voyeger-nasa

Image: NASA

TOPICS COVERED

ഭൂമിയിൽ നിന്ന് പ്രകാശത്തിന് പോലും ഒരു ദിവസം വേണ്ടിവരുന്ന ദൂരത്തിലേക്ക് മനുഷ്യൻ നിർമിച്ച ഒരു പേടകം എത്തുകയാണ്. ഏകദേശം 2,590 കോടി കിലോമീറ്റർ അകലെ! അവിടെ നിന്ന് ഭൂമിയിലേക്ക് ഒരു സന്ദേശമെത്താൻ മാത്രം 24 മണിക്കൂർ! മനുഷ്യരില്ലാത്ത ആ പേടകത്തിൽ പക്ഷേ മനുഷ്യരാശിയുടെ ഓർമകളുണ്ട്. ഭൂമിയുടെ ചിത്രങ്ങളും ശബ്ദങ്ങളും സംഗീതവുമുണ്ട്. ഒരിക്കൽ പ്രപഞ്ചത്തിലെ മറ്റാരെങ്കിലും കണ്ടെത്തിയാൽ, ഭൂമി എന്നൊരു ഗ്രഹത്തിൽ നമ്മൾ ജീവിച്ചിരുന്നു എന്ന് അറിയിക്കാനുള്ള സന്ദേശം! ഇത് വെറുമൊരു ബഹിരാകാശ യാത്രയല്ല. മനുഷ്യന്റെ സ്വപ്നങ്ങൾ പ്രകാശത്തേക്കാൾ ദൂരേക്ക് സഞ്ചരിക്കുന്ന അത്ഭുതകഥയാണ്. നാസയുടെ വോയേജർ 1 എന്ന അനശ്വര ബഹിരാകാശ സഞ്ചാരിയുടെ കഥ!

 എന്താണ് പ്രകാശദിനം?– ഒരു സെക്കൻഡിൽ ഏകദേശം മൂന്ന് ലക്ഷം കിലോമീറ്ററാണ്  പ്രകാശത്തിന്റെ  വേഗം. അതായത് നമ്മൾ ഒന്ന് കണ്ണുചിമ്മുന്ന സമയംകൊണ്ട് തന്നെ പ്രകാശം ഭൂമിയെ പലതവണ ചുറ്റാൻ കഴിയുന്നത്ര ദൂരം പിന്നിടും. അങ്ങനെയുള്ള പ്രകാശം 24 മണിക്കൂർ തുടർച്ചയായി സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശദിനം. കണക്കുപറഞ്ഞാൽ ഏകദേശം 2,590 കോടി കിലോമീറ്റർ!

49 വർഷം മുമ്പ് തുടങ്ങിയ യാത്ര– 1977-ലാണ് കഥ തുടങ്ങുന്നത്. അന്ന് സ്മാർട്ട്ഫോണില്ല, വാട്സ്ആപ്പില്ല, ഗൂഗിൾ മാപ്പുമില്ല. ഇന്റർനെറ്റും ഇന്നത്തെ രൂപത്തിൽ സാധാരണക്കാരുടെ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. അക്കാലത്ത് നാസ രണ്ട് ബഹിരാകാശ പേടകങ്ങളെ യാത്രയാക്കി. വോയേജർ 1, വോയേജർ 2. രസകരമായ കാര്യം എന്താണെന്നോ? വോയേജർ 2 ആണ് ആദ്യം പുറപ്പെട്ടത്. പക്ഷേ വോയേജർ 1 അതിനെ മറികടന്ന് മുന്നിലെത്തി!

1977 സെപ്റ്റംബർ അഞ്ചിനായിരുന്നു വോയേജർ 1-ന്റെ വിക്ഷേപണം. വ്യാഴവും ശനിയും സന്ദർശിക്കാനായിരുന്നു ആദ്യ പദ്ധതി. ഗ്രഹങ്ങളുടെ മനോഹരമായ ചിത്രങ്ങളും അവയുടെ ഉപഗ്രഹങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളും വോയേജർ ഭൂമിയിലേക്ക് അയച്ചു. ജോലി കഴിഞ്ഞാൽ തിരികെ വരുമെന്നാണല്ലോ സാധാരണ പ്രതീക്ഷ. എന്നാൽ വോയേജറിന് മടക്കയാത്രയില്ലായിരുന്നു! വ്യാഴവും ശനിയും പിന്നിട്ട് പേടകം മുന്നോട്ടുതന്നെ പോയി. 2012-ൽ സൂര്യൻ സൃഷ്ടിക്കുന്ന ഹീലിയോസ്ഫിയർ എന്ന സംരക്ഷണമേഖലയും കടന്ന് നക്ഷത്രാന്തര ബഹിരാകാശത്തിലെത്തി. ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിർമിത വസ്തുവാണ് വോയേജർ 1.

