ഒപെകില്‍ നിന്ന് ഖത്തര്‍ പിന്‍മാറുന്നു

അറുപത്തിയൊന്നു വർഷത്തിനു ശേഷം എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ഖത്തര്‍ പിന്‍മാറുന്നു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നിർദേശം അവഗണിച്ച് എണ്ണഉൽപാദനം കുറയ്ക്കാൻ ഒപെകിൻറെ തീരുമാനം. ഇന്ത്യ ഇടക്കം ലോകരാജ്യങ്ങളുടെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളെ നിർണയിക്കുന്ന രണ്ട് തീരുമാനങ്ങൾ പോയവാരം ഏറെ ചർച്ച ചെയ്യപ്പെട്ടു. ഈ തീരുമാനങ്ങളുടെ അനന്തരഫലം എന്തായിരിക്കും. വിലയിരുത്തലുകളാണ് ഇനി.

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ഖത്തര്‍ ഊര്‍ജകാര്യ സഹമന്ത്രി സാദ് ഷെരിദ അല്‍ കാബിയാണ് പ്രഖ്യാപിച്ചത്. ഏറെ ഞെട്ടലോടെയാണ് ഗൾഫ് ലോകം ഈ പ്രഖ്യാപനം കേട്ടത്. പ്രകൃതിവാതക ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‌റെ ഭാഗമായാണു പിന്‍മാറ്റമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. 

ഒപെകില്‍ നിന്ന് പിന്മാറുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഒപെകിന്റെ എണ്ണ ഉല്‍പാദനത്തില്‍ രണ്ട് ശതമാനം മാത്രമാണ് ഖത്തറിന്റെ വിഹിതം. എന്നാല്‍, ലോകത്തെ പ്രകൃതി വാതക ഉൽപ്പാദനത്തിൽ മുപ്പതു ശതമാനവും ഖത്തറിന്റേതാണ്. എൽ.എൻ.ജി ഉല്‍പാദനം പ്രതിവര്‍ഷം 7.7 കോടി ടണ്ണില്‍ നിന്ന് 11 കോടി ടണ്ണാക്കി ഉയര്‍ത്താനാണ് ഖത്തറിൻറെ ശ്രമം. 1961 ൽ ഒപെകിൽ അംഗമായ ഖത്തറിൻറെ പിൻമാറ്റം, സൌദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങളേർപ്പെടുത്തിയ ഉപരോധങ്ങളുടെ പശ്ചാത്തലത്തിലാണെന്നതാണ് ശ്രദ്ധേയം. എന്നാൽ, തീരുമാനത്തിനു പിന്നിൽ രാഷ്ട്രീയമില്ലെന്നാണ് ഖത്തർ വ്യക്തമാക്കുന്നത്. പ്രകൃതിവാതക ഉൽപ്പാദനരാജ്യമായ ഇറാനെതിരെ യു.എസ് ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് ഖത്തർ പ്രകൃതിവാതക ഉൽപ്പാദനം കൂട്ടാനൊരുങ്ങുന്നത് എന്ന വസ്തുതത വ്യവസായലക്ഷ്യങ്ങളെ സാധൂകരിക്കുന്നുണ്ട്. ഗൾഫ് മേഖലകളിലെ വലിയ പ്രതിസന്ധികളായിരുന്ന 1980ലെ ഇറാൻ- ഇറാഖ് യുദ്ധവും, 1991ലെ ഇറാഖ്- കുവൈത്ത് യുദ്ധവും ഉണ്ടായപ്പോൾ പോലും ഉലയാതെ നിന്ന ഒപെക് ഐക്യത്തിന് ഉപരോധം വിള്ളലുണ്ടാക്കിയെന്ന വിലയിരുത്തലിൽ അതിശയപ്പെടാനില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 

