പ്രകാശന്റെ കഥ, ബാഷിന്റെയും

ഗൾഫിൽ നിന്നുള്ള ഒരു സിനിമാ വിശേഷമാണ് ആദ്യം. ദുബായിൽ പ്രവാസിയായ ഒരു സംവിധായകന്റെ  സിനിമാ ജീവിതത്തിന്റെ  കഥ. ലുക്കാച്ചുപ്പി എന്ന ആദ്യസിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ ബാഷ് മുഹമ്മദ് പ്രകാശൻ എന്ന തന്റെ രണ്ടാമത്തെ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ്.

പ്രകാശൻ... പ്രകൃതിയുടെയും മനുഷ്യന്റെയും കഥയാണ്... ഒരു പ്രവാസിയുടെ സിനിമയാണ്. ബാഷ് മുഹമ്മദ് എന്ന സംവിധായകന്റെ സ്വപ്നവും സമർപ്പണവുമാണ് ഈ സിനിമ. ലുക്കാച്ചുപ്പി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമയിൽ തൻറേതായ ഇടം കണ്ടെത്തിയ ബാഷിന്റെ രണ്ടാമത്തെ സിനിമയാണ് പ്രകാശൻ.

കാട്ടിൽ ജീവിച്ചു വളർന്ന പ്രകാശൻ നാട്ടിലേക്ക് പോകുന്നതും അവന്റെ നാട്ടനുഭവങ്ങളുമാണ് ഈ സിനിമ പറയുന്നത്. അതുകൊണ്ട് തന്നെ പ്രവാസത്തിന്റെ കഥയെന്നും വിളിക്കാം ഈ സിനിമയെ. ഒരുപിടി സന്ദേശങ്ങളും ഓർമപ്പെടുത്തുലകളും നൽകുന്നുണ്ട് ബാഷ് മുഹമ്മദ് ഈ സിനിമയിലൂടെ. ആദ്യസിനിമയായ ലുക്കാച്ചുപ്പിയിൽ നിന്ന് പ്രകാശനിലേക്ക് ഏറെ ദൂരമുണ്ടെന്ന് ബാഷ് തന്നെ പറയുന്നു. ആദ്യസിനിമയ്ക്ക് ലുക്കാച്ചുപ്പി എന്ന കൌതുകകരമായ പേര് നൽകിയ ബാഷ് രണ്ടാം സിനിമയ്ക്ക് വളരെ ലളിതമായ പേരാണ് നൽകിയത്. അതിന് കാരണവുമുണ്ട്.

24 ദിവസം കൊണ്ടാണ് പ്രകാശന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇവർ താണ്ടിയത് 94 ലൊക്കേഷനുകളാണ്. കേരളത്തിന്റെ വന സൌന്ദര്യം ഈ സിനിമയുടെ കാഴ്ചകളിലൊന്നാണ്. ദിനേശ് പ്രഭാകറാണ് പ്രകാശനെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ ശ്രദ്ധേയരായ താരങ്ങളും ഈ സിനിമയിലുണ്ട്. ഒപ്പം കൌതുകമുള്ള ഒരു ഫ്രഞ്ച് ബന്ധവും. മുംബൈയിലും ന്യൂയോർക്കിലുമായി രണ്ട് ചലച്ചിത്രമേളകളിലും പ്രകാശനെത്തി. മുംബൈയിലായിരുന്നു ചിത്രത്തിന്റെ ആദ്യപ്രദർശനം.

ലുക്കാച്ചുപ്പിയിലൂടെ ജീവിത ബന്ധങ്ങളുടെ കഥ പറഞ്ഞ ബാഷ് മുഹമ്മദ് പ്രകാശനിലൂടെ പുതിയൊരു സിനിമാ അനുഭവം തന്നെയാണ് മലയാളിക്ക് സമ്മാനിക്കുക.