യുഎഇയുടെ പൈതൃകം വിളിച്ചോതി സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ

യുഎഇയുടെ സംസ്കാരവും പൈതൃകവും പാരമ്പര്യവും വിളിച്ചോതുകയാണ് അബുദാബിയിൽ നടക്കുന്ന സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ. യുവാക്കൾക്കും വിദ്യാർഥികൾക്കുമിടയിൽ പൈതൃക സംസ്കാരം പ്രോൽസാഹിപ്പിക്കുക എന്നതാണ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവലിൻറെ പ്രധാനലക്ഷ്യം.രാജ്യത്തിന്‍റെ സമ്പന്നമായ ചരിത്രവും സാംസ്‌കാരവും പാരമ്പര്യവും സംരക്ഷിച്ചിരിക്കുന്ന ഒട്ടേറെ സ്മാരകങ്ങളാണ് പൈതൃകോല്‍സവത്തിലെ പ്രധാന കാഴ്ചകള്‍.

തനത് രുചിക്കൂട്ടുകളുമായുള്ള പാചകമേളയ്ക്ക് പുറമെ അതിഥി സല്‍കാരത്തിന് അവിഭാജ്യമായ ഖാവയും ഈന്തപ്പഴവും സന്ദര്‍ശകര്‍ക്ക് മികച്ച വരവേല്‍പ്പൊരുക്കുന്നു. ക്ലാസിക്കല്‍ കാര്‍ പ്രദര്‍ശനമാണ് മറ്റൊരു ആകര്‍ഷണം. പതിറ്റാണ്ടുകളുടെ കഥപറയുന്ന ഈ റോഡിലെ താരങ്ങളെ കാണാനായി നിരവധി പേര്‍ ഇവിടെ എത്തുന്നു.

ഒട്ടകത്തിന്‍റെയും പ്രാപ്പിടിയന്‍റെയും പ്രദര്‍ശനവും മത്സരവുമാണ് മറ്റൊരു പ്രത്യേകത. മരുഭൂമിയിലെ മരുപ്പച്ചയും കൃഷിത്തോട്ടങ്ങളും കുന്നും കടലുമെല്ലാം ഇവിടെ പുനരാവിഷ്കരിച്ചിരിക്കുന്നു. മണ്‍കല നിര്‍മാണവും ബോട്ട് നിര്‍മാണവും നേരിട്ട് ആസ്വദിക്കാം. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്‍റെ ജീവിതം അടുത്തറിയാമെന്നതാണ് മറ്റൊരു സവിശേഷത. കുട്ടികള്‍ക്കായി ചിത്ര രചനാ മത്സരവും കളിക്കളവും ഒരുക്കിയിട്ടുണ്ട്. ദിവസേന നടക്കുന്ന വെടിക്കെട്ടാണ് മറ്റൊരു ആകർഷണം. 

ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിൽനിന്നുള്ള വാദ്യ, നൃത്ത സംഘങ്ങളുടെ കലാപരിപാടികള്‍ പൈതൃകോത്സവത്തെ സമ്പന്നമാക്കന്നു.വൈകിട്ട് നാല് മുതൽ രാത്രി പത്ത് വരെയുള്ള പൈതൃകോത്സവത്തിലേക്ക് പ്രവേശനം സൗജന്യം. അബുദാബി ബസ് ടെർമിനലിൽ നിന്ന് ബസ് സര്‍വീസുമുണ്ട്.