പരിമിതിയില്‍ കടഞ്ഞെടുത്ത കരകൗശലവിദ്യ

പ്രവാസത്തിന്‍റെ തിരക്കിനിടയിലും സര്‍ഗവാസനകള്‍ രാകി മിനിക്കുന്ന ഒരു കലാകാരനുണ്ട് അബുദാബിയില്‍.  തൃശൂര്‍ എങ്ങണ്ടിയൂര്‍ സ്വദേശി ഷാജു. ലേബര്‍ ക്യാംപിലെ പരിമിതിയില്‍നിന്നാണ് ഈ കലാകാരന്‍ കലയില്‍ വിസ്മയം തീര്‍ക്കുന്നത്.

നിശ്ചയദാര്‍ഢ്യവും മനസുമുണ്ടെങ്കില്‍ പരിമിതികളെ അതിജീവിക്കാമെന്ന് തെളിയിക്കുകയാണ് ഷാജു ആരി.  അബുദാബി മുസഫ വ്യവസായ മേഖലയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായ ഷാജുവിന്‍റെ ഒഴിവ് സമയം കലാപരമായ കഴിവുകള്‍ പരിപോഷിക്കാനായാണ് ചെലവിടുന്നത്. വുഡ് കാര്‍വിങില്‍ തന്‍റേതായ മുദ്ര ചാര്‍ത്തുകയാണ് ഷാജു. ജന്മസിദ്ധമായി ലഭിച്ച ചിത്ര രചനയിലായിരുന്നു തുടക്കം. എങ്ങണ്ടിയൂര്‍ ഫിഷറീസ് സ്കൂള്‍ അധ്യാപകനാണ് ഷാജുവിലെ കലാകാരനെ തിരിച്ചറിഞ്ഞതും പരിപോഷിപ്പിച്ചതും. 

പഴങ്ങളിലും പച്ചക്കറികളിലും വ്യത്യസ്തമാര്‍ന്ന കരകൌശല വസ്തുക്കള്‍ ഉണ്ടാക്കിയാണ് ശില്‍പനിര്‍മാണത്തിലേക്ക് ചുവടുവച്ചത്. വുഡ്, ഫ്രൂട്ട് കാര്‍വിങിലും ഷാജുവിന് ഗുരുക്കന്മാരില്ല. സ്വന്തം ആശയത്തില്‍ ആയുധം പ്രയോഗിക്കുമ്പോള്‍ തെളിയുന്നത് മനോഹര കലാസൃഷ്ടികള്‍. ശില്‍പ നിര്‍മാണത്തിലും ചിത്ര രചനയിലുമുള്ള വൈഭവമവാണ് വിദേശ ജോലി ലഭിക്കാന്‍ പ്രേരണയായത്. 

യുഎഇയിലെത്തിയ ശേഷം ഷാജു ആദ്യം വരച്ചത് രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്‍റെയും പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെയും കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെയും ചിത്രങ്ങളായിരുന്നു. വ്യവസായ പ്രമുഖന്‍ യൂസഫലി മാതാവിനെക്കുറിച്ചോര്‍ത്ത് വിതുമ്പുന്ന ചിത്രവും ആരെയും ആകര്‍ഷിക്കും. 

സംഗീതം, ഉപകരണസംഗീതം, മാജിക് ഷോ എന്നിവയും വഴങ്ങുമെന്ന് ഷാജു തെളിയിക്കുന്നു.