കടൽപ്പരപ്പിലെ വേഗപ്പോരാട്ടം; ഫോർമുല വൺ H20

ഷാർജയിലെ വേഗത്തിൻറെ കടൽക്കാഴ്ചകൾ കണ്ടാണ് നമ്മൾ ക്രിസ്മസ് ആഘോഷിക്കാൻ പോകുന്നത്. അതായത് ഫോർമുല വൺ മൽസരത്തിൻറെ കാഴ്ചകളാണിത്. പക്ഷേ ഈ മൽസരം നടന്നത് കരയില്ല, വെള്ളത്തിലായിരുന്നു എന്നു മാത്രം.

ഓളപ്പരപ്പിലെ വേഗപ്പോരാട്ടമാണ് ഫോർമുല വൺ H20. കടൽപ്പരപ്പിലൂടെ ശരവേഗത്തിൽ കുതിച്ചു പായുന്ന പവർ ബോട്ടുകകളാണ് ഫോർമുല വൺ H2O യുടെ കാഴ്ചയും ആവേശവും. 

അൽ മജാസ് കോർണിഷിൽ നടന്ന ഫോർമുലാ വൺ H20 ഷാർജ ഗ്രാൻഡ് പ്രീ പുതിയ അനുഭവമാണ് വേഗപ്രേമികൾക്ക് സമ്മാനിച്ചത്. നൂർ ഐലൻഡിന് ചുറ്റുമൊരുക്കിയ താൽക്കാലിക ട്രാക്കിലായിരുന്നു വേഗപ്പോരാട്ടം. 45 ലാപ്പുകളിലായിരുന്നു മൽസരം. മൽസരച്ചൂട് കനത്തതോടെ ബോട്ടുകൾ വെള്ളത്തിനു മുകളിലൂടെ പറക്കുകയാണോ എന്നു പോലും കാണികൾ സംശയിച്ചു.

പോൾ പൊസിഷനിൽ മൽസരം തുടങ്ങിയ ടീം അബുദാബിയുടെ അലക്സ് കാറെലെയാണ് ഷാർജയിൽ കിരീടം ചൂടിയത്. കഴിഞ്ഞ മൂന്നു വട്ടവും ചാംപ്യനായ ഫിലിപ് ഷിയാപ്പെയെ മറികടന്നായിരുന്നു കാറെലെയുടെ ചരിത്ര നേട്ടം. ഡ്രൈവഴ്സ് ചാംപ്യൻഷിപ്പിൽ ഫിലിപ്പ് ഷിയാപ്പെയെ ബഹുദൂരം പിന്നിലാക്കി അലക്സ് കാറെലെ കിരീടം തിരിച്ചു പിടിക്കുകയും ചെയ്തു. 2014ൽ ഷിയാപ്പെയിൽ നിന്നേറ്റ തോൽവിയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം.

അലക്സ് കാറെലെയുടെ മികവിൽ ടീം അബുദാബി 131 പോയിൻറോട് ടീം ചാംപ്യൻഷിപ്പും സ്വന്തമാക്കി. എതിരാളികളില്ലാതെയായിരുന്നു ഇത്തവണ അബുദാബിയുടെ മുന്നേറ്റം. ഫോർമുല വൺ ബോട്ടുകളേക്കാൾ അൽപം കൂടി ചെറിയ F4s ബോട്ടുകളുടെ മൽസരവും ഇതിനോടൊപ്പം ഉണ്ടായിരുന്നു. മാഡ് ക്രോക് ബാബയുടെ റൂഡി മിഹാൽഡെനിച്ചാണ് ഈ ഇനത്തിൽ കിരീടം ചൂടിയത്. ഷാർജയ്ക്ക് പുറമേ അബുദാബിയും എല്ലാ വർഷവും ഫോർമുല വൺ എച്ച്ടുവിനേ വേദിയാകാറുണ്ട്.