വിവാദങ്ങൾ മറക്കാം; യുഎഇ ഒപ്പമുണ്ട്; ഈ കരുതൽ കടലോളം

കേരളം അതിജീവനത്തിന്റെ പാതയിലാണ്. ദുരന്തത്തിന് മുന്നിൽ കൈകോർത്ത് മലയാളികൾ ജീവിതങ്ങൾ തിരികെ പിടിക്കുകയാണ്. കേരളത്തിലെ ദുരന്തം മനസ്സിൽപേറിയവരാണ് പ്രവാസികൾ. അതിനാൽ തന്നെ ഈ അതിജീവനത്തിനു പ്രവാസികളുടെ കൈത്തങ്ങുണ്ട്. ഈ മണലാരണ്യത്തിൽ പ്രാർത്ഥനകളോടെ, സഹായവുമായി അവർ കേരളത്തിനൊപ്പമുണ്ട്.  സഹായങ്ങളുടെ പേമാരിയിൽ കേരളം ഉയർത്തെഴുന്നേൽക്കുമെന്ന പ്രത്യാശയോടെ 

വിവാദങ്ങളും ചർച്ചകളും ഏറെയുണ്ടായെന്നിരിക്കാം. പക്ഷെ യു എ ഇയിൽ ഒരിക്കലെങ്കിലും ജോലി  ചെയ്തിട്ടുള്ള ഓരോ പ്രവാസിക്കുമറിയാം ഈ നാടിനു ഈ നാടിൻറെ ഭരണാധികാരികൾക്ക് മലയാളികളോടുള്ള സ്നേഹം.  പ്രളയദുരന്തത്തിൽ വിറങ്ങലിച്ച കേരളത്തിന് യു എ ഇ അടക്കം ഗൾഫ് രാജ്യങ്ങളുടെ വൻ സാമ്പത്തിക സഹായമാണ് ഉറപ്പായിരിക്കുന്നത്. വിവാദങ്ങൾ അവസാനിപ്പിക്കാം. കാരണം ഈ നാട് എന്നും നമ്മൾ മലയാളികളെ സഹായിച്ചിട്ടേ ഉള്ളു. ഈ ദുരിതത്തിലും കൈത്താങ്ങായി ഇവർ കൂടെയുണ്ട്. ഉറപ്പാണ്.

കേരളം ദുരിതത്തിലായതോടെ ആദ്യം ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങളിൽ ഒന്നായിരുന്നു യു എ ഇ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശ പ്രകാരം പ്രത്യേക സമിതി രൂപീകരിച്ചാണ്  കേരളത്തിനുള്ള സഹായഹസ്തം നീട്ടുന്നത്. കേരളത്തെ അകമഴിഞ്ഞ സഹായിക്കണമെന്ന് ഭരണാധികാരികൾ ട്വിറ്ററിലൂടെ ആഹ്വനം ചെയ്യുകയുണ്ടായി. യു.എ.ഇ.യുടെ വിജയത്തിന്‌ കേരളജനത എക്കാലവും കൂടെയുണ്ടായിരുന്നെന്നും പ്രളയബാധിതരെ പിന്തുണയ്ക്കാനും സഹായിക്കാനും യു.എ.ഇ.ക്ക് പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

  അറബിക്‌, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായാണ് ഷെയ്‌ഖിന്റെ സന്ദേശം ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പ്രത്യക്ഷപ്പെട്ടത്. ഈ ആഹ്വനം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും ഏറ്റെടുത്തുകഴിഞ്ഞു. കേരളത്തെ സഹായിക്കാനായി യു.എ.ഇ.യുടെ എമിറേറ്റ്‌സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ്  സമിതിരൂപീകരിച്ചിരിക്കുന്നത്. രാജ്യത്തെ മറ്റ്‌ ജീവകാരുണ്യ സംഘടനകളും ഇതിൽ അംഗങ്ങളാണ്. യു.എ.ഇ.യിലെ സ്വദേശികളും വിദേശികളുമായവരിൽ നിന്നു സംഭാവനകൾ സ്വീകരിച്ച്‌ കേരളത്തിന്‌ സഹായമെത്തിക്കാനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്.

സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന് കേന്ദ്ര നയപ്രകാരം എതിർപ്പുണ്ടെങ്കിൽ പ്രത്യേക പദ്ധതികളായി സഹായം കേരളത്തിലെത്തുമെന്നാണ് സൂചന. ഗ്രാമങ്ങളെ ഏറ്റെടുക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുനരുദ്ധരിക്കുക തുടങ്ങിയ പദ്ധതികൾക്ക് യു എഇയുടെ സഹകരണം ഉണ്ടായേക്കും. റെഡ് ക്രസന്റിന്റെ നേതൃത്വത്തിലുള്ള സമിതിയിലേക്ക് വ്യവസായ പ്രമുഖർ, സംഘടനകൾ ഉൾപ്പെടെയുള്ളവർ വലിയതോതിൽ സാമ്പത്തിക സഹായങ്ങൾ നൽകുന്നുണ്ട്. 

