ഷിഹാബിന്റെ മുഖങ്ങൾ

ഷിഹാബ് ഒരു ഫോട്ടോഗ്രാഫറാണ്. മാധ്യമ പ്രവർത്തകനാണ്. ഷിഹാബിന്റെ ക്യാമറയിൽ പതിഞ്ഞ ജീവിതാനുഭവങ്ങളുള്ള മുഖങ്ങളുടെ കഥയാണ് പോർട്രെയ്ച്ചർ. ഓരോ ആൾക്കൂട്ടത്തിലും ഷിഹാബ് തിരയുന്നത് മുഖങ്ങളാണ്. ജീവിതം പറയുന്ന മുഖങ്ങൾ. അത്തരം  മുഖങ്ങളെ ക്യാമറയിലേക്ക് ആവാഹിച്ചെടുക്കുകയാണ് ഷിഹാബിന്റെ സ്വപ്നം. അങ്ങനെ ക്യാമറയിൽ പകർത്തിയ മുഖങ്ങളുടെ കാഴ്ചയാണ് പോർട്രെയ്ച്ചർ എന്ന ആൽബം. 

നാലു വർഷത്തെ യാത്രകളും കാത്തിരിപ്പുമാണ് ഈ ആൽബത്തിലെ മുഖങ്ങൾ. പോർട്രെയ്റ്റുകളെ കുറിച്ചുള്ള പഠനമാണ് ഷിഹാബിനെ ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചത്. അറിയുന്തോറും കൂടുതൽ പഠിക്കാനുണ്ടെന്ന് മനസിലാക്കുകയായിരുന്നു ഷിഹാബ്. ഈ ആൽബത്തിലെ ഓരോ ചിത്രങ്ങളുടെയും പ്രത്യേകത, അതിലെ വ്യക്തികളുടെ കണ്ണുകളിലെ തിളക്കവും വൈവിധ്യവുമാണ്. കണ്ണുകളാണ് ഒരോ പോർട്രെയ്റ്റിൻറെയും ജീവൻ. എൻവയോൺമെന്റൽ പോർട്രെയ്റ്റുകളുടെ മനോഹരമായ ഏതാനും ഉദാഹരണങ്ങളും നമുക്ക് പോർട്രെയ്ച്ചറിൽ കാണാം.

ക്യാമറയ്ക്ക് മുന്നിലുള്ളയാൾക്ക് തന്റെ ഫോട്ടോ എടുക്കയാണെന്ന തിരിച്ചറിവ് വരുമ്പോൾ ചിത്രത്തിന്റെ സ്വാഭാവികത നഷ്ടമാകുമെന്ന് ഷിഹാബ് പറയുന്നു. താൻ ആദ്യം കണ്ട രീതിയിൽ തന്നെ ആ വ്യക്തിയുടെ ചിത്രം പകർത്താണ് ഷിഹാബ് ശ്രമിക്കാറുള്ളത്. ലളിതമായിരുന്നില്ല പോർട്രെയ്ച്ചറിലേക്കുള്ള ഷിഹാബിന്റെ യാത്രകൾ. മറക്കാനാകാത്ത ഒട്ടേറെ അനുഭവങ്ങളും ഈ ദൗത്യം ഷിഹാബിന് സമ്മാനിച്ചു.

വികലാംഗനായ കപ്പൽ തൊഴിലാളിയുടെ ചിത്രമാണ് ഷിഹാബിന്റെ മനസിൽ ഇപ്പോഴും മായാതെ നിൽക്കുന്നത്. ആ വ്യക്തിയറിയാതെ രണ്ടു ക്ലിക്കുകൾ മാത്രം. താനെടുത്ത ഏറ്റവും മനോഹര ചിത്രങ്ങളിലൊന്നായെന്ന് ഷിഹാബ് പറയും. ദുബായുടെ പിതാവെന്ന് അറിയപ്പെടുന്ന ഷെയ്ഖ് റാഷിദുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന അഹമ്മദ് റാഷിദ് അൽ ജുമൈരിയുടെ വ്യത്യസ്തമായ ഒരു ചിത്രവും ഇക്കൂട്ടത്തിലുണ്ട്.

ജോലിക്കിടയിൽ ലഭിക്കുന്ന ഇടവേളകളാണ് അദ്ദേഹം പോർട്രെയിച്ചറിനായി നീക്കി വച്ചത്. നഗരത്തിരക്കിലും, മാർക്കറ്റുകളിലും മരുഭൂമികളിലും, ഗലികളിലുമൊക്കെ മുഖങ്ങൾ തേടി ഷിഹാബ് നടന്നു. അങ്ങനെ കണ്ട ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുഖങ്ങളാണ് ഈ ആൽബത്തെ വേറിട്ടതാക്കുന്നത്. മുഖങ്ങളെ കുറിച്ചുള്ള തന്റെ പുതിയ ഒരു സ്വപ്നത്തിന്റെ പിറകേയാണ് ഇപ്പോൾ ഷിഹാബ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ജനങ്ങളുടെ മുഖങ്ങൾ, ആ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യം പ്രതിഫലിപ്പിക്കുന്ന തരത്തിൽ ക്യാമറയിലാക്കണം.

ദുബായിൽ ഫോട്ടോ ജേർണലിസ്റ്റായ ഷിഹാബ് എറണാകുളം എടവനക്കാട് സ്വദേശിയാണ്. ഇന്ത്യൻ മുഖങ്ങൾ നിറയുന്ന പോർട്രെയിച്ചറിന്റെ രണ്ടാം ഭാഗവുമായി ഷിഹാബ് വീണ്ടുമെത്തും.