പ്രവാസികൾക്കിടയിൽ സർവകലാവല്ലഭ; അബുദാബിയിൽ താരമായി കൊച്ചു മിടുക്കി

മാതാപിതാക്കളുടെ ജോലി കാരണം ഗൾഫിലെ സ്കൂളുകളിൽ പഠിക്കുന്ന ഏറെ മലയാളി വിദ്യാർഥികൾ ഇവിടെയുണ്ട്. കലാകായികരംഗത്ത് മിടുക്കരായി വളരുന്നവർ. സ്കൂൾ കലോത്സവങ്ങളിലും കായികോത്സവങ്ങളിലുമൊക്കെ നിറസാന്നിധ്യമാകേണ്ടവർ. പക്ഷേ, അത്തരം അവസരങ്ങൾ ലഭിക്കുന്നില്ലെങ്കിലും എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുന്ന കുറേയധികം കൊച്ചുമിടുക്കർ ഇവിടെയുണ്ട്. അത്തരമൊരു മിടുക്കിയെയാണ് ഇനി പരിചയപ്പെടുത്തുന്നത്.

പ്രവാസികൾക്കിടയിൽ സർവകലാവല്ലഭയാണ് ഈ കൊച്ചു മിടുക്കി.  അബുദാബി ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി അപർണ വിനോദ്.  ചുരുങ്ങിയ കാലം കൊണ്ട് വിവിധരംഗങ്ങളിൽ കഴിവുതെളിയിച്ച അപർണ പ്രവാസിലോകത്തെ കലാസാംസ്കാരിക വേദികളിലെ നിറസാന്നിധ്യമാണ്.

കഥക്ക് ,മോഹിനിയാട്ടം സിനിമാറ്റിക്ക് ഡാൻസ് ,ഫാഷൻ ഷോ , മോഡലിംഗ് തുടങ്ങി ഡബ്‌സ്‌ മാഷ് വരെ അനായാസം കൈകാര്യം ചെയ്യും ഈ കൊച്ചുകലാകാരി. 

മൂവാറ്റുപുഴ സ്വദേശി ഡെൽഫിൻറെയും വിനോദിന്റെയും ഏക മകളാണ് അബുദാബികാരുടെ അപ്പൂസ് എന്ന അപർണ. അമ്മ ഡെൽഫിനും പാട്ടുരംഗത്ത്ഉണ്ടായിരുന്നു. ആ കല പകർന്നു ലഭിച്ചുവെന്നാണ് അപർണ്ണയുടെ വിശ്വാസം.

വാരാന്ത്യ അവധി ദിനങ്ങളിൽ  അപർണ്ണ തിരക്കിലാകും .നാട്ടിൽ നിന്നടക്കം വരുന്ന കലാകാരന്മാരോടൊപ്പം ഈ മിടുക്കിയും വിവിധ വേദികളിൽ മികവ് തെളിയിക്കുകയാണ്. ദുബായ് ഗ്ലോബൽ വില്ലേജിൽ സിനിമ നടൻ   നിവിൻ പോളിക്കൊപ്പമുള്ള പെർഫോമൻസ് സ്വപ്നസമാനമായിരുന്നു.

ന്യൂജൻ തരംഗമായ  ഡബ്‌സ്‌ മാഷിലൂടെ അനേകരുടെ കയ്യടി നേടി. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർ ഹിറ്റ് ഡയലോഗുകളും ,ഹിന്ദി ,തമിഴ് ,കന്നഡ തുടങ്ങി ചിത്രങ്ങളുടെ ഡയലോഗുകളും ഈ കലാകാരി അനായാസം ഡബ്‌സ്‌ മാഷിലൂടെ കൈകാര്യം ചെയ്യും.

വിവിധ കലാരൂപങ്ങളിലൂടെ സമൂഹ മാധ്യമങ്ങളിൽ താരമായിക്കഴിഞ്ഞു അപർണ. പത്താം ക്ലസ്സിനു ശേഷം കലയെ അടുത്തറിയണം, അവസരങ്ങൾ കിട്ടിയാൽ സിനിമയിൽ ഒരു കൈ നോക്കണം. ജീവിതം എങ്ങോട്ടു നയിച്ചാലും കലയെ വിടാൻ ഒരുക്കമല്ല. അതുതന്നെയാണ് ഈ കലാകാരിയുടെ ആഗ്രഹവും.