ചെന്തെങ്ങിൽ തുടങ്ങി മരുഭൂമിയെ പച്ചപ്പാക്കിയ മൊയ്തുണ്ണിയുടെ കഥ

ഒരു ചെന്തെങ്ങിൻറെ തൈയിൽ തുടങ്ങി മരുഭൂമിയെ പച്ചപ്പാക്കിയ കഥയാണ് പറയാൻ പോകുന്നത്. നാലു പതിറ്റാണ്ടായി പച്ചക്കറിയടക്കമുള്ളവ കൃഷി ചെയ്ത് മലപ്പുറം സ്വദേശിയായ മൊയ്തുണ്ണി പ്രവാസികൾക്കിടയിൽ പുതിയ മാതൃകയാവുകയാണ്. മൊയ്തുണ്ണിയുടെ കൃഷി വിശേഷങ്ങളാണ് ഇനി കാണാൻ പോകുന്നത്.

മനസിൽ പ്രകൃതിയോടു പ്രണയമുണ്ടെങ്കിൽ, മണ്ണിനെ മെരുക്കാൻ മനസുണ്ടെങ്കിൽ, ഏതു മരുഭൂമിയിലും പൊന്നുവിളയിക്കാമെന്ന് പഠിപ്പിക്കുകയാണ് മൊയ്തുണ്ണി. മരുഭൂമിയിലെ ജീവനില്ലാത്ത മണ്ണിൽ നാലു പതിറ്റാണ്ടായി വിസ്മയം വിളയിക്കുകയാണ് മലപ്പുറം പെരുമ്പടപ്പ് കോടത്തൂർ സ്വദേശി മൊയ്തുണ്ണിയും ഭാര്യ ബീവാത്തുകുട്ടിയും. 

എവിടെപ്പോയാലും കൃഷി കൈവിടരുതെന്ന ബാപ്പയുടെ ഉപദേശം മനസാവഹിച്ച് ചെന്തെങ്ങിന്റെ തൈയുമായാണ് 1975ൽ ആദ്യമായി ദുബായിലേക്കെത്തിയത്. വെളിയങ്കോട് സ്വദേശിയായ പിതാവ് മടപ്പാട്ട് മമ്മുവിൽനിന്ന് എട്ടാം വയസ്സിൽ പകർന്നുകിട്ടിയ കൃഷിപാഠം അറുപത്തിരണ്ടാം വയസിലും മൊയ്തുണ്ണി കൈവിട്ടിട്ടില്ല. കൈവിടാൻ ഒരുക്കവുമല്ല. 

വെള്ളരി, കുമ്പളം, മത്തൻ, പാവയ്ക്ക, കോവയ്ക്ക, വെണ്ട, വഴുതന, പടവലം, പയറ്, തക്കാളി, മൂന്നു തരം മുരിങ്ങ, കറിവേപ്പില, ചീര, പപ്പായ, വാഴ, കപ്പ, പച്ചമുളക്, ഞാവൽ തുടങ്ങി അത്യാവശ്യം പച്ചക്കറികളെല്ലാം ഇവിടെയുണ്ട്. വിവിധയിനം കോഴി, ഗിനിക്കോഴി, താറാവ്, കാടക്കോഴി എന്നിവയുമുണ്ട്. 500 കൊല്ലം പഴക്കമുള്ള പാൽവെളിയൻ വിത്തുപയോഗിച്ച് നെല്ലും പരീക്ഷിച്ചു ഇത്തവണ. ജനുവരി തുടങ്ങുന്ന ശീതകാല കൃഷിക്കായുള്ള തയ്യാറെടുപ്പിലാണ് മൊയ്തുണ്ണിയും ഭാര്യ ബീവാത്തുകുട്ടിയും. 

സ്ഥലപരിമിതികളെ മറികടക്കാൻ ഫ്ളാറ്റിന്റെ ബാൽക്കണിയിൽ രണ്ടടി ഉയരമുള്ള പലക സ്ഥാപിച്ച് മണ്ണുനിറച്ചായിരുന്നു ആദ്യം കൃഷി ചെയ്തത്. കൃഷിയുടെ സൗകര്യത്തിനായി ഫ്ളാറ്റിൽ നിന്നും വില്ലയിലേക്ക് മാറി. റാസൽഖൈമയിൽനിന്നുള്ള ചുവന്ന മണ്ണും ചാണകപ്പൊടിയും ആര്യവേപ്പിന്റെ ഇലയും പൊടിച്ചുചേർത്താണ് നിലമൊരുക്കുന്നത്. നാട്ടിൽ നിലമൊരുക്കുന്നതിനേക്കാൾ കരുതൽ മരുഭൂമിയിലേറെ വേണമെന്നതിനാൽ പരിപാലനം ശ്രദ്ധയോടെയാണ്.

തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നുള്ള വിത്തും കൂടിയായതോടെ മരുഭൂമിയിലെ കൃഷിയിൽ നൂറുമേനി വിളവെടുപ്പ്. ഓസ്ട്രേലിയയിലും ലണ്ടനിലുമുള്ള മക്കൾ കൊണ്ടുവരുന്ന വിത്തും ഈ മണ്ണിൽ പാകപ്പെടും. കൃഷി ചെയ്യുമ്പോഴും മനസിൽ പച്ചപ്പുനിറച്ച് അവ വളരുമ്പോഴും മറ്റെല്ലാ മാനസിക സമ്മർദങ്ങളും മറക്കുമെന്ന് ഫെഡറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിലെ മുൻ പർച്ചേസിങ് ഓഫിസറായ മൊയ്തുണ്ണിയുടെ സാക്ഷ്യം.

മലയാളികളായ പ്രവാസികൾക്കും എമറാത്തി സ്വദേശികൾക്കും ഏറെ വിസ്മയവും കൌതുകവുമാണ് മൊയ്തുണ്ണിയുടെ കൃഷിയിടം. സന്ദർശനത്തിനായി അതിഥികളും സുഹൃത്തുക്കളുമെത്തുമ്പോൾ സൌജന്യമായി വിത്ത് നൽകി ജൈവകൃഷിയുടെ സന്ദേശവാഹകരാകുകയാണ് ഈ കുടുംബം.