയ്സ് സമ്മാനിച്ചത്. ടിവിയിൽ മാത്രം കണ്ടു പരിചയമുള്ള അഭ്യാസ പ്രകടനങ്ങൾ നേരിട്ടു കാണാൻ അവസമൊരുക്കിയ എയർ റെയ്സ് കാഴ്ചകളാണ് ഇനി..

വേഗപ്പോരിൻറെ ആകാശകാഴ്ചയൊരുക്കി അബുദബിയിൽ എയർ റെയ്സ്. വേഗത്തിനൊപ്പം കയറ്റിറക്കങ്ങളുടെ കണക്കുകൂട്ടലുകളുടെ കൃത്യതയും സാങ്കേതിക വൈദഗ്ദ്യവും ചേർന്ന കാഴ്ചയ്ക്കൊപ്പം കാണികളുടെ ആവേശവും വാനോളമുയർന്നു.

..

ആകാശത്തു വർണവിസ്മയം തീർക്കാൻ ഭൂമിയിൽ നിന്നും ആകാശത്തേക്കു കുതിച്ചുയരുന്ന പതിനാലു പൈലറ്റുമാർ. മിന്നല്‍വേഗത്തില്‍ ഉയര്‍ന്നും താഴ്ന്നുമുള്ള അഭ്യാസപ്രകടനം അബുദബി കോർണിഷിലെത്തിയ ആയിരങ്ങളെ ഇളക്കിമറിച്ചു.

രണ്ടുദിവസം നീണ്ട മൽസരത്തിൽ ജപ്പാന്റെ യോഷിദെ മുറോയ വിജയിയായി. നിലവിലെ ലോക ചാമ്പ്യൻ ചെക് റിപ്പബ്ലിക്കിന്റെ മാർട്ടിൻ സോങ്കയെ 0.003 സെക്കൻഡിനു പരാജയപ്പെടുത്തിയാണ് 2019ലെ ആദ്യ സീസണിൽ മുറായോ വിജയം നേടിയത്. അമേരിക്കയുടെ മൈക്കൽ ഗോലിയൻ മൂന്നാമതെത്തി.

കാണികളെ മുൾമുനയിൽ നിറുത്തിയ പ്രകടനത്തിലാണ് ലോകചാംപ്യനു കിരീടം നഷ്ടമായത്. സ്പോർട്സ് ചാനലുകളിലും  യുട്യൂബിലും മാത്രം കണ്ടിട്ടുള്ള അഭ്യാസ പ്രകടനങ്ങൾ  നേരിട്ട് കണ്ടതിന്റെ ആവേശത്തിലും സന്തോഷത്തിലായിരുന്നു മലയാളികളടക്കമുള്ള കാണികൾ. മൽസരത്തിൻറെ വീറിനും വാശിക്കുമുപരിയായി വൈമാനികരുടെ അഭ്യാസപ്രകടനങ്ങളുടെ വേദിയായി റെഡ് ബുൾ എയർ റേസ്.