അക്ഷരങ്ങളുടെ അമൃതമഴയേകി ഷാർജ രാജ്യാന്തര പുസ്തകോൽസവം

യുഎഇയുടെ സാംസ്കാരിക നഗരത്തിൽ അക്ഷരങ്ങളുടെ അമൃതമഴയേകി ഷാർജ രാജ്യാന്തര പുസ്തകോൽസവം. എന്റെ പുസ്തകത്തിലെ ലോകം എന്ന പ്രമേയത്തിൽ സംസ്കാരങ്ങളുടെ കൈമാറ്റം അക്ഷരങ്ങളിലൂടെ യാഥാർഥ്യമാക്കുകയാണ് ഷാർജ. പതിനഞ്ചു ലക്ഷത്തിലേറെ പുസ്തകങ്ങളെയും നൂറോളം ലോകോത്തര എഴുത്തുകാരെയും അടുത്തറിയാനുള്ള അവസരം കൂടിയാണിത്. 

സാങ്കേതിക വിദ്യയുടെ അതിപ്രസരത്തിലും എഴുത്തും വായനയും കരുത്താർജിക്കുകയാണെന്ന്  യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമി പറഞ്ഞു.  മുപ്പത്തിയാറാമത് ഷാർജ രാജ്യാന്തര പുസ്തകമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അക്ഷരങ്ങൾ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നു. ലോകത്തിലെ കാലുഷ്യവും ഇരുളും അകറ്റാൻ  അറിവിന്റെ പ്രകാശത്തിന് കഴിയുമെന്നും ചൂണ്ടിക്കാട്ടി. 

എന്റെ പുസ്തകത്തിലെ ലോകം എന്ന പ്രമേയത്തിൽ നടക്കുന്ന  പുസ്തകമേളയിൽ ഇംഗ്ലണ്ടാണ് ഇത്തവണത്തെ അതിഥി രാജ്യം.  ലോകത്തിലെ നൂറിലേറെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും മേളയെ സവിശേഷമാക്കുന്നു. 

15 ലക്ഷം തലക്കെട്ടുകളിലുള്ള പുസ്തകങ്ങൾ അക്ഷരപ്രേമികൾക്ക് മികച്ച വായനാനുഭവം സമ്മാനിക്കും. ഇതോടനുബന്ധിച്ച് കവിയരങ്ങ്, മുഖാമുഖം തുടങ്ങിയ പരിപാടികൾ മേളയെ കൂടുതൽ സജീവമാക്കുന്നു. എംടി വാസുദേവനായർ അടക്കം മലയാളത്തിൽ നിന്ന് മുപ്പതോളംപേർ വായനക്കാരുമായി സംവദിക്കും. പുസ്തകമേളയ്ക്ക് ആദ്യമായെത്തിയ സിവി ബാലകൃഷ്ണന് ഇതുവരെ എത്താൻ സാധിക്കാതിരുന്നതിന്റെ ദുഃഖവും പങ്കിട്ടു.  

കഴിഞ്ഞ മൂന്നര ദശാബ്ദം കൊണ്ട് പുസ്തകകോൽസവം  ഗൾഫിലെ ഏറ്റവും വലിയ മേളയായി മാറിക്കഴിഞ്ഞു. ശാസ്ത്രം, സാഹിത്യം, സംസ്കാരം എന്നീ വിഭാഗങ്ങൾക്ക് വലിയൊരു വേദിയാണ് ഒരുക്കിയിട്ടുള്ളത്. സാഹിത്യ, കലാ, സാംസ്കാരിക പ്രവർത്തകർക്കെ പുറമെ രാഷ്ട്രീയ നേതാക്കളും അക്ഷര നഗരിയിലെത്തി.

ഏഴാം നമ്പർ ഹാൾ  ഇന്ത്യൻ പ്രസാധകർക്കായി മാറ്റിവച്ചതും മേളയിൽ ഇന്ത്യയ്ക്കുള്ള പ്രാധാന്യം വിളിച്ചറിയിക്കുന്നു. ഇതിൽ കൂടുതലും മലയാള പ്രസാധകരാണ്. എഴുത്തുകാരനും കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറുമായ വികാസ് സ്വരൂപ് പവിലിയൻ ഉദ്ഘാടനം ചെയ്തു.

പുസ്തകമേളയിൽ ആദ്യമായി സാന്നിധ്യമറിയിച്ച മലയാള മനോരമയുടെ സ്റ്റാൾ സാഹിത്യകാരന് സ.ി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  റേഡിയോ മാംഗൊ ട്വീറ്റ് ട്രീയിലൂടെ കവിതയും കഥയും മരംകയറുന്ന കാഴ്ചയുണ്ട്. കഥയും കടങ്കഥകളുമായി റേഡിയോ മാംഗൊ കൂട്ടുകാരും വായനക്കാരെ ആകർഷിക്കുന്നു. 

പുരുഷന്മാർ അരങ്ങുതകർക്കുന്ന പ്രസിദ്ധീകരണ രംഗത്തേക്ക് മലയാളി വനിതയുടെ സാന്നിധ്യവും ശ്രദ്ധേയമായി. പ്രവാസി എഴുത്തുകാർക്ക് അവസരമൊരുക്കി പ്രസിദ്ധീകരണ രംഗത്തെത്തിയ ഇവർ ഇതോടകം ശ്രദ്ധേയമായ ഇടം കണ്ടെത്തിയിട്ടുണ്ട്.

ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒൻപത് മുതൽ രാത്രി 10 വരെയാണ് പ്രവേശനം. ശനിയാഴ്ച രാവിലെ ഒൻപത് മുതൽ രാത്രി 11 വരെയും വെള്ളിയാഴ്ച വൈകിട്ട് നാല് മുതൽ രാത്രി 11 വരെയും.