പ്രവാസം സമ്മാനിച്ച പാട്ടുകാരി

പ്രവാസലോകത്തിൻറെ പാട്ടുകാരിയാണ് ആൻ ആമി. മലയാള സിനിമയിലെ പുതിയ ശബ്ദം. ദുബായ് മലയാളിയായ ആൻ ആമിയുടെ പാട്ടു വിശേഷങ്ങളാണ് ഇനി. പ്രവാസം മലയാള സിനിമയ്ക്ക് നൽകിയ പ്രതിഭയാണ് ആൻ ആമി. മലയാള സിനിമാ ലോകത്തെ പുതിയ ശബ്ദം. 

ഒരു വർഷത്തിനിടെ തന്നെ ഒരുപിടി നല്ല പാട്ടുകളുമായി മലയാള സിനിമയിൽ വരവറിയിച്ചു കഴിഞ്ഞിരിക്കുന്നു ആൻ.  വർഷങ്ങൾക്കു മുന്പ് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ സബ് ജൂനിയർ തലത്തിൽ ലളിത ഗാനത്തിൽ ഒന്നാം സ്ഥാനം നേടിയാണ് ആൻ ആമി സംഗീതയാത്ര തുടങ്ങിയത്. ദുബായിലെ കലാവേദികളിൽ സജീവ സാന്നിധ്യമായിരുന്നു ആൻ.

രണ്ടു വർഷം മുന്പ് ഒരു പാട്ടിൻറെ ഡെമോ ഒരുക്കിയതോടെയാണ് ആൻ ആമിയ്ക്ക് സിനിമയിലേക്ക് വഴി തുറക്കുന്നത്. ഡെമോ കണ്ട സംഗീത സംവിധായകൻ ഷാൻ റഹ്മാൻ കൊച്ചവ്വ പൌലോ അയ്യപ്പ കൊയ്ലോയിൽ പാടാൻ അവസരം നൽകി. ഏതു മേഘമാരി പോലെ എന്ന ആദ്യ പാട്ടിലൂടെ തന്നെ ആൻ ശ്രദ്ധിക്കപ്പെട്ടു. 

കൊച്ചവ്വ പൌലോയ്ക്ക് ശേഷം ഒട്ടേറെ അവസരങ്ങൾ ആനിനെ തേടിയെത്തി. ജയചന്ദ്രനും ബിജിബാലും രഘു ദീക്ഷിതും അടക്കമുള്ള മികച്ച സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാനായത് വലിയ അനുഭവമാണെന്ന് ആൻ പറയുന്നു. പൈപ്പിൻ ചുവട്ടിലെ പ്രണയമാണ് ആൻ ആമിയുടെ പാട്ടുകളുമായി ഏറ്റവും അവസാനം തിയേറ്ററുകളിലേക്കെത്തിയ സിനിമ.

മലയാളം കടന്ന് തെലുങ്കിലേക്കും എത്തിക്കഴിഞ്ഞു ആൻ ആമിയുടെ ശബ്ദം. ശങ്കർ മഹാദേവനെ ഇഷ്ടപ്പെടുന്ന, അദ്ദേഹത്തിൻറെ സമർപ്പണത്തെ മാതൃകയാക്കുന്ന ആൻ ആമിയുടെ ഏറ്റവും വലിയ പിന്തുണയും പ്രോൽസാഹനവും കുടുംബാംഗങ്ങളാണ്. ഇനിയും ഒരു പിടി പാട്ടുകൾ ആമിയുടേതായി വരാനുണ്ട്... മലയാള സിനിമയിലേക്ക്. നമുക്ക് കാത്തിരിക്കാം ആ നല്ല പാട്ടുകൾക്കായി.