കാൻവാസിലെ ആഫ്രിക്കൻ കാഴ്ചകളുമായി ലബീബ

ആഫ്രിക്കൻ കാഴ്ചകൾ കാൻവാസിൽ പകർത്തുന്ന കലാകാരിയാണ് ലബീബ റഷീദ്. കടുംവർണങ്ങളുടെ വ്യത്യസ്തമായ കൂട്ടുകളാണ് ലബീബയുടെ ഓരോ ചിത്രങ്ങളും. കാൻവാസിലെ ആഫ്രിക്കൻ സൌന്ദര്യമാണ് ലബീബാ റഷീദ്. അബുദാബിയിൽ താമസിക്കുന്ന കോഴിക്കോട്ടുകാരിയാണ് ലബീബ. പക്ഷേ ലബീബയുടെ കാൻവാസിൽ വിരിയുന്നതേറെയും ആഫ്രിക്കൻ കാഴ്ചകളാണ്.

ലബീബ ഇതുവരെ ആഫ്രിക്കയിൽ പോയിട്ടില്ല, ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയും മാത്രമാണ് ആഫ്രിക്കയെ കുറിച്ച് അറിയുന്നത്. പക്ഷേ ആഫ്രിക്കയുടെ വർണപ്പകിട്ടാണ് ആ നിറങ്ങൾക്കൊത്ത് വർണം ചാലിക്കാൻ ലബീബയെ പ്രലോഭിപ്പിക്കുന്നത്.

ഇൻറർനെറ്റിൽ നിന്നും മറ്റും ലഭിക്കുന്ന ആഫ്രിക്കയെ കുറിച്ചുള്ള ചിത്രങ്ങൾ കണ്ടാണ് ലബീബയുടെ പെയിൻറിങ്. ഇൻറർനെറ്റിൽ കാണുന്ന ഫോട്ടോകളിൽ ലബീബയുടെ ഭാവനകൂടി ചേരുന്പോൾ വർണപ്പകിട്ടാർന്ന മറ്റൊരു കാഴ്ചയാകും. 

അബ്സ്ട്രാക്ട് ശൈലിയിലാണ് ലബീബയുടെ രചനകളേറെയും. അക്രിലികിലും, എണ്ണഛായവുമാണ് ഇഷ്ടമാധ്യമങ്ങൾ. അബുദാബി മഫ്റകിലുള്ള ലബീബയുടെ വീടു നിറയെ ആഫ്രിക്കൻ കലാരൂപങ്ങളുടെ കാഴ്ചകളാണ്. ഈ കലാരൂപങ്ങളും പലപ്പോഴായി ലബീബയുടെ കാൻവാസിലേക്ക് എത്തിയിട്ടുണ്ട്.

കോഫീ പെയിൻറിങ്ങിലും മികവ് തെളിയിച്ചിട്ടുണ്ട് ലബീബ.  മൽസ്യകന്യകയുടെ ഈ ചിത്രം കാപ്പിപ്പൊടിയിൽ തയാറാക്കിയതാണെന്ന് വിശ്വസിക്കാൻ അൽപം പ്രയാസം തോന്നും. അത്രമനോഹരമാണത്. പെൻസിൽ സ്കെച്ചുകൾ ചെയ്യുന്നതിലും ലബീബയ്ക്ക് ഏറെ താൽപര്യമുണ്ട്...

അബുദാബി ആർട്ട് ഹബ്ബുമായി സഹകരിച്ച് ഒട്ടേറെ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചു കഴിഞ്ഞു. വിവിധ പ്രവാസി കൂട്ടായ്മകളുടെ ഭാഗമായും പ്രദർശനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇതിനു പുറമേ കുട്ടികൾക്ക് അബ്സ്ട്രാക്ട് പെയിൻറിങ്ങിനെ കുറിച്ച് ക്ലാസുകളും നൽകാറുണ്ട്. 

വരയുടെ ലോകത്ത് ലബീബയ്ക്ക് പിന്തുണയുമായി ഭർത്താവ് അബൂബക്കറും മകൾ ഇനാരയുമുണ്ട്. ഭാവനയിൽ കാണുന്ന ലോക്തതെ മനോഹരമാക്കി കാൻവാസിലേക്ക് പകർത്തുന്ന ലബീബയുടെ വേറിട്ട ചിത്രങ്ങൾ ഇനിയും നമുക്ക് കാണാം.