ഓടക്കുഴലും സംഗീതവും; വിസ്മയം തീർത്ത് മലയാളിദമ്പതികൾ

ഐടി മേഖലയിലെ ജോലിത്തിരക്കിനിടയിലും സംഗീതത്തെ പ്രണയിക്കുന്ന ദമ്പതികളെ പരിചയപ്പെടാം. കോഴിക്കോട് സ്വദേശിയായ രാഘേഷും ഭാര്യ ശാലിനിയും.

ഓടക്കുഴലിൽ വിസ്മയം തീർക്കുന്ന രാഘേഷിന്, പാട്ടിന്റെ വഴിയിൽ കൂട്ടായി ശാലിനി. ദുബായ് അൽ നഹദയിലെ വീട്ടിൽ സംഗീതം നിറയുകയാണ്. ശാലിനിയുടെ പാട്ടുകൾക്ക് ഓടക്കുഴലിന്റെ മനോഹാരിത ചേർത്ത് ഇരുവരും ജീവിതം മനോഹരമാക്കുകയാണ്.

കോഴിക്കോട് സ്വദേശിയായ രാഘേഷിൻറെ ആദ്യ ഗുരു അച്ഛൻ കെ.ആർ മോഹൻദാസ് ആയിരുന്നു. അച്ഛന്റെ വഴിയെ ഓടക്കുഴലുമായി യാത്ര തുടങ്ങി. പിന്നീട് വിവിധ ഗുരുക്കൻമാരുടെ ശിക്ഷണത്തിലായിരുന്നു പഠനം. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈയിൽ ജോലി ചെയ്യവെ സുഹൃത്തുക്കളുമായി ചേർന്ന് സംഗീതമേഘം എന്ന ബാൻഡ് തുടങ്ങിയാണ് സംഗീതലോകത്ത് സജീവമായത്.

2012ലാണ് ഇരുവരും ദുബായിലെത്തിയത്. എൻ സ്വരം എന്ന സുഹൃത്തുക്കളുടെ സംഗീതക്കൂട്ടായ്മയിലൂടെ ഇവിടെ സജീവമായി. പ്രവാസികൾക്കായി പരിപാടി അവതരിപ്പിക്കാൻ എത്തിയ എം.ജയചന്ദ്രൻ, മനോ, നജീം അർഷാജ്, ജ്യോത്സ്ന, ഗായത്രി തുടങ്ങി പുതിയതും പഴയതുമായ തലമുറകളിലെ പാട്ടുകാർക്ക് രാഘേഷ്, ഓടക്കുഴലിന്റെ നാദവിസ്മയം ഒരുക്കിയിട്ടുണ്ട്.

ഒപ്പം ആറുവർഷമായി ഗൾഫിലെ വിവിധ അസോസിയേഷനുകളിലെ പരിപാടികളിലും രാഘേഷും ശാലിനിയും സ്ഥിരസാന്നിധ്യമാണ്. 

കർണാടക സംഗീതമാണ് പഠിച്ചതെങ്കിലും ശ്രോതാക്കളുടെ താൽപര്യമനുസരിച്ച് ലൈറ്റ് മ്യൂസിക്കും സിനിമ സംഗീതവുമാണ് ഇപ്പോൾ കൂടുതൽ കൈകാര്യം ചെയ്യുന്നത്. 

ഒരുമിച്ചു പഠിച്ചു ഒരുമിച്ച് കുടുംബജീവിതം തുടങ്ങിയ ഇരുവർക്കും കൂട്ടായി മകൾ ആറുവയസുകാരി അഷ്വികയും സംഗീതലോകത്ത് പിച്ചവച്ചുതുടങ്ങി.

കുടമാളൂർ ജനാർദനനാണ് രാഘേഷിന്റെ പ്രിയപ്പെട്ട ഓടക്കുഴൽ വിദ്വാൻ. ദുബായി ഐടി മേഖലയിലാണ് ഇരുവരും ജോലിചെയ്യുന്നത്. ചൂടുപിടിക്കുന്ന  തിരക്കിനിടയിലും സംഗീതം ജീവിതത്തിൽ കുളിർമ പകരുന്നുവെന്ന് ജീവിതസാക്ഷ്യം.