മഴ, മണ്ണ്, മനുഷ്യന്‍: അതിജീവനത്തിന്റെ പുസ്തകം ഷാർജ പുസ്തകമേളയിൽ ഹിറ്റ്

പ്രളയദുരന്തത്തെ അതിജീവിച്ച കേരളത്തെക്കുറിച്ചുള്ള മഴ, മണ്ണ്, മനുഷ്യൻ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ശ്രദ്ധേയമാകുന്നു. പ്രവാസിസാഹിത്യകാരൻ ഷാബു കിളിത്തട്ടിലിൻരെ നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പ്രളയത്തെക്കുറിച്ചുള്ള വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായങ്ങളും കാഴ്ചകളുമാണ് പുസ്തകം വിവരിക്കുന്നത്.

പ്രളയത്തിൽ കേരളത്തെ ഒരുമിപ്പിച്ച മൂല്യങ്ങൾ പ്രളയത്തോടെ ഒലിച്ചു പോയതിന്റെ വേദനകൾക്കിടെ ഒരു ഓർമപ്പെടുത്തലാണ് മഴ, മണ്ണ്, മനുഷ്യൻ എന്ന ഈ പുസ്തകം. അതിജീവനത്തിൻറെ പുസ്തകം. എല്ലാം മറന്നു മനുഷ്യനായി ജീവിച്ച നാളുകളെക്കുറിച്ചു മലയാളത്തിലെ വിവിധ മേഖലയിലുള്ളവരുടെ വാക്കുകളാണ് പുസ്തകത്തിലുള്ളത്. ചെങ്ങന്നൂരിലെ പ്രളയദുരന്തത്തിൽ പെട്ടുപോയ എഴുവയസുകാരൻ ഇക്രുവിൻറെ ചിന്തകളും പുസ്തകത്തിൻറെ ഭാഗമാണ്. 

പ്രളയവുമായി ബന്ധപ്പെട്ട നാസയുടെ ചിത്രങ്ങൾ അടക്കം ഗവേഷണവിവിരങ്ങൾ പുസ്തകത്തിലുണ്ട്. 99ലെ പ്രളയത്തെക്കുറിച്ചുള്ള ഇതുവരെ കേട്ടിട്ടില്ലാത്ത വിവരങ്ങളും വാർത്തകളും വായനക്കാർക്ക് പുതിയഅനുഭവമായിരിക്കും. ഷാർജ പുസ്തകമേളയിൽവച്ചാണ് പുസ്തകം കേരളത്തിലെ പുതിയതലമുറയ്ക്കു സമർപ്പിച്ചത്.