മരുഭൂമിയില്‍ പെരുമഴക്കാലം

മഴ നനയാനും കാണാനും ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും.. എന്നാൽ മഴ നനയാതെ മഴയിലൂടെ നടന്ന് മഴ ആസ്വദിക്കുന്ന അനുഭവം എങ്ങനെയുണ്ടാകും... അത്തരമൊരു അനുഭവം ഒരുക്കുകയാണ് ഷാർജ ആർട്ട് ഫൌണ്ടേഷൻ. ആ മഴക്കാഴ്ചയിലൂടെ തുടങ്ങാം ഇത്തവണ

കാലവര്‍ഷത്തിന്‍റെ പ്രതീതിയുളവാക്കി തുള്ളിക്കൊരു കുടം മഴ പെയ്യുകയാണ് ഷാര്‍ജയില്‍.  തിമിര്‍ത്ത് പെയ്യുന്ന മഴയിലൂടെ നടന്ന് ആസ്വദിക്കാം... സെല്‍ഫിയെടുക്കാം... മഴ നനയാതെ തന്നെ. 

പുറത്ത് ചുട്ടുപൊള്ളുന്ന കൊടും ചൂടിലും അകത്ത് കോരിച്ചൊരിയുന്ന പെരുമഴയാണ്. മഴ കാണാന്‍ എത്തുന്നവര്‍ക്ക് പുറത്തുനിന്നുതന്നെ ഇരമ്പല്‍ കേള്‍ക്കാം. അകത്തേക്ക് പ്രവേശിക്കുമ്പോള്‍ സ്വാഗതം ചെയ്യുന്നത് തുള്ളിക്കൊരു കുടം മഴ.  എന്നാല്‍പിന്നെ അല്‍പം മഴ നനഞ്ഞിട്ടുതന്നെ കാര്യം എന്നുറപ്പിച്ച് മുന്നോട്ടു നടന്നു. അതിഥിയെ സ്വാഗതം ചെയ്ത് മഴ വഴി മാറി. സന്ദര്‍ശകനെ നനയ്ക്കാതെ ചുറ്റും തിമിര്‍ത്തു പെയ്തു. 

1460 ചതുരശ്ര അടി വിസ്തൃതിയിലുള്ള മഴമുറി നൂത സാങ്കേതിക വിദ്യകളുടെ സങ്കേതമാണ്. മുറിക്ക് നടുവിലായി സജ്ജീകരിച്ച പാനലുകളിലെ സുഷിരങ്ങളിലൂടെയാണ് മഴ പെയ്യിക്കുന്നത്. സന്ദര്‍ശകന്‍റെ ചലനങ്ങള്‍ക്കനുസരിച്ച് സെന്‍സറുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തനം. സാംസ്കാരിക നഗരിയായ ഷാര്‍ജയിലെ  ആര്‍ട്ട് ഫൌണ്ടേഷനാണ് ലോകോത്തര സംവിധാനത്തിലൂടെ മഴ മുറി ഒരുക്കിയിരിക്കുന്നത്.

ഈ കാലവര്‍ഷ പ്രതീതിയൊരുക്കാന്‍ ചെലവാക്കുന്നത് 1200 ലീറ്റര്‍ ജലം മാത്രം. സ്വയം ശുചീകരിച്ച് ഈ ജലം വീണ്ടും ഉപയോഗിക്കുന്നു. മഴ ആസ്വദിക്കുന്നതോടൊപ്പം വെള്ളം സംരക്ഷിക്കുക എന്ന സന്ദേശവും ഇതോടൊപ്പമുണ്ട്. വല്ലപ്പോഴും മാത്രം കിട്ടുന്ന ചാറ്റല്‍ മഴയ്ക്ക് പകരം പെരുമഴ കണ്ട സന്തോഷമാണ് ഈ വാക്കുകളിൽ.

മഴയെന്ന് കേട്ട് ഇവിടെക്ക് ഓടിക്കയറാൻ പറ്റില്ല. ഒരേ സമയം ആറു പേര്‍ക്ക് മാത്രമേ പ്രവേശനമുള്ളൂ.  സാവധാനം മുന്നോട്ട് നീങ്ങിയാല്‍ തുള്ളി മഴ ദേഹത്ത് വീഴില്ല. കൈനീട്ടി നോക്കിയാലും മഴത്തുള്ളികള്‍ പിടി തരില്ല. സെല്‍ഫിയെടുക്കുന്നവരെയും മഴ അല്‍പം മാറിനിന്ന് പ്രോത്സാഹിപ്പിക്കുന്നു.

യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മഴ മുറി ഉദ്ഘാടനം ചെയ്തത്. ഷാര്‍ജ ആര്‍ട്ട് ഫൌണ്ടേഷനുവേണ്ടി ലണ്ടന്‍ ആസ്ഥാനമായുള്ള റാന്‍ഡം ഇന്‍റര്‍നാഷണലാണ് മഴ മുറി യാഥാര്‍ഥ്യമാക്കിയത്. മുതിര്‍ന്നവര്‍ക്ക് 25 ദിര്‍ഹവും കുട്ടികള്‍ക്കും 22 വയസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കും 15 ദിര്‍ഹവുമാണ് പ്രവേശന നിരക്ക്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൌജന്യം. പ്രവൃത്തി ദിനങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതു വരെയും വെള്ളിയാഴ്ചകളില്‍ വൈകിട്ട് നാലു മുതല്‍ രാത്രി പതിനൊന്നുവരെയുമാണ് പ്രവേശനം.