ഗൾഫിൽ മെച്ചപ്പെട്ട ജോലി വേണോ?; സഹാായവുമായി കെ.എം.സി.സി

ഗൾഫിൽ ഒരു ജോലി..മെച്ചപ്പെട്ട ശമ്പളം പല മലയാളികളുടേയും സ്വപ്നമാണിത്. പക്ഷേ, ജോലി കണ്ടെത്താനാണ് ഏറ്റവും പാട്പെടുന്നത്. അതിനൊരു പരിഹാരമായാണ് ദുബായ് കെ.എം.സി.സി ഒരു ജോബ് സെൽ തുടങ്ങിയിരിക്കുന്നത്.

മോശമല്ലാത്ത ശമ്പളത്തിൽ ഗൾഫിൽ ജോലി നേടണമെന്നാഗ്രഹിക്കുന്ന ആയിരങ്ങളാണ് നമ്മുടെ ചുറ്റുമുള്ളത്. സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സഹായത്തോടെ സന്ദർശക വീസയിലെത്തി ഇവിടെ ജോലിക്കു ശ്രമിക്കുന്നവർ ഏറെയുണ്ട്. പക്ഷേ, എവിടെ, എങ്ങനെയാണ് ശ്രമിക്കേണ്ടത് എന്നതടക്കമുള്ള കാര്യങ്ങളിൽ ഇവിടെയെത്തുന്ന പലർക്കും വലിയ ധാരണ പോരാ. ഈ സാഹചര്യത്തിലാണ് കേരള മുസ്ലിം കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിലുള്ള മൈ ജോബ് സെൽ അനേകർക്ക് സഹായകരമാകുന്നത്. തികച്ചും സൌജന്യമായി തൊഴിൽ ദാതാക്കളേയും തൊഴിൽ അന്വേഷകരേയും ബന്ധിപ്പിക്കുകയാണ്. 

എല്ലാ തിങ്കളാഴ്ചയും കെഎംസിസിയുടെ ദുബായ് അൽ ബറാഹയിലെ ഓഫീസിൽ ബയോഡേറ്റയുമായി എത്തി പേരു റജിസ്റ്റർ ചെയ്യാം. സി.വിയിൽ തെറ്റുകളുണ്ടെങ്കിലോ മെച്ചപ്പെടുത്തണമെങ്കിലോ അതിനുള്ള നിർദേശങ്ങളും ഇവിടെ നിന്നു ലഭിക്കും. എല്ലാ തിങ്കളാഴ്ചയും വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മൂന്നൂറിലധികം പേരാണ് ഇവിടെയെത്തി പേര് റജിസ്റ്റർ ചെയ്ത് സി.വി സമർപ്പിക്കുന്നത്.

കെ.എം.സി.സിയുടെ ഫോമിൽ പേര് റജിസ്റ്റർ ചെയ്യുകയാണ് ആദ്യനടപടി. ഏത് ജോലിയാണ് ആഗ്രഹിക്കുന്നത്, എത്ര ശമ്പളം പ്രതീക്ഷിക്കുന്നു, ജോലി പരിചയം എന്നീ കാര്യങ്ങളെല്ലാം ഫോമിൽ ഉൾപ്പെടുത്തണം. ജോബ് സെല്ലിലെ അംഗങ്ങൾ ഇതു പരിശോധിച്ച് ഒഴിവുണ്ടെങ്കിൽ അപ്പോൾ തന്നെ ഉദ്യോഗാർഥിയേയും ഒപ്പം തൊഴിൽ ആവശ്യമുള്ള കമ്പനിയേയും അറിയിക്കും. അല്ലെങ്കിൽ സിവി ജോബ് സെൽ സൂക്ഷിക്കുകയും ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് ഉദ്യോഗാർഥികളെ അറിയിക്കുകയും ചെയ്യും. പല കമ്പനികളും നേരിട്ട് കെഎംസിസി ഓഫീസിലെത്തി ഇൻ്റർവ്യു നടത്താറുമുണ്ട്.

പതിനേഴായിരത്തോളം പേരാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്. ഇതിൽ രണ്ടായിരത്തി അഞ്ഞൂറിലധികം പേർക്ക് ജോലി ലഭിച്ചിട്ടുണ്ട്. നഴ്സിങ്, അക്കൌണ്ട്സ്, ഹൈപ്പർമാർക്കറ്റുകൾ, അധ്യാപനം, അഡ്മിനിസ്ട്രേഷൻ, സിവിൽ ഇലക്ട്രോണിക് എൻജിനീയറിങ്, ഇൻഷുറൻസ് മേഖലകളിലാണ് കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആശുപത്രികൾ, സ്കൂളുകൾ, ഹൈപ്പർമാർക്കറ്റുകൾ തുടങ്ങിയവ ജോലിക്കാരെ ആവശ്യപ്പെട്ട് ജോബ് സെല്ലിനെ നേരിട്ട് സമീപിക്കുന്നുണ്ട്.  അതേസമയം, ജോലി ഒഴിവുകളുണ്ടായിട്ടും ഉദ്യോഗാർഥികളെ ലഭിക്കാത്ത മേഖലകളും നിലവിലുണ്ട്.

ജോലി തരപ്പെടുത്തുന്ന മറ്റ് ഏജൻസികളും കെ.എം.സി.സിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. വിവിധ കമ്പനികളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഏജൻസികൾ മൈ ജോബിലെത്തുന്ന ഉദ്യോഗാർഥികൾക്ക് ഒഴിവു വരുന്നതനുസരിച്ച് ജോലി  നേടാനുള്ള സഹായം നൽകുന്നു. അത്തരമൊരു കമ്പനിയാണ് റൈറ്റ് വൌവ്. മൊബൈൽ ആപ്ളിക്കേഷൻ, അൻപത്തിയെട്ടോളം വാട്സ് ആപ്പ് ഗ്രൂപ്പുകൾ എന്നിവയുടെ സഹായത്തോടെയാണ് ഇവർ ഉദ്യോഗാർഥികൾക്ക് ജോലി കണ്ടെത്താൻ സഹായം നൽകുന്നത്.

ഗൾഫിലെ വിവിധ മേഖലകളിൽ പിരിച്ചുവിടീൽ പ്രശ്നങ്ങളടക്കം നേരിടുന്ന മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ സഹായകകരമായാണ് മൈ ജോബ് സെൽ പ്രവർത്തിക്കുന്നത്. ജോലി ഉറപ്പ്നൽകുന്നില്ലെങ്കിലും സൌജന്യമായി ജോലിക്ക് ശ്രമിക്കാനും ഒരു ഇന്റർവ്യു എങ്കിലും നേരിടാനുമുള്ള അവസരം ലഭിക്കുന്നുവെന്നത് മൈ ജോബ് സെല്ലിന്റെ പ്രത്യേകതയാണ്. അതിനാൽ തന്നെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരടക്കം ഇത് പ്രയോജനപ്പെടുത്താൻ ഇവിടെ എത്തുന്നുമുണ്ട്.