വിസ്മയിക്കാനൊരു മാന്ത്രികയാത്ര

ഒരു തടാകം നിറയെ വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്നതായിരുന്നു ഖത്തറിലെ ആസ്പയർ തടാകോൽസവം. മാന്ത്രിക യാത്ര എന്നു പേരിട്ട തടാകോൽസവത്തിലെ കലാവിരുന്നിൻറെ നിറമാർന്ന കാഴ്ചകളാണ് ഇനി.

കാഴ്ചയുടെ പുതിയ അനുഭവങ്ങളായിരുന്നു ഖത്തർ ആസ്പയർ പാർക്കിലെ തടാകോൽസവം. ഇതുവരെ കാണാത്ത ദൃശ്യാനുഭവത്തിലൂടെ ഒരു മാന്ത്രിക യാത്രയാണ് തടാകോൽസവം ആസ്വാദകർക്ക് സമ്മാനിച്ചത്, മാന്ത്രികയാത്ര എന്ന പേരിലാണ് തടാകോൽസവത്തിലെ കലാവിരുന്ന് ഒരുക്കിയത്. ഒരു കുട്ടിയുടെ സന്തോഷം തേടിയുള്ള യാത്രയാണു ‘മാന്ത്രിക യാത്ര’

വിവിധ ലോക രാജ്യങ്ങൾ കടന്ന് കുട്ടി ഖത്തറിലെത്തുന്നതും, അവിടെ സന്തോഷം കണ്ടെത്തുന്നതുമാണ് ഇതിവൃത്തം. യാത്രയ്ക്കിടയിൽ കുട്ടിക്കു കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ദൃശ്യാവിഷ്കാരമായി ഒരുക്കിയിരിക്കുന്നത്. അസ്പയർ പാർക്കിലെ തടാകം മുഴുവൻ വേദിയായി മാറി. ഒഴുകി നടക്കുന്ന വഞ്ചികളിൽ മെയ് വഴക്കത്തോടെ കലാകരൻമാർ വിസ്മയ കാഴ്ചകളൊരുക്കി. മേന്പൊടിയായി കരിമരുന്നു പ്രയോഗവും ലൈറ്റ് ആൻഡ് സൌണ്ട് ഷോയും.

അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നുള്ള വൈവിധ്യം നിറഞ്ഞ സംഗീതവും തടാകോൽസവത്തിൻറെ മാറ്റു കൂട്ടി. ചൈനീസ്, ആഫ്രിക്കൻ, അറബ്, പാശ്ചാത്യ, പൌരസ്ത്യ സംഗീതങ്ങളുടെ ഫ്യൂഷൻ കൂടിയാണ് ‘മാന്ത്രിക യാത്ര’. ഫ്രഞ്ചുകാരനായ ക്രിസ്തോഫ് ബെർതൊനോയാണു തടാകോൽസവം രൂപകൽപന ചെയ്തത്. അര മണിക്കൂർ നീണ്ടു നിന്ന ദൃശ്യവിരുന്നിൽ 40 വിദഗ്ദ കലാകാരൻമാർ അണിനിരന്നു.

ഇരുപതിനായിരത്തോളം പേരാണു തടാകോൽസവം കാണാനായി ആസ്പയർ പാർക്കിലേക്കെത്തിയത്. ഖത്തറിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തടാകോൽസവം ഒരുക്കിയത്.