'ഇമാജിൻ ദുബായ്' ഒരു ടൈം ലാപ്സ് ദൃശ്യവിസ്മയം

ഒരു ലക്ഷത്തി അൻപതിനായിരം ഫോട്ടോകളുമായി ഇമാജിൻ ദുബായ് എന്ന പേരിൽ ഒരു ടൈം ലാപ്സ് ദൃശ്യവിസ്മയം.  ആകാശത്തിനു മുകളിലേക്കും വളരുന്ന ദുബായ് നഗരകാഴ്ചകളെ ടൈം ലാപ്സ് പ്രോജക്ടിലൂടെ കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന മലയാളിയായ സച്ചിൻ രാംദാസിനെയാണ് ഇനി പരിചയപ്പെടുത്തുന്നത്.

ആഗ്രഹങ്ങളുടെ അതിരാണ് ആകാശമെന്നവർ പറയുന്നു. എന്നാൽ, നമുക്ക് ആകാശം ആഗ്രഹങ്ങളുടെ തുടക്കമാണ്... ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ രാഷിദ് അൽ മക്തുമിൻറെ ഈ വാക്കുകളാണ് കണ്ണൂർ അഴീക്കോട് സ്വദേശിയും ഫുജൈറയിലെ താമസക്കാരനുമായ സച്ചിൻ രാംദാസിൻറെ സ്വപ്നങ്ങളുടെ പ്രചോദനം. ദുബായ് എന്ന സ്വപ്നനഗരം മേഘങ്ങൾക്കു മുകളിലേക്ക് വളർന്ന കാഴ്ചകളെ ഒരു ലക്ഷത്തിഅൻപതിനായിരത്തോളം ഫോട്ടോകളിലൂടെ ടൈം ലാപ്സായി ചിത്രീകരിച്ചിരിക്കുകയാണ് സച്ചിൻ. ഫോട്ടോകൾ ചേർത്തുവച്ചു വീഡിയോ പോലെ ചിത്രീകരിക്കുന്ന സംവിധാനമാണ് ടൈം ലാപ്സ്. മേഘങ്ങളേക്കൾ ഉയരമുള്ള കെട്ടിടങ്ങളും മേഘങ്ങൾക്ക് താഴെയുള്ള ദുബായും. കോടമഞ്ഞിൽ പുതഞ്ഞുകിടക്കുന്ന വിസ്മയം ദുബായ്  എന്ന മായാനഗരത്തിൻറെ അപൂർവ കാഴ്ചകളാണ്. 

സ്ഥിരോൽസാഹത്തോടെ രണ്ടുവർഷത്തെ കഠിനപ്രയത്നം. ദുബായിലെ പടുകൂറ്റൻ കെട്ടിടങ്ങളിൽ രാത്രിയും പകലുമില്ലാതെ കാത്തിരുന്നു ക്യാമറക്കണ്ണുകളുമായി... അതിലുപരി കാഴ്ചകളോടുള്ള ഭ്രമിപ്പിക്കുന്ന പ്രണയവുമായി. താഴെ മേഘങ്ങൾ ഒഴുകുമ്പോൾ അതിനിടയിൽ ദുബായ് നഗരത്തിലെ കെട്ടിടങ്ങളുടെ മനോഹരകാഴ്ചകൾ ഒപ്പിയെടുത്തു. അത്തരം കാത്തിരിപ്പിൻറെ ഫലമാണ് ഇമാജിൻ ദുബായ് എന്ന നാലുമിനിട്ടു നീളുന്ന ഷോർട് ഫിലിം. 

ഈ മാസം നാലിനാണ് സിനിമ നടൻ പൃഥിരാജ് സുകുമാരൻ ടൈം ലാപ്സ് ട്രിബ്യൂട് ടു ദുബായ് എന്ന ഫിലിം റിലീസ് ചെയ്തത്. ടൈം ലാപ്സ് ശ്രേണിയിലെ ആദ്യത്തെ പ്രോജക്ടല്ല ഇമാജിൻ ദുബായ്. രണ്ടാം വീടായ ഫുജൈറയെക്കുറിച്ചുള്ള ആദ്യ ഫിലിം രണ്ടായിരത്തിപതിനാലിൽ പുറത്തിറക്കി. ഇരുപത്തിഅയ്യായിരം ഫോട്ടോകളുൾപ്പെടുത്തിയാണ് ചിത്രം പുറത്തിറങ്ങിയതോടെ ഫുജാറ ഭരണാധികാരി നേരിട്ടു വിളിച്ചു അഭിനന്ദിച്ചു. പിന്നീട് ഷാർജയെക്കുറിച്ചും ടൈം ലാപ്സ് ഫിലിം പുറത്തിറക്കി.

യു.എ.ഇയിൽ പഠിച്ച് എൻജിനീയറായ സച്ചിൻ, ഫോട്ടോഗ്രഫിയെ പ്രണയിച്ചാണ് ഈ രംഗത്തേക്ക് ചുവടുവച്ചത്. കഴിഞ്ഞവർഷം ലണ്ടൻ ഫിലിം സ്കൂളിലെ മൂന്നു മാസത്തെ ഫിലിം ഡിറക്ഷൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം ചെയ്യാൻ ഏഷ്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിയും സച്ചിനായിരുന്നു. ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെന്നറിയാം ഈ ഇരുപത്തിയൊൻപതുകാരന്. അധികമാരുടേയും കൈപ്പിടിയിലൊതുങ്ങാത്ത ടൈം ലാപ്സ് പ്രോജക്ടുകൾ തുടരണം. പക്ഷേ, അതിലും വലിയൊരു ആഗ്രഹത്തിലേക്കാണ് ചുവടുവയ്ക്കുന്നത്.

അഞ്ചുവർഷത്തിനിടെ അൻപതോളം പരസ്യചിത്രങ്ങളും സച്ചിൻ സംവിധാനം ചെയ്തിട്ടുണ്ട്. പരസ്യമേഖലയിലെ പരിചയവും സിനിമാരംഗത്തു ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. അതിനെല്ലാമുപരി, മേഘങ്ങളെ ക്യാമറക്കണ്ണുകളിൽ പതിച്ചെടുത്ത പ്രയത്നം സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് പറിട്ടുനട്ടു മികവിൻറെ ഉയരങ്ങളിലേക്ക് പിച്ചവയ്ക്കുകയാണ് സച്ചിൻ രാം ദാസ്.