1977-ലെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വോയേജർ ഇപ്പോഴും ബഹിരാകാശത്ത് പ്രവർത്തിക്കുന്നു എന്നതാണ് അത്ഭുതം. വോയേജറിൽ സോളാർ പാനലുകളല്ല ഊർജസ്രോതസ്സ്. പ്ലൂട്ടോണിയം-238-ന്റെ റേഡിയോ ആക്ടീവ് ക്ഷയത്തിൽ നിന്നുള്ള താപത്തെ വൈദ്യുതിയാക്കി മാറ്റുന്ന പ്രത്യേക സംവിധാനമാണ് ഉപയോഗിക്കുന്നത്. പക്ഷേ വർഷങ്ങൾ കഴിയുന്നതിനനുസരിച്ച് വൈദ്യുതിയുടെ അളവ് കുറഞ്ഞുവരികയാണ്. അതുകൊണ്ട് ശാസ്ത്രീയ ഉപകരണങ്ങൾ ഓരോന്നായി നാസ ഓഫ് ചെയ്യുകയാണ്. എങ്കിലും ബഹിരാകാശത്തിലെ കാന്തികക്ഷേത്രവും പ്ലാസ്മ തരംഗങ്ങളും പഠിക്കുന്ന ഉപകരണങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്.

ഇത്രയും ദൂരെയുള്ള പേടകവുമായി ആശയവിനിമയം നടത്തുന്നത് നാസയ്ക്കും വലിയ വെല്ലുവിളിയാണ്. 2026 ഒക്ടോബറിൽ വോയേജർ 1-ൽ നിന്നുള്ള റേഡിയോ സിഗ്നൽ താൽക്കാലികമായി ലഭിക്കാതായി. ഒക്ടോബർ 18, 19 തീയതികളിലെ നിശ്ചയിച്ചിരുന്ന ആശയവിനിമയ ശ്രമങ്ങളിൽ പേടകത്തിന്റെ സിഗ്നൽ കണ്ടെത്താനായില്ല. ഒടുവിൽ ഒക്ടോബർ 20-ന് ബന്ധം പുനഃസ്ഥാപിച്ചു. 49 വർഷം പഴക്കമുള്ള പേടകം ഇടയ്ക്കൊന്ന് മിണ്ടാതായപ്പോൾ ശാസ്ത്രജ്ഞർക്കും ആശങ്കയായി. പക്ഷേ വോയേജർ വീണ്ടും സിഗ്നൽ അയച്ചു തുടങ്ങി.

ഭൂമിയുടെ സമ്മാനവുമായി വോയേജർ– വോയേജറിനൊപ്പം വളരെ കൗതുകകരമായ മറ്റൊന്നും യാത്ര ചെയ്യുന്നുണ്ട്. ഒരു ഗോൾഡൻ റെക്കോർഡ്!

ഭൂമിയിലെ മനുഷ്യരുടെ ശബ്ദങ്ങളും വിവിധ സംസ്കാരങ്ങളിലെ സംഗീതവും പ്രകൃതിയുടെ ശബ്ദങ്ങളും ചിത്രങ്ങൾ രേഖപ്പെടുത്തിയ വിവരങ്ങളും ഇതിലുണ്ട്. മനുഷ്യരാശിയുടെ ഒരു പരിചയപ്പെടുത്തൽ കാർഡ് എന്നുതന്നെ പറയാം.

ഇനി എന്നെങ്കിലും മറ്റൊരു ഗ്രഹത്തിലെ ബുദ്ധിയുള്ള ജീവികൾ ഈ പേടകം കണ്ടെത്തിയാൽ, ഭൂമിയിൽ മനുഷ്യർ എന്നൊരു വിഭാഗം ജീവിച്ചിരുന്നുവെന്ന് അറിയാൻ സഹായിക്കുന്ന സന്ദേശമാണിത്.ചുരുക്കിപ്പറഞ്ഞാൽ, നമ്മൾ ബഹിരാകാശത്തേക്ക് അയച്ച ഒരു കോസ്മിക് വിസിറ്റിംഗ് കാർഡ്!

 വോയേജറിന് വേണ്ടി ഭൂമിയിൽ വെളിച്ചത്തിന്റെ ആഘോഷം– നവംബർ 18-ന് വോയേജർ 1 ഒരു പ്രകാശദിനം എന്ന ചരിത്രദൂരം പിന്നിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:46:07-നാണ് ഈ നാഴികക്കല്ല് പ്രതീക്ഷിക്കുന്നത്. ഈ നേട്ടം ആഘോഷിക്കാൻ നാസ ലോകമെമ്പാടുമുള്ള ആളുകളെയും ക്ഷണിച്ചിട്ടുണ്ട്.നവംബർ 17-ന് സൂര്യാസ്തമയത്തിനുശേഷം ഫോൺ ലൈറ്റോ ടോർച്ചോ ഉപയോഗിച്ച് ആകാശത്തേക്ക് വെളിച്ചം തെളിക്കാം. വോയേജറിന്റെ ചുരുക്കപ്പേരായ VGR എന്ന അക്ഷരങ്ങൾ മോഴ്സ് കോഡിൽ പ്രകാശിപ്പിക്കുകയാണ് ആഘോഷത്തിന്റെ പ്രത്യേകത. എന്നാൽ ഈ വെളിച്ചം വോയേജറുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ളതല്ല. മനുഷ്യരാശിയുടെ ചരിത്രയാത്രയ്ക്കുള്ള പ്രതീകാത്മകമായ അഭിവാദ്യമാണ്.

മനുഷ്യൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത ബഹിരാകാശത്തിന്റെ ആഴങ്ങളിലേക്ക്, മനുഷ്യന്റെ കൗതുകവും അറിവും സ്വപ്നങ്ങളുമായി വോയേജർ യാത്ര തുടരുകയാണ്.

ENGLISH SUMMARY:

Voyager 1 spacecraft has reached a historic milestone by traveling a distance that takes light an entire day to cover from Earth. This incredible journey highlights humanity's greatest achievements in deep space exploration and our quest to reach the stars.