ക്രിസ്മസ് വരവറിയിച്ച് കാരൾ സംഘങ്ങൾ

ക്രിസ്മസിനെ വരവേൽക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു ഗൾഫ് നാടുകളിൽ. ഉണ്ണിയേശുവിൻറെ ജനനം അറിയിച്ച് കാരൾ സംഘങ്ങൾ ഗൾഫിലെങ്ങും എത്തിക്കഴിഞ്ഞു.

പിറന്ന നാട്ടിലെ നല്ല ക്രിസ്മസ് ഓർമകളെ പ്രവാസ ലോകത്തേക്കും പറിച്ചു നടുകയാണ് ഈ കാരൾ സംഘങ്ങൾ. പെട്രോൾമാക്സും നക്ഷത്രവും സാൻറാക്ലോസുമൊക്കെയായി ഓരോ വീടുകളിലേക്കും ഇവരെത്തുന്നു. ഒപ്പം ഓർമകളിലേക്കു കൂടിയാണ് ഈ കാരൾ സംഘങ്ങളെത്തുന്നത്

ക്രിസ്മസിൻറെ വരവറിയിക്കുന്നതിനൊപ്പം കൂട്ടായ്മയുടെയും സഹവർത്തിത്വത്തിൻറെയും മധുരും കൂടിയുണ്ട് കാരൾ സന്ദർശനങ്ങൾക്ക്. പഴയ കാലത്തെ പ്രശസ്ത കാരൾ ഗാനങ്ങൾ മുതൽ പുതിയ സിനിമാ ഗാനങ്ങളുടെ ട്യൂണിൽ വരെ പാട്ടുകളുണ്ട്. മാസങ്ങൾ നീണ്ട ഒരുക്കങ്ങൾക്കൊടുവിലാണ് ഓരോ കാരൾ സംഘങ്ങളും വീടുകളിലേക്കെത്തുന്നത്.

വാരാന്ത്യങ്ങളിലാണ് പ്രധാനമായും കാരൾ സംഘങ്ങൾ സജീവമാവുക. കാരളിനൊപ്പം പുൽക്കൂടൊരുക്കിയും വലിയ നക്ഷത്രങ്ങൾ തയാറാക്കിയുമൊക്കെ ക്രിസ്മസിനെ വരവേൽക്കുകയാണ് പ്രവാസ ലോകം. വിവിധ പള്ളികൾ കേന്ദ്രീകരിച്ച് ക്വയറുകളുടെ നേതൃത്വത്തിലും കാരൾ ആലാപനവും മൽസരങ്ങളും സംഘടിപ്പിക്കാറുണ്ട്.