മസ്കറ്റ് ഫെസ്റ്റിവലിന് കൊടിയേറി

ഒമാനിലെ ഏറ്റവും വലിയ ഉത്സവമായ മസ്കറ്റ് ഫെസ്റ്റിവലിന് കൊടിയേറി. ആഹ്ലാദത്തിൻറെയും വിനോദത്തിെൻറയും വിജ്ഞാനത്തിെൻറയും രാവുറങ്ങാത്ത ദിനങ്ങളാകും മസ്കത്തിന് ഇനി. സുഖകരമായ കാലാവസ്ഥയിൽ വിനോദവും ഷോപ്പിങ്ങും കലാപരിപാടികളും ലൈവ് ഷോകളും ആസ്വദിക്കാൻ സ്വദേശികളും വിദേശികളും മസ്കത്ത് ഫെസ്റ്റിവൽ വേദികളിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്.

ഒമാനിലെ  പുരാതന, നവീന കാഴ്ചകളുടെ സമന്വയമാണ് ഒരു മാസം നീളുന്ന മസ്കറ്റ് ഫെസ്റ്റിവല്‍. പൈതൃകത്തിലേക്കും ചരിത്രത്തിലേക്കും യുവ തലമുറയെ ആകര്‍ഷിക്കുന്നതോടൊപ്പം വികസനത്തിലേക്കും ശ്രദ്ധ ക്ഷണിക്കുന്ന വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. പ്രവാസികളേയും പൌരൻമാരേയും ഒരുപോലെ പരിഗണിക്കുന്ന ഒമാന്‍റെ ഭൂത, ഭാവി വർത്തമാന കാലങ്ങൾ നേരിട്ടരിയാം. 

അല്‍ അമിറാത്ത് പാര്‍ക്കും അൽ നസീം ഗാർഡനുമാണ് ഉത്സവത്തിന്‍റെ പ്രധാന വേദികൾ. റഷ്യൻ, ബലുറൂസ് കലാകാരന്മാര്‍ നടത്തുന്ന അഭ്യാസപ്രകടങ്ങള്‍ സന്ദര്‍ശകരെ വിസ്മയിപ്പിക്കും. കടുത്ത തണുപ്പിനെ അവഗണിച്ചും നിരവധി പേരാണ് ഉത്സവം അനുഭവിച്ചറിയാനെത്തുന്നത്.

രാജ്യത്തിന്‍റെ ശ്രേഷ്ടമായ പരമ്പര്യം ഓർമപ്പെടുത്തുന്ന പൈതൃകഗ്രാമമാണ് മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. പരമ്പരാഗത  കൈത്തൊഴിലുകളും കാർഷിക രീതികളുമെല്ലാം പുതുതലമുറക്ക് പുത്തന്‍ കാഴ്ചയാകുന്നു. പുരാതന കച്ചവട കേന്ദ്രങ്ങളും നൃത്ത സംഗീത പരിപാടികളും പഴയകാല ഗ്രാമത്തിലെത്തിയ പ്രതീതിയാണ് സമ്മാനിക്കുന്നത്. 1998-ൽ ഖുറം നാച്വറൽ പാർക്കില്‍ ആരംഭിച്ച മസ്കറ്റ് ഫെസ്റ്റിവൽ ഇന്ന് ഒമാന്‍റെ പ്രധാന ഉല്‍സവങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. രാജ്യത്ത് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നതും  ഇതേ സീസണിലാണ്. 

മലയാളികൾ അടക്കം ആയിരങ്ങളാണ് മസ്കറ്റ് മഹോത്സവത്തിനെത്തുന്നത്. യു.എ.ഇ, കുവൈത്ത് തുടങ്ങി മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരും ഇവിടെയെത്തുന്നുണ്ട്. ഒമാനിൽ കരിമരുന്നു പ്രയോഗം നടക്കുന്ന ഏകവേദിയും മസ്കറ് ഫെസ്റ്റ് വെലാണ്. 

വൈകിട്ട് നാലിനാരംഭിക്കുന്ന ഉൽസവം രാത്രി പതിനൊന്നു വരെ നീളും. വാരാന്ത്യങ്ങളിൽ അർധരാത്രിവരെ വേദികൾ സജീവമായിരിക്കും.  മുതിർന്നവർക്ക് 200 ബൈസയും കുട്ടികൾക്ക് 100 ബൈസയുമാണ് പ്രവേശന ഫീസ്. ഒരു മാസം നീളുന്ന ഉത്സവം അടുത്തമാസം ഒൻപതിനു സമാപിക്കും.