ഉള്ളിലേക്ക് കടന്നാൽ മായാലോകം; വട്ടം ചുറ്റിക്കും ദുബായിലെ ഈ മ്യൂസിയം

വിവിധരാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെ എന്നും വിസ്മയിപ്പിക്കുന്ന നഗരമാണ് ദുബായ്.  നവീനരീതിയിലുള്ള ദൃശ്യ ബൌദ്ധിക പ്രദർശനം ഒരുക്കുന്ന മ്യൂസിയം ഓഫ് ഇല്യൂഷൻസ് പുതിയ വിസ്മയം. പ്രായഭേദമന്യേഎല്ലാവരേയും ആകർഷിക്കുന്ന മ്യൂസിയത്തിലെ കാഴ്ചകളാണ് ഇനി കാണുന്നത്.

കണക്കിലെ കളികളും കാഴ്ചയിലെ കൺകെട്ടുവിദ്യകളും ചേരുന്ന ഇടം. മ്യൂസിയം ഓഫ് ഇല്യൂഷൻസ്. ലോകത്തെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള എൺപതിൽപരം വിസ്മയങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. കൺമുൻപിൽ, ആദ്യകാഴ്ചയിൽ കാണുന്നതെല്ലാം സത്യമല്ലെന്ന ബോധ്യപ്പെടുത്തലുകൾ. ഒരു മായാലോകത്തേക്ക് കടന്ന പ്രതീതി. പരമ്പരാഗത ശൈലികളില്‍ നിന്നും വ്യത്യസ്തമായി എല്ലാ പ്രായക്കാര്‍ക്കും ആകര്‍ഷകമാകുന്ന രീതിയിലാണ് മ്യൂസിയത്തിലെ ഓരോ കാഴ്ചകളും അണിയിച്ചൊരുക്കിയിരിക്കുന്നത്. സയൻസിലെ തത്വങ്ങളും കണക്കിലെ കളികളുമെല്ലാം ഈ പ്രദർശനത്തിൻ്രെ ഭാഗമാണ്. ഒരേ സമയം വിജ്ഞാനവും വിനോദവും പകരുന്ന അനുഭവം.

കറുത്തപൊട്ടിലേക്ക് സൂക്ഷിച്ചുനോക്കിയാൽ അതിനു ചുറ്റുമുള്ള വലയം മാഞ്ഞുപോകുന്ന മായാക്കാഴ്ചയാണ് ബ്ളാക് ഡോട്ട് എന്ന ഇടത്തിലുള്ളത്. ശാസ്ത്രംപോലും വ്യക്തമായി വിശദീകരണം നൽകിയിട്ടില്ലെന്ന അടിക്കുറുപ്പോടെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സ്ഥലവിഭ്രാന്തിയായാരിക്കും ഇൻഫിനിറ്റി റൂം സമ്മാനിക്കുന്നത്.

ഏതുദിശയിൽ നിന്നു നോക്കിയാലും നമ്മെ നോക്കുന്ന ഹലോ ഫേയ്സാണ് മറ്റൊരു വിസ്മയം. കാലിഡോസ്കോപ്പിലൂടെ നോക്കി ചിത്രമെടുത്താൽ പൂക്കളമെന്നപോലെ നമ്മുടെ മുഖം കാണാം. ആംസ് റൂമിലെ ഒരു മൂലയിൽ നിന്നാൽ നിങ്ങൾ വലുതാകും. മറ്റൊരു മൂലയിലാകുമ്പോൾ കുഞ്ഞനും. തല താലത്തിൽ വെച്ചപോലെയാണ് ഹെഡ് ഓൺ പ്ളേറ്റിലെ  കാഴ്ച. വോർട്ടെക്സ് ഗുഹയിൽ കയറിയാൽ വർണശബളമായ ഗുഹയിലേക്ക് വേച്ചുവേച്ചു കയറിയതുപോലെ. പക്ഷേ, ഒട്ടും പേടിപ്പിക്കില്ല. പകരം കാഴ്ചകളുടെ മനോഹാരിതയിൽ കൊച്ചുകുട്ടികൾപോലും ഈ വിസ്മയം ആഘോഷമാക്കും. 

നിങ്ങളുടെ അഞ്ചുപ്രതിബിംബങ്ങളുമായി ചേർന്ന് ചീട്ടുകളിക്കാവുന്ന ഇടമാണ് ക്ലോൺ ടേബിൾ. റൂബിക്സ് ക്യൂബിന്റെ വകഭേദങ്ങളും ഊരാക്കുടുക്കുകളും മ്യൂസിയത്തിലുണ്ട്. കളികളിലൂടെ, കാഴ്ചകളിലൂടെ ശാസ്ത്രത്തെ അടുത്തറിയാനും അവസരം. 

രണ്ടായിരത്തിപതിനഞ്ചിൽ ക്രൊയേഷ്യയിലാണ് ആദ്യത്തെ മ്യൂസിയം ഓഫ് ഇല്യൂഷൻസ് തുടങ്ങിയത്. ഒമാന്‍, ഓസ്ട്രിയ, ജര്‍മനി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും നിലവില്‍ മ്യൂസിയം ഓഫ് ഇല്യൂഷന്‍സ് ആരംഭിച്ചിട്ടുണ്ട്. ഇതുവരെയുള്ള ബ്രാഞ്ചുകളില്‍ ഏറ്റവും വലിയ എഡിഷനാണ് ദുബായില്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. നിശബ്ദതയാണ് മറ്റുമ്യൂസിയങ്ങളുടെ പ്രകൃതിയെങ്കിൽ ഇവിടെ ആഘോഷമാണ്. ഒപ്പം എവിടെ നിന്നു വേണമെങ്കിലും ഫോട്ടോ എടുക്കാനും തൊട്ടുനോക്കാനും ഒപ്പം ചെറിയപതിപ്പുകൾ വിലകൊടുത്തു വാങ്ങാനും അവസരമുണ്ട്. 

ദുബായ് ക്രീക്കിന് സമീപത്തായി എമിറേറ്റിലെ അല്‍ സീഫ് ഡെവലപ്പ്‌മെന്റ് സെന്ററിലാണ് പുതിയ മായിക കാഴ്ചകളുമായി മ്യൂസിയം തുറന്നിരിക്കുന്നത്. ഞായറാഴ്ചമുതൽ ബുധനാഴ്ച വരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 10 മുതൽ രാത്രി 12 മണി വരെയുമാണ് സന്ദർശന സമയം. മുതിർന്നവർക്ക് 80 ദിർഹവും കുട്ടികൾക്ക് 60 ദിർഹവുമാണ് പ്രവേശനഫീസ്. അഞ്ചുവയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.