കെ.എസ്.എഫ്.ഇ ചിട്ടി പ്രവാസികൾക്ക് സഹായകരമാകുന്നതെങ്ങനെ?

പ്രവാസികളിൽ സമ്പാദ്യശീലം വർധിപ്പിക്കുന്നതിനൊപ്പം നാടിന്റെ വികസനത്തിനു സഹായകരമാകുന്ന രീതിയിൽ പണം നിക്ഷേപിക്കാനായി തയ്യാറാക്കിയ ഔദ്യോഗിക പദ്ധതിയാണ് കെ.എസ്.എഫ്.ഇ പ്രവാസിചിട്ടി. ചിട്ടിയെക്കുറിച്ച് ചില സംശയങ്ങൾ ഉയർന്നിരുന്നു. ഈ സംശയങ്ങൾ ദുരീകരിക്കുന്നതിനൊപ്പം ചിട്ടി പ്രവാസികൾക്ക് എങ്ങനെ പ്രയോജനപ്പെടുത്താനാകും എന്നുകൂടി വ്യക്തമാക്കുകയാണ് ഈ വാർത്തയിലൂടെ...

ജൂൺ പതിനെട്ടിന് തിരുവനന്തപുരത്തുവച്ചാണ് പ്രവാസിചിട്ടിയുടെ ഔദ്യോഗികതുടക്കം. ഒരു വശത്ത് പ്രവാസികൾക്ക് സുരക്ഷിതവും ആദായകരവുമായ ഒരു നിക്ഷേപമാർഗം എന്ന നിലയിലും മറുവശത്ത് സംസ്ഥാനത്തിന്റെ വികസനത്തിനുള്ള മുതൽമുടക്കെന്ന രീതിയിലും ഇരട്ടപ്രാധാന്യത്തോടെയാണ് പ്രവാസി ചിട്ടി രൂപപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിലെ സാധാരണ ജനങ്ങൾക്കിടയിൽ പ്രവർത്തനവിജയം നേടിയ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് എന്ന കെ.എസ്.എഫ്.ഇയാണ് ഇതിന്റെ നടത്തിപ്പുകാർ. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് എന്ന കിഫ്ബിയുടെയും നോർക്കയുടെയും സഹകരണവും പദ്ധതിക്കുണ്ട്.

വിദേശരാജ്യത്ത് ജോലി ചെയ്യുന്ന ഏത് മലയാളിക്കും ചിട്ടിയിൽ പങ്കാളിയാകാം എന്ന നിലയിലാണ് പദ്ധതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിൽ യു.എ.ഇയിലുള്ള പ്രവാസികൾക്കാണ് അംഗമാകാൻ അവസരം. ഇതുവരെ പതിനായിരത്തോളം പ്രവാസിമലയാളികൾ ചിട്ടിയിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കും മുഴുവൻ പ്രവാസി മലയാളികളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി ഡോക്ടർ തോമസ് ഐസക് വ്യക്തമാക്കുന്നു.

കെ.എസ്.എഫ്.ഇയുട തന്നെ മറ്റ് ചിട്ടികൾക്കില്ലാത്ത ഏറെ പ്രത്യേകതകൾ പ്രവാസിചിട്ടിക്കുണ്ട്. പ്രവാസി ചിട്ടിക്ക് എൽ.ഐ.സിയുടെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകും. അപകടം ഉണ്ടായാൽ ആക്സിഡന്റ് ഇൻഷ്വറൻസുമുണ്ടാകും. അപകടംമൂലം ജോലി തുടരാൻ കഴിയാതായാൽ മിച്ച ഗഡുക്കൾ ഇൻഷ്വറൻസ് കമ്പനി അടച്ചുകൊള്ളും.