റെഡ് ക്രസന്റിന്റെ സഹകരണത്തോടെ ഓൾ കേരള കോളേജ് അലംനി ഫെഡറേഷൻ (അക്കാഫ്) വൊളന്റിയർ ഗ്രൂപ്പ് ധനസമാഹരണം നടത്തുന്നുണ്ട്. ഒരുമാസം നീളുന്ന പ്രചാരണപരിപാടികളോടെയാണ് ധനസമാഹരണം. റെഡ് ക്രസന്റ് നൽകിയ 29 സംഭാവനപ്പെട്ടികളിലാണ്  ഫണ്ട് സ്വീകരിക്കുന്നത്. കേരളത്തിനായി യു.എ.ഇ. നടത്തുന്ന ഫണ്ട് സമാഹരണത്തിലേക്ക് ഈ തുക ചേർക്കും. പ്രധാന ഷോപ്പിംഗ് മാളുകളിൽ ഈ സംഭാവന പെട്ടികൾ പ്രദർശിപ്പിച്ചിട്ടുണ്ട്. നവകേരളനിർമിതിയുടെ ഭാഗമാകാൻ ഓരോ പ്രവാസിക്കും നേരിട്ട് ഇത് വഴി  സഹായം നൽകാം.

യുഎഇയുടെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായസഹകരണങ്ങളെയും കേരളം ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുന്നുണ്ട്.  എന്നാൽ ഇതിനെ ചുറ്റിപ്പറ്റി ചില വിവാദങ്ങളും ഉയർന്നിരുന്നു. യു.എ.ഇ. 700 കോടി രൂപ സഹായം പ്രഖ്യാപിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചത്. ഒരു കാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. എത്ര കോടി എന്നതിനപ്പുറം ഈ രാജ്യം മുന്നോട്ടു വയ്ക്കുന്ന വിശാലമായ സഹവർത്തിത്തമുണ്ട്. അതിന്റെ മൂല്യം കോടികളുടെ എണ്ണത്തിനും മുകളിലാണ്. അത് വിവാദമാക്കുന്നവർ കേരളത്തോടു ചെയ്യുന്നവലിയ അനീതിയായിരിക്കുമത്.

അതേസമയം, യുഎഇ സര്‍ക്കാര്‍ സഹായം ആഹ്വനം ചെയ്തതിനു പിന്നാലെ കേരളത്തിനൊപ്പമുണ്ടെന്ന ദുബായ് പോലീസിന്റെ വീഡിയോ സന്ദേശം  വൈറലായിരുന്നു. പ്രളയത്തില്‍ അകപ്പെട്ടവരെ ഹെലികോപ്ടറില്‍ ഇന്ത്യന്‍ സൈന്യം രക്ഷപ്പെടുത്തതിന്റെയടക്കം ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച വീഡിയോയില്‍ കൈവിടരുത് നിങ്ങള്‍ക്കൊപ്പം ഞങ്ങളുണ്ട് എന്ന സന്ദേശമാണ് ദുബായ് പോലീസ് നല്‍കുന്നത്. ദുബായ് പോലീസിലെ മലയാളി ഉദ്യോഗസ്ഥനായ അബ്ദുല്‍ അസീസിന്റെ മലയാളത്തിലുള്ള സന്ദേശവും വിഡിയോയിലുണ്ട്.

യു എ ഇക്കൊപ്പം വിവിധ ഗൾഫ് രാജ്യങ്ങളും കേരളത്തിന് സഹായ ഹസ്തം നീട്ടിയിട്ടുണ്ട്. പ്രളയ ദുരന്തം നേരിടുന്ന കേരളത്തിനു മുപ്പത്തിയഞ്ചു കോടി രൂപ വകയിരുത്താൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി നിർദേശം നൽകിയിട്ടുണ്ട്. തകർന്ന വീടുകളുടെ പുനരുദ്ധാരണത്തിനായിരിക്കും ഈ തുക വിനിയോഗിക്കുന്നത്. ഖത്തർ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഖത്തർ ചാരിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പുറമെയാണ് വൻ തുക അമീർ സഹായമായി പ്രഖ്യാപിച്ചത്. ഖത്തർ ചാരിറ്റി കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനത്തിനായി 40 ലക്ഷം ഖത്തർ റിയാൽ പണം സമാഹരിക്കാനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്.

കുവൈത്തിലെ സർക്കാർ നിയന്ത്രിത സന്നദ്ധ സംഘടന നജാത്ത് ചാരിറ്റി അസോസിയേഷനും ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള റിലീഫ് എന്ന പദ്ധതി പ്രകാരം അൻപതിനായിരം ദിനാർ സമാഹരിക്കാനാണ് നീക്കം. കുറഞ്ഞത് പത്ത് ദിനാർ മുതൽ സംഭാവനയായി നൽകാമെന്ന് അസോസിയേഷൻ ഇൻഫർമേഷൻ വിഭാഗം മേധാ‍വി ഉമർ അൽ തവൈനി അറിയിച്ചു.

പ്രവാസികളായ കേരള ജനത ഗൾഫ് നാടുകൾക്ക് ചെയ്യുന്ന നന്മകൾക്ക് ഇവിടുത്തെ ഭരണാധികാരികൾ ഈ ആപത് ഘട്ടത്തിൽ സ്നേഹപൂർവ്വം മറുപടി നൽകുന്നു. ദുരന്തത്തിൽ കൂടെ നിൽക്കുമെന്നുറപ്പും നവകേരള നിർമിതിക്ക് സഹായവും. ഈ നന്മയെ ഒരു മലയാളിക്കും കാണാതെ കടന്നുപോകാനാവില്ല.