പുരോഗതിയുടെ 47 ആണ്ടുകള്‍ പിന്നിട്ട് ഒമാൻ

നേട്ടങ്ങളുടെ നെറുകയിൽ നാൽപ്പത്തിയേഴാം ദേശീയ ദിനം ആഘോഷിക്കുകയാണ് ഒമാൻ. സുൽത്താൻ ഖാബൂസ് എന്ന കരുത്തനായ നായകൻറെ നേതൃമികവിനുള്ള ആദരം കൂടിയാണ് ഓരോ ദേശീയദിനാഘോഷവും,  

ചരിത്രത്തിന്‍റെ പടയോട്ടങ്ങള്‍ക്ക് ഏറെ സാക്ഷ്യം വഹിച്ച ഭൂമികയാണ് ഒമാന്‍. അറബ് ലോകത്തില്‍ തനതായ പാരന്പര്യവും സംസ്കാരവുമുള്ള പ്രവാസ ഭൂമി. സുല്‍ത്താന്‍ ഖാബൂസ് എന്ന ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയുടെ നേതൃത്വത്തില്‍ പുരോഗതിയുടെ 47 ആണ്ടുകള്‍ പിന്നിടുകയാണ് ഒമാന്‍. 

ഒമാന്‍ എന്ന രാജ്യത്തെ വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും നാഴികക്കല്ലുകളാണ് ഓരോ ദേശീയദിനവും. പ്രതികൂല സാഹചര്യങ്ങളോട് മല്‍സരിച്ച് ഒന്നുമില്ലായ്മയില്‍ നിന്ന് ഒന്നാമനായി മാറിയ ഒരു ദേശത്തിന്‍റെ കഥയാണത്. സമഗ്രവളര്‍ച്ചയുടെയും സുസ്ഥിര വികസനത്തിന്‍റെയും കാര്യത്തില്‍ ഇന്ന് ഒരു ലോകമാതൃകയാണ് ഒമാന്‍. 

വികസനത്തിലും പുരോഗതിയിലും ഒന്നാമത് നില്‍ക്കുന്ന, അറിവിലും സംസ്കാരത്തിലും ലോകത്തിന് മാതൃകയാവുന്ന ഒരു രാജ്യമാണ് അധികാരമേൽക്കുന്പോൾ സുൽത്താൻ ഖാബൂസ് വാഗ്ദനം ചെയ്തത്. ആ വാഗ്ദാനങ്ങളാണ് ഇന്നത്തെ ഒമാനായി വളർന്നത്. അതുകൊണ്ട് തന്നെ സ്വദേശികളും വിദേശികളുമടങ്ങുന്ന ജനസമൂഹം സുൽത്താൻ ഖാബൂസിൻറെ ജൻമദിനം ദേശീയ ദിനമായി ആഘോഷിക്കുന്നു

ആധുനിക സൗകര്യങ്ങളുള്ള ലോകത്തെ ഒന്നാം നിര രാഷ്ട്രമായി ഒമാന്‍വളര്‍ന്നു കഴിഞ്ഞു. 47 വർഷം കൊണ്ട് രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പാദനം 275 ഇരട്ടി വളര്‍ന്നു. ആളോഹരി വരുമാനം 56.5 ഇരട്ടിയിലേറെയായി. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലും ഒമാൻ ഏറെ മുന്നിലെത്തി.

ഒരു കാലഘട്ടത്തിൽ എണ്ണയിൽ നിന്നുള്ള വരുമാനം ആയിരുന്നു ഒമാന്റെ വികസന സങ്കൽപ്പങ്ങൾക്ക് ചിറക് മുളപ്പിച്ചതെങ്കിൽ , ഇന്ന് അതിൽ നിന്നെല്ലാം വ്യത്യസ്തമായി എണ്ണയിതര വരുമാന മാർഗങ്ങളെ കൂടുതൽ വളർത്തിയുടെടുക്കാൻ ഒമാന് സാധിച്ചു.ഇതിൽ പ്രധാനപ്പെട്ടത് വിനോദ സഞ്ചാരമേഖലയും കാര്ഷികമേഖലയുമാണ്‌.

ലോകത്തെ മുന്‍നിര ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഒമാന്‍ പേരെടുത്തു. രാജ്യത്തിന്‍റെ പാരന്പര്യത്തിലും സംസ്കാരത്തിലും കോട്ടം തട്ടാത്ത വിധമായിരുന്നു ഈ വികസന കുതിപ്പുകളെല്ലാം. വിദേശികളും സ്വദേശികളും തമ്മിലുള്ള സഹവര്‍ത്വിത്തവും ഒമാന്‍റെ മുന്നേറ്റത്തില്‍നിര്‍ണയകമായി. പതിനായിരക്കണക്കിന് മലയാളികള്‍ക്കും ഒമാന്‍തണലൊരുക്കുന്നു. 

സ്വപ്നങ്ങളും ലക്ഷ്യങ്ങളും സാക്ഷാല്‍ക്കരിച്ച് പുതിയ ലക്ഷ്യങ്ങളിലേക്കും ഉയരങ്ങളിലേക്കും ഒമാന്‍ യാത്ര തുടരുകയാണ്. ഒരു സമൂഹമായി.