ക്രിസ്മസ് വിപണിയില്‍ താരമായി ക്രിസ്മസ് ട്രീകൾ

ക്രിസ്മസ് ട്രീയും പുൽക്കൂടും ഒക്കെ ഒരുക്കി കഴിഞ്ഞു പ്രവാസികൾ. അമേരിക്കയിൽ നിന്നെത്തിയ നല്ല ഒറിജിനൽ ഫിർ മര ക്രിസ്മസ് ട്രീകളാണ് വിപണിയിലെ താരം. ആ ട്രീകളുടെ വിശേഷങ്ങളാണ് ഇനി.

പതിനാറാം നൂറ്റാണ്ടു മുതലുള്ള ചരിത്രമുണ്ട് ക്രിസ്മസ് ട്രീകൾക്ക്. ക്രിസ്മസ് ട്രീയുടെ തുടക്കം സംബന്ധിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. പക്ഷേ ഇന്ന് ക്രിസ്മസ് ആഘോഷങ്ങളിലെ ഏറ്റവും പ്രധാന ഘടകമാണ് ക്രിസ്മസ് ട്രീകൾ. 

പ്ലാസ്റ്റികിലും മറ്റും തയറാക്കിയിരുന്ന ട്രീകൾ ഉപയോഗിച്ചായിരുന്നു അടുത്തകാലം വരെ ക്രിസ്മസ് ട്രീകൾ തയാറാക്കിയിരുന്നത്. എന്നാൽ കൃത്രിമ ട്രീകൾ ഇപ്പോൾ യഥാർഥ ക്രിസ്മസ് ട്രീകൾക്ക് വഴി മാറുകയാണ്. ഗൾഫ് നാടുകളിൽ ഈ രീതി വ്യാപകമായി കഴിഞ്ഞു. അമേരിക്കയിൽ നിന്നും ഹോളണ്ടിൽ നിന്നും കാനഡയിൽ നിന്നുമെല്ലാം യഥാർഥ ഫിർ മരങ്ങൾ ക്രിസ്മസ് ട്രീകളായി ഗൾഫ് നാടുകളിലേക്കെത്തുന്നു.

ഫിർ മരങ്ങളുടെ പല വകഭേദങ്ങളും ക്രിസ്മസ് വിപണിയിലെത്തുന്നുണ്ട്. രൂപഭംഗിയും കൂടുതൽ ഈടു നിൽക്കുന്നതുമായ ഇനമായ നോബിളിനാണ് ആവശ്യക്കാരേറെ. നോര്‍ഡ്മാന്‍, ഫ്രൈസര്‍, ബല്‍സാം, ഗ്രാന്‍ഡ് തുടങ്ങിയ ഇനങ്ങൾക്കും ആവശ്യക്കാരേറെ. നല്ല സുഗന്ധം പരത്തുന്ന നോബിളസ് ഫെയറിനും ഡിമാൻഡ് ഏറെയാണ്. 

അമേരിക്കയിൽ നിന്ന് പ്രത്യേകം തയാറാക്കിയ കണ്ടെയ്നറുകളിലാണ് ക്രിസ്മസ് ട്രീകൾ ഗൾഫിലേക്കെത്തിക്കുന്നത്. ഐസ് നിറച്ച കണ്ടെയ്നറുകളിൽ ഒന്നരമാസത്തോളം സൂക്ഷിച്ചാണ് ഇവ ദുബായിലെത്തിക്കുന്നത്. കണ്ടെയ്നറിൽ നിന്ന് പുറത്തെടുത്താലും ഒരുമാസത്തോളം കേടു കൂടാതെ ഇരിക്കും.

പല വലിപ്പത്തിലും ആകൃതിയിലുമുളള ക്രിസ്മസ് ട്രീകളുണ്ട് വിപണിയിൽ. എട്ട് അടി ഉയരവും അന്പത് കിലോയിലധികം ഭാരമുണ്ട് ഏറ്റവും വലിയ ക്രിസ്മസ് ട്രീകൾക്ക്. ചെറിയ ഇനം ക്രിസ്മസ് ട്രീകളുടെ വിപുലമായ ശേഖരവുമുണ്ട്. മഞ്ഞുപെയ്ത മരങ്ങളും കൃത്രിമ നിറങ്ങള്‍ നല്‍കിയവയും ശേഖരത്തെ വ്യത്യസ്തമാക്കുന്നു. ഗൾഫ് നാടുകളിലെ പ്രവാസി സമൂഹമാണ് ക്രിസ്മസ് ട്രീകളുടെ പ്രധാന ആവശ്യക്കാർ. മലയാളികളും അസ്സല്‍ ട്രീ തേടി എത്തുന്നുണ്ട്.

ഡിസംബറില്‍ വേഷപ്പകര്‍ച്ച നടത്തുന്ന പോണ്‍സിറ്റിയ ചെടികളും ക്രിസ്മസിന് വര്‍ണമയം നല്‍കുന്നു. ക്രിസ്മസ് ട്രീ അലങ്കരിക്കാനുള്ള പൂക്കളും കായകളുമെല്ലാം അസ്സല്‍ തന്നെയാണ് ഉപയോഗിക്കുന്നത്. കൂടാതെ ഇലകള്‍ക്ക് പ്രത്യേക വര്‍ണം നല്‍കി അവതരിപ്പിക്കുന്നുമുണ്ട്. ആവശ്യക്കാരന്‍റെ അഭിരുചിക്കനുസരിച്ച് വിരിയിക്കുന്ന ബഹുവര്‍ണ റോസാ പുഷ്പങ്ങളാണ് മറ്റൊരു ആകര്‍ഷണം.