കടല്‍ കടന്നെത്തിയ നന്മ

മനുഷ്യൻറെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് വസ്ത്രം. പക്ഷേ ഒരു നല്ല വസ്ത്രം പലപ്പോഴും പലർക്കും സ്വപ്നം മാത്രമാണ്. സമൂഹത്തിൻറെ താഴേക്കിടയിൽ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന അത്തരക്കാർക്ക്, നല്ല വസ്തത്രങ്ങളുമായെത്തുകയാണ് ഫാസിൽ മുസ്തഫ എന്ന പ്രവാസി മലയാളി. ക്ലോത്ത് ബാങ്ക് എന്ന വലിയ ആശയത്തിലൂടെ.

ഒരു നല്ല വസ്ത്രം, ആർഭാടവും സ്വപ്നവുമായി കരുതുന്നവർക്ക്  അരികിലേക്കാണ് യുഎഇയില്‍നിന്ന് നന്മയുടെ കാരുണ്യപ്പെട്ടി എത്തുന്നത്. പുതിയതും ഉപയോഗിച്ചതുമായ വസ്ത്രം ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുന്ന ആശയമാണിത്. ഇതിലേക്ക് പ്രേരകമായതാകട്ടെ യുഎഇയിലെ ക്ലോത് ബാങ്ക് എന്ന ആശയവും.

തിരുവനന്തപുരം പൂജപ്പുര പരീക്ഷാഭവന് മുന്നിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സംസ്ഥാനത്തെ ആദ്യ വസ്ത്രബാങ്ക് സ്ഥാപിച്ചത്. ഈ ആശയത്തെ പൊതുസമൂഹം ഇരു കൈയ്യും നീട്ടി സ്വീകരിച്ചതോടെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഫാസിൽ ഉറപ്പിച്ചു. സന്മനസുള്ളവരുടെ സഹായത്തോടെ മലപ്പുറം പെരുമ്പടപ്പിലും വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലും വസ്ത്രപ്പെട്ടി സ്ഥാപിച്ചു. സുൽത്താൻ ബത്തേരി സ്കൂളിൽ ആയിരത്തോളം കുട്ടികളും പദ്ധതിയ്ക്ക് പിന്തുണയുമായെത്തി

ഫാ. ഡോ. ഡേവിഡ് ചിറമേലിനെ പോലുള്ള സാമൂഹ്യ പ്രവർത്തകരും പദ്ധതിക്ക് പിന്തുണയുമായെത്തി. കെഎംസസി പോലുള്ള പ്രവാസി സംഘടനകളും പദ്ധതിക്ക് ഒപ്പം ചേർന്നു.  ക്ലോത് ബാങ്ക് വഴി ശേഖരിക്കുന്ന വസ്ത്രങ്ങള്‍ ആദിവാസി കോളനികളിലും വൃദ്ധ സദനങ്ങളിലും പ്രദേശത്തെ പാവപ്പെട്ടവര്‍ക്കുമാണ് നൽകുക. വസ്ത്രം ഏറ്റുവാങ്ങുന്നവരുടെ സന്തോഷമാണ് മുന്നോട്ടുള്ള പ്രയാണത്തിനുള്ള ഊര്‍ജം.

കേരളത്തിൻറെ കൂടുതൽ പ്രദേശങ്ങളിൽ വസ്ത്രപ്പെട്ടി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. അതത് പ്രദേശത്ത് സന്മനസുള്ളവരെ കണ്ടെത്തി പദ്ധതിയുടെ ചുമതല ഏല്‍പ്പിക്കുകയാണ് ചെയ്തുവരുന്നത്. 

സര്‍ക്കാരിന്‍റെയും സാമൂഹ്യ പ്രസ്ഥാനങ്ങളുടെയും പിന്തുണയുണ്ടെങ്കില്‍ സംസ്ഥാനമൊട്ടുക്കും വസ്ത്രബാങ്ക് ശൃംഖല സ്ഥാപിക്കാനാവും എന്നാണ് ഫാസിലിന്‍റെയും സംഘത്തിന്‍റെയും കണക്കുകൂട്ടല്‍. പദ്ധതിയുടെ ഏകോപനവും വിതരണവുമാണ് പ്രധാന വെല്ലുവിളി. കുടുംബശ്രീ പോലുള്ള കൂട്ടായ്മകളുമായി കൈകോർക്കാനായാൽ വേഗത്തില്‍ ലക്ഷ്യം സാക്ഷാത്കരിക്കാം എന്നാണ് പ്രതീക്ഷ. പക്ഷേ പലയിടത്തും സാമൂഹ്യ വിരുദ്ധർ വസ്ത്രബാങ്കുകൾക്ക് നേരെ ആക്രമണം നടത്തുന്നത് പ്രതിസന്ധിയാകുന്നുണ്ട്. 

ക്ലോത്ത് ബാങ്ക് പദ്ധതിയുമായി സഹകരിക്കാൻ മനസുള്ള എല്ലാവരെയും ഫാസിലും സുഹൃത്തുക്കളും ഈ ദൌത്യത്തിലേക്ക് സ്വാഗതം ചെയ്യുന്നു. സമൂഹത്തിലെ പാവപ്പെട്ടവരുടെ ജീവിതത്തിൽ ഒരു നല്ല മാറ്റമാണ് ഇവരുടെ പ്രതീക്ഷ.