ഗൾഫുകാരുടെ കുട്ടൻപിള്ള

ഒരു സിനിമാ വിശേഷവുമായി തുടങ്ങാം നമുക്ക്. പ്രവാസ ലോകത്തിൻറെ കൂട്ടായ്മയിൽ ഒരു മലയാള സിനിമ കൂടെ. ദുബായ് മലയാളിയായ ജോൺ സംവിധാനം ചെയ്യുന്ന കുട്ടൻ പിള്ളയുടെ ശിവരാത്രിയിൽ മുപ്പതിനധികം പ്രവാസി മലയാളികളാണ് അഭിനയിക്കുന്നത്.

ഇത് ഗൾഫുകാരുടെ സിനിമയാണ്.. പക്ഷേ ഗൾഫുകാരൻറെ കഥയല്ല. ഗൾഫുകാരനായപ്പോൾ പുറകിലുപേക്ഷിച്ച് പോരേണ്ടി വന്ന സ്വന്തം നാടിൻറെ കഥകളും കാഴ്ചകളുമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി.

പ്ലാച്ചോട്ടിൽ കുട്ടൻപിള്ളയെന്ന പൊലീസുകാരൻറെ കുടുംബത്തിൻറെ കഥയാണ് ഈ സിനിമ പറയുന്നത്. പ്ലാച്ചോട്ടിൽ കുട്ടൻപിള്ളയായി സുരാജ് വെഞ്ഞാറമൂടാണ് അഭിനയിക്കുന്നത്. ദുബായ് മലയാളിയായ ജീൻ മാർക്കോസിൻറെ രണ്ടാമത്തെ സിനിമയാണ് കുട്ടൻപിള്ളയുടെ ശിവരാത്രി.

മുപ്പത്തിയഞ്ചോളം പ്രവാസികളാണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. ഗൾഫിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം പേരിൽ നിന്നാണ് ഈ ചിത്രത്തിലേക്ക് അഭിനേതാക്കളെ കണ്ടെത്തിയത്.

ഗൾഫിൽ നിന്നുള്ളവരുടെ സൌകര്യം കൂടി കണക്കിലെടുത്ത് ജൂൺ മാസത്തിലായിരുന്നു പ്രധാനമായും സിനിമയുടെ ചിത്രീകരണം. ചിത്രീകരണത്തിന് മുന്പ് ഒരു മാസത്തോളം നീണ്ട ഒരു ക്യാംപും സംഘടിപ്പിച്ചിരുന്നു. ദുബായ് മലയാളിയായ ആശ ശ്രീകാന്താണ് ഈ സിനിമയിലെ നായിക.  കുട്ടൻപിള്ളയുടെ ഭാര്യ എസ്ഐ ശകുന്തളയായാണ് ആശ സ്ക്രീനിലെത്തുന്നത്.

ഒരു കുടുംബകഥ പറയുന്ന സിനിമ ആയതുകൊണ്ട് തന്നെ ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെ തന്നെയാണ് ചിത്രീകരണത്തിന് ശേഷവും ഈ സിനിമയിലെ താരങ്ങൾ. ദുബായിൽ നിന്നുള്ള കരിഷ്മയാണ് ഈ സിനിമയിലെ മലയാളി അല്ലാത്ത ഏക വ്യക്തി.

സുരാജ് വെഞ്ഞാറമൂടിനെ പോലുള്ള മികച്ച താരങ്ങൾക്ക് ഒപ്പം അഭിനയിക്കാനായത് വലിയ ഒരു അവസരമായാണ് ഈ പ്രവാസി താരങ്ങൾ കാണുന്നത്. ഒപ്പം ഇതൊരു നല്ല തുടക്കമാകുമെന്ന പ്രതീക്ഷയും. നാട്ടിലെ തറവാട്ടിൽ ഒരു അവധിക്കാലം ആഘോഷിച്ച ആവേശമായിരുന്നു സിനിമയിലഭിനയിച്ച കുട്ടിത്താരങ്ങൾക്ക്.

മലയാള സിനിമയിൽ ഇപ്പോൾ കാണാതായി കൊണ്ടിരിക്കുന്ന ചില കാഴ്ചാനുഭവങ്ങൾ തിരിച്ചു കൊണ്ടുവരുന്ന സിനിമ കൂടിയാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി. ചിത്രം ഇറങ്ങും മുന്പ് തന്നെ ഇതിലെ ചക്കപ്പാട്ട് തരംഗമായിക്കഴിഞ്ഞു. ഗായിക സയനോരയെ ആദ്യമായി സംഗീത സംവിധായികയായി അവതരിപ്പിക്കുന്ന ചിത്രവും കുട്ടൻപിള്ളയുടെ ശിവരാത്രിയാണ്. സംവിധായകനു പുറമേ നിർമാതാവ് റെജി നന്ദകുമാർ തിരക്കഥാകൃത്ത് ജോസ്ലിൻ, എഡിറ്റർ ഷിബിഷ് കെ ചന്ദ്രൻ എന്നിവരും ഗൾഫ് മലയാളികൾ തന്നെ. 

ഈ വിഷുക്കാലത്തെത്തുന്ന കുട്ടൻപിള്ളയുടെ ശിവരാത്രി പ്രവാസികളായ ഒരുപാട് പേരുടെ പ്രതീക്ഷയും സ്വപ്നവുമാണ്. സിനിമ സ്വപ്നം കാണുന്ന പ്രവാസികൾക്ക് ഒരു വാതിൽ തുറക്കുക തന്നെയാണ് കുട്ടൻപിള്ള.