കാഴ്ചകളുടെ കാട്

ദുബായ് സമ്മാനിക്കുന്ന പുതിയ വിസ്മയ അനുഭവമാണ് ദുബായ് സഫാരി പാർക്ക്. വന്യമായ കാഴ്ചകളുടെ ഒരു കൊടുംകാടാണിത്. മരുഭൂമിക്ക് നടുവിൽ ഒരുക്കിയെടുത്ത വിസ്മയ ലോകം. ഇനി ദുബായ് നഗരത്തിന്റെ വിലാസം അംബരചുംബികളുടെ മാത്രമല്ല, കാടിന്റെ കൂടിയാണ്. വന്യതയുടെ കാണാപുറങ്ങൾ മരുഭൂമിയുടെ ഹൃദയത്തിൽ പറിച്ചുനട്ട് പുതിയ മാന്ത്രികതയുമായി ദുബായ് സഫാരി പാർക്ക് തുറന്നു.

കാട് ഈ മരുഭൂമിയിൽ സഫാരി പാർക്കായി സമൃദ്ധമാകുകയാണ്. വെള്ളച്ചാട്ടമായി, കുന്നുകളായി, വിഷപ്പല്ലുമായി ചീറ്റിയടുക്കുന്ന ഉഗ്രവിഷപാമ്പുകളായി, കടുവകളും പുലികളുമായി, ആനകളായി.. വനവും വന്യജീവികളും അപൂർവകാഴ്ചയല്ല, പക്ഷേ മരുഭൂമിയിലാകുമ്പോൾ അത് അത്ഭുതമാകുന്നു. പാതയുടെ ഇരുവശത്തും സ്വൈരവിഹാരം നടത്തുന്ന വന്യമൃഗങ്ങള്‍ നിറഞ്ഞ119 ഹെക്ടർ തുറന്ന മൃഗശാലയാണു സഫാരി പാർക്ക്.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തി അഞ്ഞൂറോളം മൃഗങ്ങളാണ് ഇവിടെയുള്ളത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള അത്യപൂര്‍വ ഇനം ജീവജാലങ്ങളും ഇന്ത്യയില്‍നിന്നുള്ള ആനയും വൈകാതെ ഇവിടെ എത്തും. 2020 ആകുമ്പോഴേക്കും മൃഗങ്ങളുടെ എണ്ണം 5000 ആയി ഉയരും.

കാടിനു നടുവിലൂടെയുള്ള യാത്രയുടെ അനുഭവമാണ് സഫാരി വില്ലേജിന്‍റെ പ്രത്യേകത. രാജ്യാന്തര പഠന, ഗവേഷണ, ഉല്ലാസകേന്ദ്രം കൂടിയാണിത്. പരിചയമ്പന്നരായ ഗൈഡുകൾ മൃഗങ്ങളെക്കുറിച്ച് വിശദീകരിക്കും. അഞ്ചു വില്ലേജുകളിലായാണ് ഇവിടെ മൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നത്. കവചിത വാഹനങ്ങളിൽ മെല്ലെ യാത്രചെയ്ത് വന്യമൃഗങ്ങളെ അടുത്തുകാണാം. സിംഹവും പുലിയും കടുവയുമെല്ലാം സ്വതന്ത്രമായി വിഹരിക്കുന്നു.

പലയിനം കുരങ്ങുകളും കഴുതപ്പുലിയും ചെന്നായുമെല്ലാം ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നു. വിവിധ ഇനം മൂർഖൻ, അണലി, മരുഭൂമിയിലെ ഉഗ്രവിഷമുള്ള പാന്പുകൾ എന്നിവയ കൌതുകത്തിനൊപ്പം അൽപം പേടിയും സമ്മാനിക്കും. ഓരോ മൃഗങ്ങൾക്കും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ ഒരുക്കിയിരിക്കുന്നു. ചൂടിനെ അതിജീവിക്കാൻ എയർ കണ്ടീഷൻ ചെയ്ത ഗുഹകളും ഉണ്ട്.

മരുഭൂമിയിലെ ജീവികളെ കുറിച്ച് അടുത്തറിയാനുള്ള അവസരമാണ് അറേബ്യൻ വില്ലേജിൽ ഒരുക്കിയിരിക്കുന്നത്. വന്യജീവി സംരക്ഷണത്തിന് യുഎഇ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും മനസിലാക്കാനും ഇവിടെ അവസരമുണ്ട്.

പൂർണമായും പരിസ്ഥിതി സൌഹൃദമായാണ് സഫാരി പാർക്ക് തയാറാക്കിയിരിക്കുന്നത്. പ്രതിദിനം പതിനായിരത്തിലേറെ സന്ദർശകരെയാണ് ഇവിടേക്ക് പ്രതീക്ഷിക്കുന്നത്.