തെയ്യക്കാഴ്ചകളുമായി തിരുവപ്പന മഹോൽസവം

പ്രവാസി മലയാളികളുടെ മനസില്‍ തെയ്യക്കാലത്തിന്‍റെ ഓര്‍മകള്‍ നിറച്ച് അജ്മാനിൽ മുത്തപ്പന്‍ തിരുവപ്പന ഉല്‍സവം അരങ്ങേറി. വിശ്വാസത്തിന്‍റെ ഭക്തിയുടെയും നിമിഷങ്ങള്‍ക്കൊപ്പം കേരളത്തിന്‍റെ സാംസ്കാരിക പാരന്പര്യത്തിന്‍റെ വിളിച്ചു ചൊല്ലല്‍ കൂടിയായിരുന്നു മുത്തപ്പന്‍ തിരുവപ്പന ഉല്‍സവം.

മലബാറില്‍ നിന്നുള്ള പ്രവാസികളുടെ മനസിലെ ഏറ്റവും ഗൃഹാതുരസ്മരണയാണ് തെയ്യക്കാലം. പ്രത്യേകിച്ച് മുത്തപ്പന്‍ വെള്ളാട്ടവും തിരുവപ്പനയും. പറശിനിക്കടവിലെ മുത്തപ്പന്‍ ക്ഷേത്രമായി മാറുകയായിരുന്നു മുത്തപ്പന്‍ തിരുവപ്പന നടന്ന സമയം അജ്മാൻ ഇന്ത്യൻ അസോസിയഷനും പരിസരവും. ആയിരങ്ങളാണ് മുത്തപ്പന്‍റെ അനുഗ്രഹം തേടി തിരുവപ്പന മഹോല്‍സവത്തിനെത്തിയത്. 

കണ്ണൂര്‍ ജില്ലയിലെ എരുവേഗി ഗ്രാമത്തിലാണ് മുത്തപ്പന്‍റെ കഥ തുടങ്ങുന്നത്. ശിവഭക്തരായ അയ്യങ്കര വാഴുന്നോരും പത്നി പാടിക്കുറ്റി അന്തര്‍ജനത്തിനും എരുവേഗിപ്പുഴയുടെ തീരത്തെ തിരുനെറ്റിക്കല്ലില്‍നിന്ന് ലഭിച്ച ബാലനാണ് പിന്നീട് പറശ്ശിനിക്കടവില്‍ വാഴുന്ന മുത്തപ്പനായതെന്നാണ് സങ്കല്‍പം. 

ഈശ്വരനും വിശ്വാസിയും തമ്മിലുള്ള പ്രതീകാത്മക മുഖാമുഖമാണ് മുത്തപ്പന്‍ ആരാധനയുടെ അന്തസത്ത. വിശ്വാസിയുടെ മനസറിഞ്ഞ് പരിഹാരം നിർദേശിക്കുന്ന ദൈവമാണത്രേ മുത്തപ്പൻ

മുത്തപ്പന്‍റെ ദൈവീക രൂപങ്ങളായിട്ടാണ് വെള്ളാട്ടവും തിരുവപ്പനയും അറിയപ്പെടുന്നത്. വിഷ്ണു സ്വരൂപമാണ് തിരുവപ്പന. വെള്ളാട്ടമാകട്ടെ ശിവ രൂപവും. കീഴാളരുടെ ദൈവമായി അവതരിച്ച മുത്തപ്പന്‍ പിന്നീട് ജാതിമത ഭേദമന്യെ എല്ലാവരുടെയും ആശ്രയകേന്ദ്രമാവുകയായിരുന്നു.

ഗുളികന് കലശംവെപ്പ്, മലിറക്കല്‍ ചടങ്ങ്, കലശം എഴുന്നള്ളത്ത്, കളിക്കപ്പാട്ട്, മഹാഗണപതി ഹോമം, തിരുവപ്പന വെള്ളാട്ടം, ദര്‍ശനം, തിരുമുടി അഴിക്കല്‍ എന്നിവയ്ക്കുശേഷം മലകയറ്റത്തോടെ കര്‍മങ്ങള്‍ക്ക് സമാപനമായി. ഇതോടനുബന്ധിച്ച് ചോറൂണും എഴുത്തിനിരുത്തല്‍ ചടങ്ങുമുണ്ടായിരുന്നു. തുടര്‍ച്ചയായ  പത്താം വര്‍ഷമാണ് മുത്തപ്പന്‍ തിരുവപ്പന മഹോല്‍സവം സംഘടിപ്പിക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടന്ന ഉല്‍സവത്തിന് ജിസിസി രാജ്യങ്ങളില്‍നിന്നുള്‍പെടെ പതിനയ്യായിരത്തിലധികം പേരാണ് എത്തിയത്