പ്രവാസികൾക്ക് വാതിൽ തുറന്നിട്ട് യുഎഇ

നിക്ഷേപകർക്കും വിദഗ്ദർക്കും വാതിൽ തുറന്നിട്ടു കൊണ്ട് വീസ ചട്ടങ്ങളിൽ മാറ്റം വരുത്തുകയാണ് യുഎഇ. വൻകിട നിക്ഷേപകർക്കും പ്രഫഷനലുകൾക്കും പത്തു വർഷത്തെ വീസ അനുവദിക്കാൻ യുഎഇ മന്ത്രിസഭ തീരുമാനമെടുത്തു കഴിഞ്ഞു.

യുഎഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിപ്ലവാത്മകമായ വീസ ചട്ട പരിഷ്കരണ നടപടികൾക്കാണ് ഭരണനേതൃത്വം തുടക്കമിട്ടിരിക്കുന്നത്. വൻകിട നിക്ഷേപകർക്കും പ്രഫഷനലുകൾക്കും പത്തു വർഷത്തെ ദീർഘകാല വീസയാണ് ഇതിൽ പ്രധാനം. ഡോക്ടർമാർ, എഞ്ചിനീയർമാർ, വിവിധ രംഗങ്ങളിൽ വൈവിധ്യമുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ ആനുകൂല്യം ലഭിക്കും. ഒപ്പം മികവു പുലർത്തുന്ന വിദ്യാർഥികൾക്കും ഈ ആനുകൂല്യം ലഭിക്കും. 

താമസവീസ മാനദണ്ഡങ്ങളിൽ സമഗ്രമായ മാറ്റത്തിനാണ് പുതിയ നയം വഴിവയ്ക്കുന്നത്. പുതിയ മാറ്റങ്ങൾ ഈ വർഷം മുതൽ പ്രാബല്യത്തിലാക്കും. പ്രഫഷനലുകളുടെയും നിക്ഷേപകരുടെയും കുടുംബങ്ങൾക്ക് കൂടി ദീർഘകാല വീസ അനുവദിക്കുന്നതോടെ, ഇത്തരക്കാർ കുടുംബസമേതം യുഎഇയിലേക്ക് കുടിയേറാനും അവസരമൊരുങ്ങുകകയാണ്. 

വൻകിട നിക്ഷേപകർക്ക്, നിക്ഷേപ പദ്ധതികളിൽ നൂറു ശതമാനം ഉടമസ്ഥാവകാശം നൽകാനുള്ള തീരുമാനം യുഎഇയിലേക്ക് വിദേശ നിക്ഷേപം ഒഴുകുന്നതിന് വഴി വയ്ക്കും. രാജ്യത്ത് നടപ്പിൽ വരാൻ പോകുന്ന പരിഷ്കാരങ്ങളുടെ തുടക്കം മാത്രമാണിതെന്നും നിരീക്ഷിക്കപ്പെടുന്നു.

നിലവിൽ ഫ്രീസോണുകളിൽ മാത്രമാണ് വിദേശികൾക്ക് പൂർണ ഉടമസ്ഥത അനുവദിക്കുന്നത്. മറ്റിടങ്ങളിൽ സ്വദേശിയ്ക്ക് 51 ശതമാനം വിദേശ നിക്ഷേപകന് 49 ശതമാനം എന്ന തോതിലാണ് ഉടമസ്ഥാവകാശം. രാജ്യാന്തര തലത്തിൽ തന്നെ വിദേശികൾക്ക് വൻതോതിൽ നിക്ഷേപം നടത്താൻ പുതിയ ഉത്തരവ് സഹായകമാകും.

മികച്ച രാജ്യാന്തര ബ്രാൻഡുകൾ വരുന്നതോടു കൂടി വിപണിയുടെ മൽസരക്ഷമത വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. എണ്ണ ഇതര സന്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന യുഎഇയ്ക്ക് ഏറെ കരുത്തേകുന്നതാണ് പുതിയ പരിഷ്കാരങ്ങൾ.