കാഴ്ചകളുടെ ദുബായ് ഫ്രെയിം

ദുബായ് ലോകത്തിന് നൽകിയ പുതുവർഷ സമ്മാനമാണ് ദുബായ് ഫ്രെയിം. ചരിത്രത്തിൽ നിന്ന് സ്വപ്നങ്ങളിലേക്കുള്ള യാത്രയുടെ പ്രതീകം കൂടിയാണ് ദുബായ് ഫ്രെയിം. സന്ദർശകർക്ക് വേറിട്ട ഒരു ദൃശ്യാനുഭവവും...

ചരിത്രത്തിൻറെ കാഴ്ചകളും ഭാവിയുടെ സ്വപ്നങ്ങളുമായി വർത്തമാന കാലത്തിൻറെ ദുബായ് ഫ്രെയിം മിഴി തുറക്കുകയാണ്. ചരിത്രത്തിൽ നിന്ന് ഭാവിയിലേക്ക് ഒരു പാലമൊരുക്കുകയാണ് ദുബായ് ഫ്രെയിം അഥവാ ബർവാസ് ദുബായ്.

ദുബായുടെ ചരിത്രം പറയുന്ന ത്രിമാന കാഴ്ചകളിലൂടെയാണ് ദുബായ് ഫ്രെയിം സന്ദർശകരെ വരവേൽക്കുന്നത്. പഴയകാലം മറക്കാനുള്ളതല്ലെന്ന് ഓർമപ്പെടുത്തുകയാണ് ഇവിടെ. പഴയകാലത്തിൻറെ മണം പോലും ഇവിടെ സന്ദർശകന് അനുഭവ ഭേദ്യമാകും. ദുബായുടെ പഴയകാലത്ത് നിൽക്കുന്ന പ്രതീതിയായിരിക്കും സന്ദർശകർക്ക്. 

ഇവിടെ നിന്ന് ലിഫ്റ്റിൽ ഫ്രെയിമിൻറെ ഏറ്റവും മുകൾ നിലയിലേക്കെത്താം. 93 മീറ്റർ നീളമുള്ള കണ്ണാടിപ്പാലമാണ് ഇവിടുത്തെ സവിശേഷത. വർത്തമാനകാല ദുബായ്ക്ക് മുകളിലൂടെ ഈ കണ്ണാടിപ്പാലത്തിലൂടെ നടക്കാം.

ഇവിടെ നിന്നാൽ ദുബായുടെ എല്ലാ പ്രധാന കാഴ്ചകളും ആസ്വദിക്കാനാകും. ഒരു വശത്ത് പഴയ ദുബായും മറുവശത്ത് പുതിയ ദുബായും ആണ് ഇവിടുത്തെ കാഴ്ച.

ഇനി ഭാവിയിലേക്കാണ് യാത്ര. അന്പത് വർഷത്തിനപ്പുറം ദുബായ് എങ്ങനെയായിരിക്കുമെന്ന് വിർച്വൽ റിയാലിറ്റിയിലൂടെ കാണിച്ചു തരുന്നു. ഏഴുമിനിറ്റ് ദൈർഘ്യമുള്ള വിർഛ്വൽ റിയാലിറ്റി ഷോ സന്ദർശകനെ അന്പത് വർഷം അപ്പുറത്തേക്ക് കൂട്ടിക്കൊണ്ട് പോകും.

ദുബായുടെ ഹൃദയഭാഗമായ സബീൽ പാർക്കിലാണ് ദുബായ് ഫ്രെയിം ഒരുക്കിയിരിക്കുന്നത്. 150 മീറ്റർ ഉയരമുള്ള രണ്ടു ടവറുകളെ 93 മീറ്റർ വീതിയിൽ ഒരു പാലത്തിലൂടെ ബന്ധിപ്പിച്ചാണ് ഫ്രെയിം രൂപകൽപന ചെയ്തിരിക്കുന്നത്. 25 കോടി ദിർഹമാണ് നിർമാണ ചെലവ്. ജനുവരി ഒന്നു മുതലാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കു. അന്പത് ദിർഹമായിരിക്കും പ്രവേശനിരക്ക്.