വിസ്മയമായി മിറക്കിൾ മിക്കി

ദുബായിൽ കുറിക്കപ്പെട്ട മറ്റൊരു ലോക റെക്കോർഡിൻറെ കഥയാണിനി. ലോകത്തിലെ ഏറ്റവും ഉയരമുള്ള പുഷ്പ ശിൽപം ഇനി ദുബായ്ക്ക് സ്വന്തമാണ്. മിറക്കിൾ ഗർഡനിലാണ് ഈ വിസ്മയ ശിൽപമുള്ളത്. 

വിസ്മയങ്ങളവസാനിക്കാത്ത നഗരമാണ് ദുബായ്. എന്നും പുതിയ പുതിയ വിസ്മയാനുഭവങ്ങളും അദ്ഭുത കാഴ്ചകളും ഈ നഗരം ലോകത്തിന് സമ്മാനിച്ചു കൊണ്ടേ ഇരിക്കുന്നു. ആ കാഴ്ചകളിലെ പുതു വിശേഷമാണ് ദുബായ് മിറക്കിൾ ഗാർഡനിലെ മിക്കി മൌസിൻറെ പുഷ്പശിൽപം.

ലോകത്തിലെ ഏറ്റവും വലിയ പുഷ്പ ശിൽപമാണിത്. തൊണ്ണൂറാം ജൻമദിനത്തിൽ മിക്കി മൌസിന് ദുബായ് നൽകുന്ന സ്നേഹ സമ്മാനം. പുഷ്പങ്ങളാൽ തീർത്തൊരു മിക്കി മൌസ്.

മിറക്കിൾ ഗാർഡനിലെ ലോസ്റ്റ് പാരഡൈസിലാണ് ഈ മിക്കി മൌസ് സന്ദർശകരെ കാത്തു നിൽക്കുന്നത്. പതിനെട്ട് മീറ്റർ ഉയരത്തിലാണ് ഈ റെക്കോർഡ് ശിൽപം തീർത്തിരിക്കുന്നത്. നൂറോളം തൊഴിലാളികളുടെ ഒന്നര മാസത്തെ അധ്വാനമാണ് ഇതിനു പിറകിൽ. ശിൽപത്തിൻറെ സ്റ്റീൽ ചട്ടക്കൂട് പുറത്തു വച്ച് തയാറാക്കിയ ശേഷം കൂറ്റൻ ക്രെയിനുകളുപയോഗിച്ച് ഉദ്യാനത്തിൽ സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ജലസേചന സംവിധാനം സജ്ജമാക്കിയ ശേഷമാണ് ചെടികകൾ വച്ചു പിടിപ്പിച്ചത്.

പെറ്റൂണിയ, ജെറേനിയം, വയോള, മാരിഗോൾഡ് തുടങ്ങിയ പുഷ്പങ്ങളാണ് ശിൽപത്തിന് അഴകേകുന്നത്. ഒരു ലക്ഷത്തോളം ചെടികളാണ ഈ ശിൽപത്തിന് ജീവനേകുന്നത്. കാലാവസ്ഥയ്ക്ക് അനുസരിച്ച് ശിൽപത്തിലെ ചെടികളും മാറ്റി സ്ഥാപിക്കും.

വാൾട്ട് ഡിസ്നി ഗ്രൂപ്പുമായി സഹകരിച്ചാണ് ദുബായ് മിക്കി മൌസിനെ ഒരുക്കിയത്. ദുബായ് മിറക്കിൾ ഗാർഡൻ ആറു വർഷത്തിനിടെ കുറിക്കുന്ന മൂന്നാമത്തെ ലോക റെക്കോർഡാണിത്. നേരത്തെ മിറക്കിൾ ഗാർഡനിൽ തയാറാക്കിയ എമിറേറ്റ്സ് എയർബസിൻറെ പുഷ്പ മാതൃകയും ചരിത്രം സൃഷ്ടിച്ചിരുന്നു.