ചരിത്രമുറങ്ങുന്ന മലീഹ

ഇന്ന് നമുക്ക് ഒരു യാത്രപോകാം. മലീഹയെന്ന പൌരാണിക ഭൂമിയിലേക്ക്. പ്രവാസത്തിൻറെ ആദിമ ഭൂമിയാണ് മലീഹ. ഒന്നര ലക്ഷം വർഷം മുന്പേ മനുഷ്യൻ ജീവിച്ച ഭൂമിയാണിത്. അറിവും വിനോദവും സാഹസികതയും എല്ലാ സമ്മാനിക്കുന്ന മലീഹയുടെ കാഴ്ചകൾ കാണാം.

മലീഹയിലെ മലകൾക്കും മരുഭൂമികൾക്കും ഒരുപാട് കഥകൾ പറയാനുണ്ട്. കാക്കത്തൊള്ളായിരം കഥകൾ ഒളിച്ചു കിടക്കുന്നുണ്ട് ഈ മണൽക്കുന്നുകളിലും പാറക്കെട്ടുകളിലും. ആദിമ പ്രവാസത്തിൻറെ കഥകൾ, സംസ്കാരങ്ങൾ ഉദിച്ചുയരുകയും അസ്തമിച്ചൊടുങ്ങുകയും ചെയ്ത ചരിത്രങ്ങൾ... ആ ചരിത്രകഥകളുടെ ശേഷിപ്പുകൾ നിറയെ കാണാം മലീഹയിൽ.

അറിവും വിനോദവും സാഹസികതയും വിശ്രാന്തിയും എല്ലാം നൽകുന്ന ഒരു സഞ്ചാര കേന്ദ്രമാണ് മലീഹ. സാഹസികർക്കും ചരിത്രാന്വേഷികൾക്കും സഞ്ചാരികൾക്കും എല്ലാം ഇവിടേക്ക് വരാം. കാഴ്ചയുടെയും അനുഭവങ്ങളുടെയും അക്ഷയ ഖനിയാണ് മലീഹ കാത്തുവച്ചിരിക്കുന്നത്.

ഷാർജ നഗരത്തിൽ നിന്ന് അന്പത് കിലോമീറ്റർ അകലെയാണ് മലീഹയെന്ന പൌരാണിക ഭൂമി. പോയ കാലത്തെ ജനസംസ്കൃതികളുടെ ശേഷിപ്പുകൾ ഈ മരുഭൂമിയിലും മലയിടുക്കുകളിലും നിറയെ ഉണ്ട്. 1.35 ലക്ഷം വർഷം മുന്പ് മലീഹയിൽ മനുഷ്യവാസം ഉണ്ടായിരുന്നു എന്നതിൻറെ തെളിവുകൾ ആരെയും വിസ്മയിപ്പിക്കും. അക്കാലത്തെ മനുഷ്യർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ മലീഹ ആർക്കിയോളജിക്കൽ സെൻററിൽ കാണാം.

ആദിമ മനുഷ്യസമൂഹം ജീവിച്ച ഗുഹകളും പാറക്കെട്ടുകളും ഇന്നും മലീഹയിലുണ്ട്. അന്ന് വരണ്ടുണങ്ങിയ മരുഭൂമിയായിരുന്നില്ല മലീഹ. ജലസമൃദ്ധമായിരുന്ന മലീഹയിലാണ് ആദിമ മനുഷ്യനും വേരു പിടിച്ചത്. കാലം മലീഹയെ മരുഭൂമിയാക്കിയെങ്കിലും പഴയ കാലത്തിൻറെ ഓർമകളിൽ തളിർത്തു നിൽക്കുന്ന പച്ചപ്പുകളുണ്ട് ഈ മരുഭൂമിയിൽ.

പതിനായിരം വർഷം മുന്പ് ജീവിച്ച ജനസമൂഹത്തിൻറെ തെളിവുകളും മലീഹയിലുണ്ട്. എ.ഡി.350 വരെ മലീഹയിൽ മനുഷ്യവാസമുണ്ടായിരുന്നു. അക്കാലത്തെ കൊട്ടാരവും കോട്ടയും കല്ലറകളും ഇന്ന് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. ഒപ്പം പഴയകാലത്തെ ശവക്കല്ലറകളും. 

