ലോകത്തെ ഗ്രാമമാക്കി ഗ്ലോബൽ വില്ലേജ്

ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ സജീവമായതോടെ സന്ദർശകരുടെ ഒഴുക്കാണ് ഗ്ലോബൽ വില്ലേജിലേക്ക്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ മനോഹരമായ കാഴ്ചകളും ആകർഷണങ്ങളുമായാണ് ഇത്തവണ ഗ്ലോബൽ വില്ലേജ് തയാറാക്കിയിരിക്കുന്നത്

ലോകം ഇവിടൊരു ഗ്രാമമാണ്... കാഴ്ചകളുടെയും കൌതുകങ്ങളുടെയും ഗ്രാമം. ആഘോഷത്തിൻറെ ഇടം. കച്ചവടത്തിൻറെ ഗ്രാമചന്ത. ഇതൊക്കെയാണ് ദുബായ് ഗ്ലോബൽ വില്ലേജെന്ന ആഗോള ഗ്രാമം.

കാഴ്ചകളുടെയും ആഘോഷങ്ങളുടെയും ഇരുപത്തിരണ്ടാം പതിപ്പിലാണിന്ന് ഗ്ലോബൽ വില്ലേജ്. രണ്ടു പതിറ്റാണ്ടിൻറെ അനുഭവക്കരുത്തിൽ കൂടുതൽ മികവോടെയും തികവോടെയും. ദുബായുടെ വിനോസഞ്ചാര ഇടങ്ങളിൽ മുൻനിരയിലാണ് ഇന്ന് ഈ ആഗോള ഗ്രാമം.

ലോക സാംസ്കാരിക വൈവിധ്യത്തിൻറെ സംഗമകേന്ദ്രമാണ് ഇവിടം എന്നു തന്നെ പറയാം. ഓരോ പവലിയനും അതാതു രാജ്യത്തിൻറെ പാരന്പര്യം വിളിച്ചു പറയുന്നു. പിരമിഡിൻറെ ആകൃതിയിലുള്ള ഈജിപ്ഷ്യൻ പവലിയനും പെട്രയെ അനുസ്മരിപ്പിക്കുന്ന ജോർദാൻ പവലിയനും കൊട്ടാരക്കാഴ്ചകളുള്ള ഇന്ത്യൻ പവലയിനമുമൊക്കെ ആ അനുഭവമാണ് സമ്മാനിക്കുന്നത്. ലോകാൽഭുതങ്ങളുടെ പുനരാവിഷ്കാരം കൂടിയാണ് ഈ സ്വപ്നഗ്രാമം. വരൂ, ലോകത്തെ അനുഭവിക്കൂ എന്ന സന്ദേശമാണ് ഗ്ലോബൽ വില്ലേജ് പങ്കുവയ്ക്കുന്നത്.

ഓരോ രാജ്യത്തിൻറെയും തനത് ഉൽപ്പന്നങ്ങൾ ആസ്വദിക്കാനും അടുത്തറിയാനും വാങ്ങിക്കുവാനും സന്ദർശകർക്ക് സാധിക്കും. ഊദിൻറെയും അത്തറിൻറെയും മണം നിറയുന്ന യുഎഇ പവലിയനിൽ നിങ്ങളെ കാത്തിരിക്കുന്ന അറേബ്യൻ സുഗന്ധദ്രവ്യങ്ങളാണ്.

ഇമാറത്തി ജീവിത രീതികളെ അടുത്തറിയുന്നതിനും ഇവിടെ അവസരമുണ്ട്.യുഎഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആവിഷ്കരിച്ച വിക്ടറി സല്യൂട്ടിൻറെ മൂവായിരത്തോളം മാതൃകകളാണ് ഇക്കുറി ഗ്ലോബൽ വില്ലേജിൽ പ്രദർശനത്തിലുള്ളത്.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാകാരൻമാരുടെ സംഗമം കൂടിയാണ് ഗ്ലോബൽ വില്ലേജ്. കയ്യടക്കവും മികവും കൊണ്ട് ഇവർ നിങ്ങളെ വിസ്മയിപ്പിക്കും.

മേളയിൽ പങ്കാളികളാകുന്ന ഓരോ രാജ്യത്തിൻറെയും സാംസ്കാരിക വൈവിധ്യം പ്രകടമാക്കുന്ന കലാവിരുന്നുകളും എല്ലാ ദിവസവുമുണ്ട്.ഇവിടേക്കെത്തുന്ന ആരെയും ഗ്ലോബൽ വില്ലേജ് നിരാശരാക്കുന്നില്ല. എല്ലാവരുടെയും അഭിരുചിക്കിണങ്ങുന്ന കാഴ്ചകളും അനുഭവങ്ങളും ഇവിടെയുണ്ട്.ഇന്ത്യയിൽ നിന്നടക്കം എത്തിയവർക്ക് ഗ്ലോബൽ വില്ലേജ് ഒരു വിസ്മയാനുഭവമാണ് സമ്മാനിക്കുന്നത്.

ലോകത്തിൻറെ ഒരു പരിച്ഛേദമാണ് ഗ്ലോബൽ വില്ലേജ്. കാഴ്ചകളും കൌതുകങ്ങളും ആഘോഷങ്ങളുമൊക്കെയായി ഗ്ലോബൽ വില്ലേജ് സ്നദർശകരെ വരവേൽക്കുകയാണ്.