ഒപ്പെക്കിലെ അംഗമെന്ന നിലയിൽ ഖത്തർ പങ്കെടുത്ത അവസാന യോഗമായിരുന്നു ഓസ്ട്രിയയിലെ വിയന്നയിൽ കഴിഞ്ഞ ഞായറാഴ്ച നടന്നത്. ഊര്‍ജ്ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്‍റും സി.ഇ.ഒയുമായ സാദ് ബിന്‍ ഷെരീദ അല്‍ കാബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അവസാന യോഗത്തില്‍ ഖത്തറിനെ പ്രതിനിധീകരിച്ചത്. ഖത്തറിൻറെ പിൻമാറ്റം കൊണ്ടുമാത്രമല്ല, തീരുമാനങ്ങൾ കൊണ്ടും യോഗം നിർണായകമായിരുന്നു. എണ്ണവില കുറയുന്ന സാഹചര്യത്തിൽ ഉൽപ്പാദനം കുറയ്ക്കാനായിരുന്നു ഒപെക് തീരുമാനം. എണ്ണ ഉൽപ്പാദനത്തിൽ പ്രതിദിനം  പന്ത്രണ്ടു  ലക്ഷം ബാരൽ കുറവുവരുത്താനുള്ള തീരുമാനത്തെതുടർന്ന് എണ്ണവില ഉയർന്നു തുടങ്ങി. സൌദി അറേബ്യ നേതൃത്വം നൽകുന്ന ഒപെക്കും റഷ്യ നേതൃത്വം നൽകുന്ന ഒപെകിനു പുറത്തുള്ള എണ്ണ ഉൽപാദക രാജ്യങ്ങളും ചേർന്നാണ് എണ്ണ ഉൽപ്പാദനം കുറയ്ക്കാൻ തീരുമാനിച്ചത്. സൗദിയുടെ തീരുമാനത്തിന് റഷ്യ പൂര്‍ണ പിന്തുണ നല്‍കി. കഴിഞ്ഞ ഒരു മാസമായി രാജ്യാന്തരവിപണിയില്‍ എണ്ണവില 30 ശതമാനം കുറഞ്ഞതായും ഇത് 2008 ലെ സാമ്പത്തികമാന്ദ്യത്തിന് സമാനമായ പ്രതിസന്ധിയുണ്ടാക്കിയേക്കാമെന്നും യോഗം വിലയിരുത്തി. 2019 ജൂൺ വരെ പ്രതിദിന എണ്ണ ഉൽപ്പാദനത്തിൽ പന്ത്രണ്ടു ലക്ഷം ബാരൽ കുറവുവരുത്താനാണ് തീരുമാനം.

എണ്ണ ഉൽപ്പാദനം കുറയ്ക്കാനുള്ള തീരുമാനം ഇന്ത്യ അടക്കമുളള രാജ്യാന്തര എണ്ണ വിപണിയെ എങ്ങനെ ബാധിക്കും?

എണ്ണ ഉൽപ്പാദനം കുറയ്ക്കരുതെന്ന യു.എസ് പ്രസിഡൻറിൻറെ നിർദേശം തള്ളിയാണ് ഒപെക് തീരുമാനമെടുത്തത്. വില വര്‍ധിക്കുന്ന നീക്കങ്ങളില്‍ നിന്ന് പിന്‍മാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവശ്യപ്പെട്ടിരുന്നു. ഉൽപ്പാദനം കുറയ്ക്കുന്നതോടെ ഇന്ത്യയിലടക്കം എണ്ണ വില വീണ്ടും ഉയരും. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ എണ്ണ വില കൂടുന്നത് രാഷ്ട്രീയചർച്ചകൾക്കു വഴിതെളിക്കുെന്നും ഉറപ്പാണ്. സൗദിയുടെയും ഇറാന്റെയും എണ്ണ കൂടുതല്‍ ഇറക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നതിനാല്‍ പുതിയ തീരുമാനം ഇന്ത്യയെ നേരിട്ട് ബാധിച്ചേക്കും.