നല്ല സിനിമകളുടെ കൂട്ടുകാരൻ

നികേഷ് റാം. പ്രവാസി മലയാളിയായ ഈ ചലച്ചിത്രതാരത്തെ നമ്മൾ മലയാള സിനിമാ പ്രേമികൾക്ക് അത്ര പരിചയം കാണില്ല. പക്ഷേ തമിഴകത്ത് അങ്ങനെയെല്ല. തമിഴിൽ മികവുള്ള ഒരുപിടി സിനിമകൾ ചെയ്തു കഴിഞ്ഞിട്ടുണ്ട് നികേഷ്. നികേഷിൻറെ ആദ്യമലയാള സിനിമ ഈ മാസം തിയേറ്ററുകളിലെത്തുകയാണ്.

നല്ല സിനിമകളോടുള്ള സ്നേഹമാണ് നികേഷ് റാം. കച്ചവട ചേരുവകൾക്കപ്പുറം കാന്പും കഥയുമുള്ള സിനിമകൾക്കൊപ്പം നികേഷുണ്ടാകും. അഭിനേതാവായും നിർമാതാവായുമൊക്കെ. 

ദുബായിൽ ബിസിനസും തിരക്കുകളുമായി നടന്നിരുന്ന നികേഷ് റാം അവിചാരിതമായാണ് സിനിമ നിർമാതാവായത്. അതിലും അപ്രതീക്ഷിതമായാണ് നടനായി മാറിയതും. കോക്ടെയിലിൻറെ തമിഴ് പതിപ്പ് അതിഥിയിലൂടെയായിരുന്നു നികേഷിൻറെ അരങ്ങേറ്റം. മലയാളത്തിൽ ജയസൂര്യ ചെയ്ത കഥാപാത്രത്തെയാണ് തമിഴിൽ നികേഷ് അവതരിപ്പിച്ചത്.

നാലു വർഷത്തെ സിനിമാ ജീവിതത്തിനൊടുവിൽ തൻറെ ആദ്യ മലയാള ചിത്രവുമായി നികേഷ് എത്തുകയാണ്. ദേശീയ പുരസ്കാരം നേടിയ ബ്യാരി ഒരുക്കിയ സുവീരൻ സംവിധാനം ചെയ്യുന്ന മഴയത്ത് ആണ് നികേഷിൻറെ ആദ്യ മലയാള സിനിമ.

നികേഷും സുഹൃത്തുക്കളും ചേർന്നാണ് ഈ സിനിമ നിർമിച്ചിരിക്കുന്നതും. വെല്ലുവിളികൾ നിറഞ്ഞ വേഷമെന്നാണ് മഴയത്തിലെ കഥാപാത്രത്തെ നികേഷ് റാം വിശേഷിപ്പിക്കുന്നത്. ആദ്യമലയാള സിനിമ ഏറെ പ്രതീക്ഷയും സന്തോഷവും നൽകുന്നു. 

സിനിമയിലേക്കെത്തിയിട്ട് നാലു വർഷമായെങ്കിലും നികേഷ് ഇതുവരെ അഭിനയിച്ചത് ആറു സിനിമകളിൽ മാത്രമാണ്. തമിഴിലെയും മലയാളത്തിലെയും മികച്ച സംവിധായകരുടെ ചിത്രത്തിൽ അഭിനയിക്കാനായി എന്നതാണ് നികേഷിൻറെ ഏറ്റവും വലിയ സന്തോഷം. ഗൾഫിലായാലും നാട്ടിലായാലും സിനിമ വലിയ അവസരങ്ങൾ തുറന്നിടുന്നുണ്ടെന്നാണ് നികേഷിൻറെ നിരീക്ഷണം.

വലിയ സിനിമാ മോഹങ്ങളൊന്നും നികേഷിനില്ല. ബിസിനസ് തിരക്കുകൾക്കിടയിൽ സിനിമയ്ക്കായി മാറ്റി വയ്ക്കാൻ സമയം കുറവാണെന്നതു തന്നെ കാരണം. പക്ഷേ നല്ല വേഷം കിട്ടിയാൽ എത്ര തിരക്കായാലും അഭിനയിക്കാൻ തയാർ. കഥയും കാന്പുമുള്ള സിനിമകളെ സ്നേഹിച്ച്, നല്ല സിനിമകൾ തേടിയുള്ള യാത്രയാണ് നികേഷിന് തൻറെ സിനിമാ ജീവിതം. ആ ഇഷ്ടത്തിന് അതിരുകളില്ല.