ചിട്ടിയിൽ അംഗമായവർ മരിച്ചാൽ ബാക്കിയുള്ള തവണകൾ എൽ.ഐ.സി അടച്ചുതീർക്കും. ആനുകൂല്യങ്ങൾ അർഹതപ്പെട്ട ബന്ധുക്കൾക്ക് നൽകുകയും ചെയ്യും. ചിട്ടിയിലെ അംഗങ്ങൾ വിദേശത്ത‌് മരിച്ചാൽ  മൃതദേഹം നാട്ടിലെത്തിക്കുന്ന ചുമതല കെ.എസ്.എഫ്.ഇ ഏറ്റെടുക്കും.

എൽ.ഐ.സി.യുമായി ചേർന്ന് ഒരു പെൻഷൻ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. പ്രവാസികൾ മുക്ത്യാർവഴി ചുമതലപ്പെടുത്തിയാൽ അവരുടെ പ്രതിനിധിയായി നാട്ടിലുള്ളവർക്കും കുറിയിൽ ചേരാം. അവർക്ക് ലേലം വിളിക്കാനും തടസമുണ്ടാകില്ല.

https://pravasi.ksfe.com/ എന്ന വെബ്സൈറ്റ് വഴിയും കെ.എസ്.എഫ്.ഇയുടെ മൊബൈൽ ആപ്ളിക്കേഷൻ വഴിയും ചിട്ടിയിൽ രജിസ്റ്റർ ചെയ്യാം. ഇവയിലൂടെ ലോകത്തിന്റെ ഏതുഭാഗത്തിരുന്നും തവണകൾ അടയ്ക്കാനും ലേലത്തിൽ പങ്കെടുക്കാനുമാകും.

പൂർണസമയം പ്രവർത്തിക്കുന്ന കസ്റ്റമർ കെയർ സപ്പോർട്ട് നമ്പരിലൂടെ സംശയങ്ങൾ ദുരീകരിക്കാം. പ്രവാസിചിട്ടിക്ക് മൂന്ന് ഘട്ടങ്ങളായാണ് രജിസ്ട്രേഷൻ. ഒന്നാമത്തേത് ലീഡ് രജിസ്ട്രേഷനാണ്. ഈ ഘട്ടത്തിൽ പ്രവാസി ചിട്ടിയിൽ താൽപര്യമുള്ള ഏതൊരാൾക്കും പേര് രജിസ്റ്റർ ചെയ്യാം.  പേര്, രാജ്യം ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നേരിട്ട് കെഎസ്എഫ്ഇയുടെ ഹെൽപ് ലൈൻ ലിങ്കിൽ രേഖപ്പെടുത്താം. ഇത്തരത്തിൽ ലീഡ് രജിസ്റ്റർ ചെയ്യുന്നതുകൊണ്ട് ഒരു ബാധ്യതയും ഇടപാടുകാരനില്ല.

ചിട്ടിയെക്കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള താൽപര്യം പ്രകടിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. കസ്റ്റമർ രജിസ്ട്രേഷനാണ് രണ്ടാംഘട്ടം. ലീഡ് രജിസ്റ്റർ ചെയ്തവർക്ക് പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് വാലിഡിറ്റി ഡേറ്റ്, വീസ നമ്പർ, വീസ എക്സ്പൈറി ഡേറ്റ്, നാഷണൽ ഐഡി കാർഡ് നമ്പർ എന്നീ വിവരങ്ങളാണ് ചേർക്കേണ്ടത്. നോർക്കയുടെ സൈറ്റിൽ നിന്ന് നോർക്ക ഐഡി വിവരങ്ങൾ കൂടി നമ്മുടെ അപേക്ഷയിൽ ചേർക്കുന്നതോടെ പൂർണ കസ്റ്റമറായി രജിസ്റ്റർ ചെയ്യപ്പെടും.

