കുട്ടിപ്പാട്ടിന്റെ ഇൻഫിനിറ്റി

മസ്കത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾ ചേർന്ന് ഒരു സംഗീത ബാൻഡ് ഒരുക്കിയിട്ടുണ്ട്. ഇൻഫിനിറ്റി എന്ന പേരിൽ. രണ്ടു വർഷം കൊണ്ട് മസ്കത്തിലെ താരങ്ങളായി കഴിഞ്ഞിരിക്കുകയാണ് ഈ കുട്ടികൾ,.

മസ്കത്തിലെ കുട്ടിപ്പാട്ടുകാരുടെ കൂട്ടായ്മയാണ് ഇൻഫിനിറ്റി ബാൻഡ്. കുട്ടികളാണെങ്കിലും ഇവരുടെ പാട്ടുകൾ അടിപൊളിയാണ്. മസ്കത്തിലെ വേദികളിൽ പാടിത്തകർക്കുകയാണ് ഈ കൂട്ടുകാർ.

രണ്ടു വർഷം മുന്പാണ് ഇൻഫിനിറ്റി ബാൻഡ് എന്ന ആശയം യാഥാർഥ്യമായത്. മസ്കത്തിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന 12 കുട്ടികളാണ് ഈ ബാൻഡിലെ അംഗങ്ങൾ.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളാണ് ബാൻഡിലുള്ളത്. എല്ലാ വാരാന്ത്യങ്ങളിലും മുടങ്ങാതെ പരിശീലനം. ഫിലിപ്പീൻസിൽ നിന്നുള്ള പാട്രിക് ഗോൺസാൽവസ് ഇഗ്നീഷ്യയാണ് പരിശീലകൻ. ഇംഗ്ലീഷ് പാട്ടുകൾക്ക് പുറമേ തമിഴ്, ഇംഗീഷ്, മലയാളം പാട്ടുകളും ഇവർ വേദികളിൽ ആലപിക്കുന്നു. 

രണ്ടു വർഷം കൊണ്ട് തന്നെ മസ്കത്തിലെ താരങ്ങളായി കഴിഞ്ഞു ഇൻഫിനിറ്റി ബാൻഡിലെ കുട്ടികൾ. ഒമാനിലെ വിവിധ വേദികളിൽ ഈ സംഘം സംഗീത പരിപാടികൾ അവതരിപ്പിച്ചുണ്ട്. ഇൻഫിനിറ്റിയുടെ സംഗീതവിരുന്നില്ലാതെ ഒമാനിൽ സംഘടനാ വാർഷികങ്ങളും കുടുംബമേളകളുമില്ല. ഈ കുട്ടികളുടെ മികവ് തിരിച്ചറിഞ്ഞ ഇന്ത്യൻ എംബസിയും ഇവർക്കായി ഒരു വേദി ഒരുക്കുകയാണ്.

സംഗീതത്തെ ഉള്ളു തുറന്നു സ്നേഹിക്കുന്ന രക്ഷിതാക്കളാണ് ബാൻഡ് എന്ന ആശയത്തിനു പിന്നിൽ. ഇവരുടെ അകമഴിഞ്ഞ പിന്തുണയും പ്രോൽസാഹനവുമാണ് ഇൻഫിനിഫിറ്റിയുടെ ഊർജം. പുതിയ ഉയരങ്ങൾ കീളടക്കാനുള്ള യാത്രയിലാണ് വളർന്നു വരുന്ന പ്രതിഭകളുടെ ഈ കൂട്ടായ്മ.