കലയുടെ ഭാരതോൽസവം

ഇന്ത്യൻ കലകളുടെ നിറച്ചാർത്തിൽ നിറഞ്ഞു നിൽക്കുകയാണ് അബുദാബിയിലെ സാംസ്കാരികോൽസവം. ഒരു മാസം നീണ്ടു നിൽക്കുന്ന അബുദാബി ഫെസ്റ്റിവലിൽ നിറഞ്ഞു നിൽക്കുന്നത് ഇന്ത്യയുടെ കലാസാംസ്കാരിക വൈവിധ്യമാണ്. ഇത്തവണത്തെ സാംസ്കാരികോൽസവത്തിലെ അതിഥി രാജ്യമാണ് ഇന്ത്യ. 

ഇന്ത്യയുടെ അഴകും മുഖവുമായിരുന്നു പതിനഞ്ചാമത് അബുദാബി ഫെസ്റ്റിവലിന്. എമിറേറ്റ്സ് പാലസ് ഓഡിറ്റോറിയത്തിലെ ഉദ്ഘാടന വേദിയില്‍ നിറഞ്ഞുനിന്നത് ഇന്ത്യൻ കലാരൂപങ്ങൾ.  മർച്ചന്‍റ്സ് ഓഫ് ബോളിവുഡ് എന്ന പരിപാടിയോടെയായിരുന്നു തുടക്കം. മുപ്പത് രാജ്യങ്ങളിൽനിന്നുള്ള അഞ്ഞൂറിലേറെ കലാകാരന്മാരും നാല്‍പതോളം സംഗീതജ്ഞരും അണിനിരക്കുന്ന സാംസ്കാരിക ഉത്സവത്തിലാണ് ഇന്ത്യന്‍ കലാപ്രകടനങ്ങള്‍ അരങ്ങേറിയത്.

തനുശ്രീ ശങ്കർ ഡാൻസ് അക്കാദമിയുടെ വീ ദി ലിവിംഗ് എന്ന നൃത്ത സംഗീത പരിപാടിയായിരുന്നു ഇതിലൊന്ന്. സരോദില്‍ നാദവിസ്മയം തീര്‍ക്കുന്ന ഉസ്താദ് അംജദ് അലി ഖാന്‍റെയും രഘു ദീക്ഷിത് പ്രൊജക്സ്റ്റിന്‍റെയും സംഗീത പരിപാടി ആസ്വാദകരെ ചേര്‍ത്തുനിര്‍ത്തും.

ഇതിനുപുറമെ നാടൻകല, ആധുനിക ബാലേ, സമകാലിക നൃത്തരൂപങ്ങൾ, കാലിഗ്രഫി പ്രദർശനം, ലോക പ്രശസ്ത ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനം എന്നിവ അരങ്ങേറും. യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാന്‍റെ രക്ഷാകർതൃത്വത്തിലാണ് ഉത്സവം നടക്കുന്നത്.

മറുനാട്ടുകാര്‍ക്ക് ഇന്ത്യൻ സംസ്കാരത്തെ ആസ്വദിക്കാനും അടുത്തറിയാനുമുള്ള അവസരവും ഇതിലൂടെ ലഭിക്കുന്നു.