മിലാനും മെഹ്റാനും തരംഗമാകുന്നു

രണ്ടു കലാകാരൻമാരെ പരിചയപ്പെടുത്തുകയാണ് ഇനി. ദുബായ് ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്കിടയിൽ തംരഗമാണ് മിലാനും മെഹ്റാനും. ഗ്ലോബൽ വില്ലേജിലെ യൂറോപ്യൻ പവലിയിനിലാണ് ഈ കലാകാരൻമാരുള്ളത്. 

ഇത് കാറ്റാനിക് മിലാൻ... സ്വദേശം സെർബിയ. കയ്യിൽ കാൻവാസും പെയിൻറും കിട്ടിയാൽ പിന്നെ മിലാൻ ഒരു മാന്ത്രികനാണ്. അഞ്ചു നിമിഷം കൊണ്ട് കാൻവാസിൽ മനോഹര ചിത്രങ്ങൾ തീർക്കുന്ന മാന്ത്രികൻ. മുന്നിലെ വെളുത്ത കാൻവാസിലേക്ക് സ്പ്രേ പെയിൻറ് വീശിയടിക്കുന്പോൾ ആസ്വാദകർക്ക് യാതൊരു ധാരണയുമുണ്ടാകില്ല മിലാൻറെ മനസിലെന്താണെന്ന്. കാൻവാസിലേക്ക് പല അടുക്കുകളായി, പല വർണങ്ങളായി സ്പ്രേ പെയിൻറ് ചാലിച്ചൊഴിക്കും...

മിലാൻറെ വലം കയ്യിൽ  ഡ്രോയിങ് നൈഫ് എത്തുന്നതോടെ കാൻവാസിലെ വർണങ്ങളിൽ നിന്ന് ഒരു ചിത്രം തെളിയുകയായി, ഇനി ഒരു ചെറിയ തീക്കളി കൂടി ബാക്കിയുണ്ട്. ചിത്രം തയാർ. ഗ്ലോബൽ വില്ലേജിലെ ആസ്വാദകർക്ക് മുന്നിൽ മിലാൻ പ്രധാനമായും വരയ്ക്കുന്നത് ദുബായുടെ നഗരക്കാഴ്ചകളാണ്. ദുബായ് നഗരത്തിലെ പ്രധാന കാഴ്ചകളെല്ലാം നൊടിയിടയിൽ പലവർണത്തിൽ ആസ്വാദകനു മുന്നിൽ തെളിയുന്നു.

ആസ്വാദകരുടെ ഭാഗത്തു നിന്ന് മികച്ച പിന്തുണയും പ്രതികരണവുമാണ് മിലാന് ലഭിക്കുന്നത്. പലരും ചിത്രങ്ങൾ വാങ്ങുന്നതിനേക്കാൾ മിലാൻ ചിത്രം വരയ്ക്കുന്നത് കാണാൻ ആഗ്രഹിക്കുന്നവരാണ്. കാഴ്ചക്കാരെയും ഒരിക്കലും ഈ കലാകാരൻ നിരാശനാക്കില്ല.

ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കും അടക്കമുള്ല സമൂഹ മാധ്യമങ്ങളിലൂടെ തൻറെ ചിത്രങ്ങൾ കൂടുതൽ ആസ്വാദകരിലേക്ക് എത്തിക്കുന്നുണ്ട് മിലാൻ. ചുമരുകളിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് വലിയ ചിത്രങ്ങൾ തീർക്കുന്ന ഗ്രാഫിറ്റി ചിത്രരചനാ രീതിയിൽ വിദഗ്ദനാണ് മിലാൻ.

മിലാൻ ചിത്രകലയിലെ മാന്ത്രികനാണെങ്കിൽ മെഹ്റാൻ നിമിഷ കവിയാണ്. കവിത പോലെ നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ മുഖം മെഹ്റാൻ കാൻവാസിലേക്ക് പകർത്തും. കാരിക്കേച്ചറുകളായും കാർട്ടൂണുകളായുമൊക്കെ മുഖം പകർത്താൻ മെഹ്റാൻ തയാർ. നിങ്ങൾ മെഹ്റാനു മുന്നിൽ ഒന്നു ഇരുന്നു കൊടുത്താൽ മാത്രം മതി. 

പരമാവധി പത്ത് മിനിട്ട്. അതു മതി മെഹ്റാന് നിങ്ങളുടെ മുഖം കാൻവാസിലേക്ക് പകർത്താൻ. സ്വന്തം മുഖം കാരിക്കേച്ചറായും കാർട്ടൂണായുമൊക്കെ കാണുന്പോൾ സന്ദർശകർക്ക് ബഹുസന്തോഷം. സന്ദർശകരുടെ ഈ സന്തോഷവും നല്ല വാക്കുകളുമാണ് തനിക്കുള്ള ഏറ്റവും വലിയ പ്രോൽസാഹനവും പ്രചോദനവുമെന്ന് മെഹ്റാൻ പറയുന്നു. ഒരു വിനോദമെന്ന നിലയിലാണ് മെഹ്റാൻറെ ചിത്രരചന.

ഇരുപത്തിരണ്ടാം പതിപ്പിലെത്തുന്ന ആഗോള ഗ്രാമത്തിൽ മെഹ്റാൻ കന്നിക്കാരനാണ്. പക്ഷേ ഈ കലാകാരന് ഇവിടെ നിന്നു ലഭിക്കുന്ന പിന്തുണ വിലമതിക്കാനാവാത്തതാണ്.

മെഹ്റാനും മിലാനും ഈ ആഗോള ഗ്രാമത്തിലെ കലാകാരൻമാരുടെ പ്രതിനിധികളാണ്. ഓരോ പവലിയനിലും ഇത്തരം കലാകാരൻമാരുടെ ഒരുപാടുണ്ട്. കലയുടെ പുത്തൻ വിസ്മയങ്ങളും കരുതി വച്ചു കൊണ്ട്.