രജിസ്ട്രേഷന്റെ മൂന്നാം ഘട്ടമാണ് സബ്സ്ക്രിപ്ഷൻ അഥവാ ചിട്ടി രജിസ്ട്രേഷൻ. ഈ ഘട്ടത്തിലാണ് കെവൈസി രേഖകൾ ലഭ്യമാക്കേണ്ടത്. ഏതു സീരിസിലെ എത്രാം നമ്പർ ചിട്ടിയിലാണ് ചേരുന്നത് എന്ന് അറിയിക്കണം. അതനുസരിച്ച് ആദ്യ മാസ ഗഡു അടയ്ക്കുന്നതോടെ സബ്സ്ക്രൈബർ ആയിക്കഴിയും. 

അതേസമയം, പ്രവാസിചിട്ടി നിയമവിധേയമല്ലെന്ന ആരോപണങ്ങളെ കേരളസർക്കാരും കെ.എസ്.എഫ്.ഇയും നോർക്കയും തള്ളിയിട്ടുണ്ട്. പ്രവാസിചിട്ടി വഴി സമാഹരിക്കുന്ന പണത്തി​െൻറ നീക്കിയിരിപ്പ് അഥവാ ഫ്ലോട്ട് തുക കിഫ്ബിയുടെ അടിസ്ഥാനസൌകര്യവികസന പദ്ധതികൾക്ക് ഉപയോഗിക്കും. പ്രവാസി ചിട്ടിയുടെ ദൈനംദിന നീക്കിയിരിപ്പ് കെ.എസ്​.എഫ്.ഇ കിഫ്ബിയുടെ ബോണ്ടുകളിൽ കരുതലാക്കും.

ഈ ബോണ്ടുകളുടെ ജാമ്യക്കാരൻ കേരള സർക്കാറാണ്. കിഫ്ബി ബോണ്ടുകളിൽനിന്ന് സ്വരൂപിക്കുന്ന തുകയാണ് വികസന പദ്ധതികൾക്ക്​ ചെലവിടുന്നത്. ചിട്ടിതുകയുടെ നീക്കിയിരിപ്പ് മാത്രമാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ ചിട്ടിയുടെ നടത്തിപ്പിന് പണമില്ലാത്ത അവസ്​ഥയുണ്ടാകില്ല. ചിട്ടിക്കായി കൂടുതൽ തുക വേണ്ടിവന്നാൽ നേരത്തേ സ്വരൂപിക്കപ്പെട്ട കിഫ്ബി ബോണ്ടുകളിൽ നിന്ന് തിരികെ എടുത്ത് ഉപയോഗിക്കാനുമാവും.

എല്ലാ നിയമവശങ്ങളും പരിശോധിച്ചശേഷമാണ് ഇക്കാര്യത്തിൽ നടത്തിപ്പുവശങ്ങളിലേക്ക് തിരിഞ്ഞത് എന്നു സർക്കാർ ഉറപ്പുതരുന്നു. അതേസമയം, പ്രവാസികൾക്കിടയിൽ ഉയരുന്ന സംശയങ്ങൾ പരിശോധിച്ച് ചിട്ടിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും ഉറപ്പുനൽകുന്നു.

യു.എ.ഇയിൽ നിലവിൽ പതിനായിരത്തോളം പേർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. സംശയങ്ങളുണ്ടെങ്കിലും അവയെല്ലാം പരിഹരിക്കാനാകുമെന്നും ചിട്ടിയിൽ വിശ്വാസമുണ്ടെന്നും രജസിറ്റർ ചെയ്തവർ പറയുന്നു.

യു.എ.ഇയിലെ പ്രവാസി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശേരിയാണ് ചിട്ടിയിൽ ആദ്യം പേര് റജിസ്റ്റർ ചെയ്തത്. യു.എ.ഇ അടക്കം വിവിധ സ്ഥലങ്ങളിൽ പ്രവാസിചിട്ടിക്കായി സംസ്ഥാനസർക്കാർ പ്രചാരണം നടത്തുന്നുണ്ട്.  ആദായകരവും വികസനപ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള അവസരവുമാണ് പൂർണമായും നിയമവിധേയമായ പ്രവാസിചിട്ടിയിലൂടെ സംസ്ഥാനസർക്കാർ ഉറപ്പുനൽകുന്നത്.