സാരികളിൽ മ്യൂറൽവസന്തം തീർത്ത് ആശാബിനോവ്

മ്യൂറൽ പെയിന്റിങിൽ വർണവിസ്മയം തീർക്കുന്ന വീട്ടമ്മയെ പരിചയപ്പെടാം. തിരുവന്തപുരം പൂജപ്പുര സ്വദേശി ആശാ ബിനോവ് ആണ് സാരികളിൽ വസന്ത സൗന്ദര്യം തീർക്കുന്നത്. 

ചിത്രങ്ങളിൽ ശ്രീകൃഷ്ണ ലീലകളാണ്  കൂടുതൽ പ്രിയമെന്ന് ആശ പറയുന്നു. കൃഷ്ണനും ഗോപികമാരും, മയിലാട്ടം, ഓടക്കുഴൽ വായിക്കുന്ന കൃഷ്ണൻ തുടങ്ങി പത്തുവർഷം കൊണ്ട് നിരവധി ചിത്രങ്ങൾ ആശ വരച്ചിട്ടുണ്ട്.

ആവശ്യക്കാരുടെ അഭിരുചിയിലാണ് ആശ ചായം തേക്കുന്നത്.  അതുകൊണ്ടുതന്നെ വ്യത്യസ്ത ആശയങ്ങൽ ചിത്രങ്ങളിൽ കടന്നുവരുന്നു. ശിവപാർവതി രവിവർമ്മ ചിത്രങ്ങൾ അവയിൽ ചിലതാണ്. കൂടാതെ കഥകളിയുടെ വിവിധ ഭാവങ്ങൾക്കും മയിൽപീലിക്കും നിറംചാർത്തി. 

സാരികൾക്ക് പുറമെ ഷർട്ട്, മുണ്ട്, ചുരിദാർ, ദുപ്പട്ട, കുർത്ത എന്നിവയെയും വർണ്ണമയമാക്കും. കുടുംബത്തിലെ അംഗങ്ങൾക്കെല്ലാം ഒരേ ഡിസൈൻ വരച്ചുകൊടുത്ത അനുഭവവും ആശ പങ്കുവച്ചു.

ബംഗലുരുവിൽ ഫാഷൻ ഡിസൈനിങ് പൂർത്തിയാക്കി ശേഷമാണ് ആശ മ്യൂറൽ പെയിന്റിങിൽ ഡിപ്ലോമ എടുത്തത്. ഇതിന് പുറമെ പോര്ട്രെയ്റ്റ്, ഗ്ലാസ് പെയിന്റിങിലും കഴിവ് തെളിയിച്ചിട്ടുണ്ട് ഈ കലാകാരി.

ഭാവനകളില്വിരിയുന്ന വേറിട്ട പരീക്ഷണങ്ങൾകൊണ്ട് വ്യത്യസ്തയാകുന്ന ആശ പ്രവാസി വീട്ടമ്മമാര്ക്ക് മാതൃകയാണ്.  ഒഴിവു സമയം ക്രിയാത്മകമായി വിനിയോഗിച്ചാൽ  പോക്കറ്റും നിറയ്ക്കാമെന്ന് ഇവർ നൽകുന്ന സന്ദേശം.