പഞ്ചാരിയുടെ ഗൾഫ് മേളം

ഒമാനിൽ നിന്നുള്ള മേളപ്പെരുക്കത്തിൻറെ വളയിട്ട കാഴ്ചകളാണ് ഇനി. പഞ്ചാരി മേളത്തിൻറെ പേരുമ മസ്കത്തിലെത്തിച്ച മേളം വാദ്യകലാസംഘത്തിൻറെ വിശേഷങ്ങളാണ് ഇനി.

ലോകമെങ്ങും പ്രശസ്തമാണ് കേരളത്തിൻറെ മേളപ്പെരുക്കം. പാണ്ടിയും പഞ്ചാരിയും പഞ്ചവാദ്യവുമെല്ലാം കടൽ കടന്ന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ കേരളത്തിൻറെ പെരുമയേറ്റുന്നു. ഒമാനിലും കേരളത്തിൻറെ മേളപ്പെരുക്കമാണ് ഇപ്പോൾ. മസ്കത്തിലെ പഞ്ചാരിമേളത്തിൻറെ കാഴ്ചകളാണിത്. 

മൂന്നു വർഷം മുന്പാണ് ഒമാനിലെ പഞ്ചാരിമേള കൂട്ടായ്മയായ മേളം മസ്കത്തിൻറെ പിറവി. പഞ്ചാരി മേളം കലാകാരന്‍ പ്രസാദ് ഐലൂർ ആശാനാണ്  ഈ കൂട്ടായ്മയ്ക്ക് തുടക്കമിട്ടത്. രണ്ടു പേരായിട്ടായിരുന്നു തുടക്കം. പക്ഷേ മൂന്ന് വർഷം കൊണ്ട് കൂട്ടായ്മയിലെ അംഗങ്ങളുടെ എണ്ണം എഴുപതിലേക്കെത്തി. ഇതിൽ അഞ്ചു വനിതകളും. കഴിഞ്ഞ ഒരു വർഷത്തെ പരിശീലനത്തിനൊടുവിലാണ് ഇവർ അരങ്ങേറ്റം കുറിച്ചത്.

ശരീര ഭാഷകൊണ്ട് പുരുഷന്മാർക്ക് മാത്രം വഴങ്ങിയിരുന്ന ഈ താളലയം സ്വായത്വമാക്കിയതിന് പിന്നിൽ നീണ്ട പരിശ്രമങ്ങളും, അർപ്പണവുമുണ്ട്. ഒപ്പം ഗുരുവിൻറെ പ്രോൽസാഹനവും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങള്‍ക്ക് നടുവിലായിരുന്നു ഈ സംഘത്തിന്‍റെ ഉദയം.

മൂന്നുവർഷത്തിനിടെ നിരവധി വേദികളിൽ ഇവർ മേളപ്പെരുക്കം തീർത്തു.  തുടക്കത്തില്‍ ഏറെ വെല്ലുവിളികളുണ്ടായെങ്കിലും  വളരെ പെട്ടെന്നു തന്നെ ഈ കൂട്ടായ്മയുടെ പ്രശസ്തി ഒമാന്‍ മുഴുവനുമെത്തി. പ്രതികൂല സാഹചര്യങ്ങളെ നേരിട്ടും വെല്ലുവിളികളെ അതിജീവിച്ചും ഒട്ടേറെ കയ്പേറിയ അനുഭവങ്ങള്‍ക്കും ഒടുവിലാണ് മേളം മസ്കറ്റ് സംഘം ഇന്നത്തെ നിലയിലേക്കെത്തിയത്. വാദ്യ സംഘം എന്നതിനപ്പുറം ഒരു കുടുംബം എന്ന് ഈ കൂട്ടായ്മയെ വിശേഷിപ്പിക്കാനാണ് ഇവര്‍ക്കിഷ്ടം.

ക്ഷേത്രകല സംബന്ധിച്ച അറിവുകള്‍ പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുകയും മലയാളത്തിന്‍റെ പാരന്പര്യം കൈവിടാതെ കാത്തു സൂക്ഷിക്കുകയുമാണ് മേളം മസ്കറ്റ് എന്ന വാദ്യ സംഘം