മലീഹയിൽ നിന്ന് കണ്ടെടുത്ത പല കാലഘട്ടങ്ങളിലെ ചരിത്രശേഷിപ്പുകളുടെ കാഴ്ചകളുണ്ട് ആർക്കിയോളജിക്കൽ സെൻററിൽ. പാലിയോലിത്തിക് കാലഘട്ടം മുതൽ പ്രീ ഇസ്ലാമിക് കാലഘട്ടം വരെയുള്ള ശേഷിപ്പുകളാണ് ഇവിടെ സംരക്ഷിച്ചിട്ടുള്ളത്.

പൌരാണിക കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ നമുക്ക് മരൂഭൂമിയിലെ കാഴ്ചകളിലേക്ക് നീങ്ങാം. സാഹസികതയാണ് ഈ യാത്രയുടെ ആവേശം. ചുവന്ന മരുഭൂമിക്ക് നടുവിൽ ഉയർന്നു നിൽക്കുന്ന ഫോസിൽ റോക്ക് എന്ന വിസ്മയം ആണ് ഇവിടുത്തെ കാഴ്ച. ഫോസിലുകൾ നിറഞ്ഞു നിൽക്കുന്ന ഒരു പാറക്കെട്ട്. ഒരുകാലത്ത് ഈ ഭൂവിഭാഗം കടാലണെന്ന് സാക്ഷ്യപ്പെടുത്തുന്ന കടൽജീവികളുടെ ഫോസിലുകളാണ് ഈ പാറ നിറയെ.

ഇനിയുള്ളത് ക്യാമൽ റോക്ക് ആണ്. മരുഭൂമിക്ക് നടുവിൽ ഒരു ഒട്ടകം വിശ്രമിക്കുന്നതാണെന്ന് തോന്നും ആദ്യകാഴ്ചയിൽ ക്യാമൽ റോക്ക്. മലീഹയിലെ ഏറ്റവും വലിയ മണൽക്കുന്നായ ജബൽ ഫയയിലേക്ക് വാഹനം ഓടിച്ചു കയറ്റി സാഹസികതയെ അതിൻറെ പൂർണതയിൽ ആസ്വദിക്കുകയുമാകാം. ഒപ്പം ഒരിക്കലും മറക്കാത്ത ഒരു സൂര്യസ്തമയവും.

പക്ഷേ മലീഹ സമ്മാനിക്കുന്ന അനുഭവങ്ങൾ ഇവിടെ തീരുന്നില്ല. മലനിരകളുടെ നിഴലിൽ മരുഭൂമിയിൽ, തീവെട്ടികളുടെ വെളിച്ചത്തിൽ അറബിക് സംഗീതമാസ്വദിച്ച് ഒരു അത്താഴം കൂടി ആയാലോ... ഒരു സായാഹ്നം മനോഹരമാകാൻ ഇതിൽപരം എന്തുവേണം. ഇനിയും മതിയായില്ലെങ്കിൽ മണൽതരികളോട് സംസാരിച്ച് ചരിത്രമുറങ്ങുന്ന മലീഹയുടെ മണ്ണിൽ നക്ഷത്രങ്ങളെ സാക്ഷിയാക്കി ഒരു രാത്രി ഉറങ്ങുകയുമാകാം.

രണ്ടു വർഷം കൊണ്ട് തന്നെ യുഎഇയിലെ ഏറ്റവും പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായി മലീഹ വളർന്നു കഴിഞ്ഞു. മലീഹ ആർക്കിയോളജിക്കൽ സെൻറർ കേന്ദ്രീകരിച്ച് ഷുറൂഖ് ആണ് സഞ്ചാരികൾക്ക് ആവശ്യമായ സൌകര്യങ്ങളൊരുക്കുന്നത്.