പ്രകാശം പരത്തുന്ന പെൺകുട്ടി അഥവാ റിദ; അന്ധതയെ മറികടക്കുന്ന മികവ്

മശ്ഹദ് അഥവാ ഇരുട്ടിലെ വ്യാഖ്യാനങ്ങൾ. യുദ്ധം അടിച്ചേൽപ്പിച്ച പലായനം ജീവിതത്തിലേറ്റുവാങ്ങേണ്ടിവന്നവരുടെ കഥ പറയുന്ന ഷോർട്ട് ഫിലിമാണിത്. കാഴ്ചകളില്ലാത്ത ലോകത്ത് വർണം വിതയ്ക്കുന്ന പെൺകുട്ടിയെ അവതരിപ്പിക്കുന്നത് അന്ധയായ ഒരു മലയാളി പെൺകുട്ടിയാണ്. റിത അബ്ദുൽ റഹീം. റിതയുടെ ജീവിതത്തെ പരിചയപ്പെടാം ഒപ്പം മശ്ഹദയെന്ന ചിത്രത്തേയും.

റിദ അബ്ദുൽ റഹ്മാൻ. ജന്മം കൊണ്ടുതന്ന അന്ധതയെന്ന വിധിയെ കഴിവുകൾകൊണ്ടു മറികടക്കുന്ന പെൺകുട്ടി. കരാമ എസ്.എൻ.എഫ് സ്കൂളിലെ ആറാം ക്ളാസ് വിദ്യാർഥിനിയാണ്. അന്ധത ജീവിതത്തെ ബാധിച്ചുതുടങ്ങിയതോടെ ശബ്ദങ്ങളുടെ ലോകത്തായി ജീവിതം. റേഡിയോയിൽ സ്വന്തമായി ട്യൂൺ ചെയ്ത് പാട്ടുകേട്ടായിരുന്നു തുടക്കം. വാർത്തകൾ കേട്ട് ലോകത്തെ അറിഞ്ഞ റിദ റേഡിയോ പാട്ടു കേട്ട് പാട്ടുപാടിത്തുടങ്ങി.

പാട്ടിനൊപ്പം ചെറിയ കീ ബോർഡിൽ വിരലുപതിച്ചു തുടങ്ങിയ റിദ ഇപ്പോൾ മറ്റൊരു സന്തോഷത്തിലാണ്. മശ്ഹദ് എന്ന ഷോർട് ഫിലിമിലെ നായികാകഥാപാത്രമായി അഭിനയിച്ചു. യുദ്ധം വിതച്ച ദുരിതപർവത്തിൽ നിന്നും ദുബായിലേക്ക് ചേക്കേറുന്ന കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് കഥ. ഫാത്തിമ എന്ന അന്ധയായ മകളുടെ വേഷമാണ് റിദ അഭിനയിച്ചത്.

ആദ്യമായി ക്യാമറയ്ക്കു മുന്നിൽ നിൽക്കുന്നതിന്റെ തെല്ലു പരിഭവവും ആശങ്കയുമുണ്ടായിരുന്നു. പക്ഷേ, നിശ്ചയദാർഡ്യം അതിനെ മറികടന്നു. 

അന്ധയായ പെൺകുട്ടിയെ അവതരിപ്പിക്കാൻ അഭിനയപരിചമുള്ലവരെയാണ് സംവിധായകൻ ഷാബു കിളിതട്ടിൽ ആദ്യം തേടിയത്. റിദയിലേക്ക് എത്തിച്ചത് ഗുരുവിന്റെ വാക്കുകൾ.

രണ്ടാഴ്ചകൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. മാതാപിതാക്കൾ പൂർണപിന്തുണയോടെ കൂടെനിന്നു. അമ്മയുടെ കൈപിടിച്ചായിരുന്നു ഷൂട്ടിങ് ലൊക്കേഷനിലേക്കുള്ള യാത്രകൾ. ആ കൈകൾ തന്നെയായിരുന്നു കാഴ്ചയുടെ ലോകം അന്യമായിരുന്ന റിതയുടെ വഴികാട്ടി. 

ഇരുപത്തിയഞ്ചുവർഷമായി ദുബായിൽ ജോലി ചെയ്യുന്ന കണ്ണൂർ പഴയങ്ങാടി സ്വദേശി അബ്ദുൽ റഹ്മാന്റെ രണ്ടു മക്കളിൽ ഇളയതാണ് റിത.

എല്ലാ വീടുകളിലേയും പോലെ അടിപിടിച്ച് ഇണക്കവും പിണക്കവുമായി സഹോദരി ആയിഷയും കൂടെയുണ്ട്.

അഭിനയരംഗത്തെ ആദ്യചുവടുവയ്പ്പ് മനോഹരമാക്കിയെന്ന് സംവിധായകനായ ചിറയിൻകീഴ് സ്വദേശി ഷാബു കിളിത്തട്ടില്‍ പറയുന്നു.

യുദ്ധവും ദുരിതവും പ്രകൃതിയും കാഴ്ചയുടെ ലോകവും പ്രേക്ഷകനോടു സംവദിക്കുന്ന സിനിമ ലോകത്തിന്റെ ഇന്നത്തെ ജീവിതത്തിന്റ പരിച്ഛേദനമാണ്. ഈജിപ്ത് നടൻ ഷരൂഖ് സ്ഖറിയ, ഇറാഖി തീയറ്റർ ആർടിസ്റ്റ് യാസിൽ അൽ താജിർ , എമിറാത്തി സിനിമപ്രവർത്തക മനാഹൽ അൽ വാദി, അറബ് കവി ഡോക്ടർ ഷിബാഹ് ഘാനി തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.