വുമൺ ഓഫ് ദ മാച്ച്

ക്രിക്കറ്റ് കളിച്ച് ജയിച്ച പെണ്ണിൻറെ കഥയാണ് ഷിനി സുനീറയുടേത്. രാജ്യാന്തരതലത്തിൽ ക്രിക്കറ്റ് ഗ്രൌണ്ടിലിറങ്ങിയ ഏക മലയാളി വനിതയാണ് ഷിനി സുനീറ. യുഎഇ ദേശീയ ടീമിനു വേണ്ടിയാണ് ഷിനി ബാറ്റെടുത്തത്. 

മലപ്പുറംകാരെല്ലാം ഫുട്ബോളിനെ സ്നേഹിച്ചപ്പോൾ വഴി മാറി നടന്ന് ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ പെൺകുട്ടിയാണ് ഷിനി സുനീറ. വഴി മാറിയുള്ള ഷിനിയുടെ ആ യാത്ര യുഎഇയുടെ രാജ്യാന്തര ക്രിക്കറ്റ് ടീമിൽ വരെ എത്തി. രാജ്യാന്തര തലത്തിൽ കളിച്ച ഏക വനിതാ മലയാളി താരം. 

ബാറ്റിങും ബോളിങ്ങും ഓപ്പൺ ചെയ്യുന്ന എണ്ണം പറഞ്ഞ ഓൾ റൌണ്ടറാണ് ഷിനി സുനീറ. പെൺകുട്ടികൾ ക്രിക്കറ്റ് കളിയെ കുറിച്ച് ചിന്തിച്ച് തുടങ്ങും മുന്പേ ബാറ്റും ബോളുമായി പിച്ചിലിറങ്ങിയിരുന്നു ഷിനി സുനീറ. ഒപ്പം കളിക്കാൻ പെൺകുട്ടികളില്ലാത്തതിനാൽ ആൺകുട്ടികൾക്കൊപ്പമായി പരിശീലനം. .

ഉന്നത പഠനത്തിന് ലണ്ടനിലെത്തിയതോടെ കളി മാറി. പ്രമുഖ കൌണ്ടി ടീമായ മിഡിൽസെക്സിൻറെ വനിതാ ടീമിൽ ഇടം നേടി. ജോലിയുടെ ഭാഗമായി ലണ്ടനിൽ നിന്ന് ദുബായിലെത്തിയപ്പോളാണ് യുഎഇ ടീമിൽ ഇടം കിട്ടിയത്. 

വനിതാ ക്രിക്കറ്റിന് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യത ഏറെ പ്രതീക്ഷ പകരുന്നുണ്ട് ഷിനി സുനീറയെ പോലുള്ളവർക്ക്. ക്രിക്കറ്റിൽ മാത്രമല്ല, കായികമേഖലയിൽ തന്നെ ഒരു ഓൾറൌണ്ടറാണ് ഷിനി സുനീറ. ഫുട്ബോളിലും ഹോക്കിയിലും സോഫ്റ്റ് ബോളിലും സർവകലാശാല തലത്തിൽ കളിച്ചിട്ടുള്ള ഇവർ മികച്ച റഗ്ബി താരവുമാണ്

രാജ്യാന്തര തലത്തിലെ ഏക ക്രിക്കറ്റ് ദന്പതികളെന്ന കൌതുകവും ഷിനിയുടെ ജീവിതത്തിലുണ്ട്. കുവൈത്ത് ക്രിക്കറ്റ് ടീം അംഗമായ കിഷോറാണ് ഷിനി സുനീറയുടെ ഭർത്താവ്.