This image made from video by NASA shows Russian astronaut Alexei Ovchinin, left, Butch Wilmore, center, and Suni Williams wait to greet newly arrived astronauts after the SpaceX capsule docked with the International Space Station, Sunday, March 16, 2025.AP/PTI(AP03_16_2025_000051A)

File Image (AP/PTI)

  • ആറുമാസമോ അതിലേറെയോ നീണ്ടു നില്‍ക്കുന്ന ദൗത്യങ്ങള്‍ക്ക് നാസ തയാറെടുക്കുന്നതിനിടയില്‍ ഈ പഠന റിപ്പോര്‍ട്ടിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു

ബഹിരാകാശത്തെ ദീര്‍ഘകാലവാസം സഞ്ചാരികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. പുറമേക്ക് ദൃശ്യമായില്ലെങ്കിലും തിരികെ ഭൂമിയിലെത്തുമ്പോള്‍ അസ്ഥികളുടെ ആരോഗ്യം പാടെ ക്ഷയിച്ചതായി കാണുന്നുവെന്നും  ഇടുപ്പെല്ലിന് പൊട്ടലുണ്ടാകാനുള്ള സാധ്യതയേറുന്നുവെന്നുമാണ് കണ്ടെത്തല്‍. 90 ദിവസത്തില്‍ കൂടുതല്‍ ബഹിരാകാശത്ത് ചെലവഴിക്കുന്ന യാത്രികരിലാണ് ഇടുപ്പെല്ലിന് പൊട്ടല്‍ കണ്ടെത്തിയത്. 

ഹ്രസ്വകാലത്തെ ബഹിരാകാശവാസത്തിന് പോകുന്നവരില്‍ ഈ ബുദ്ധിമുട്ട് കണ്ടില്ലെന്നും മയോ ക്ലിനിങ് പ്രൊസീഡിങ്സില്‍ പബ്ലിഷ് ചെയ്ത പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.  യുഎസില്‍ നിന്നുള്ള ബഹിരാകാശ സഞ്ചാരികളെയാണ് പഠന വിധേയമാക്കിയത്. ഇവരില്‍ അസ്ഥികള്‍ക്ക് പ്രത്യേകിച്ചും ഇടുപ്പിലെ അസ്ഥികള്‍ക്ക് പൊട്ടലേല്‍ക്കുന്നതായാണ് കണ്ടെത്തിയത്. സാധാരണക്കാരെക്കാള്‍ കൂടുതല്‍ ഇടുപ്പെല്ല് പൊട്ടല്‍ നിരക്കും ദീര്‍ഘകാല ബഹിരാകാശ യാത്ര നടത്തിയവരിലാണ് കൂടുതലെന്നും പഠനം പറയുന്നു.

മൈക്രോ ഗ്രാവിറ്റിയില്‍ മനുഷ്യശരീരത്തിന് സംഭവിക്കുന്ന മാറ്റമാണിതിന് കാരണമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. ഭൂമിയിലായിരിക്കുമ്പോള്‍ നടപ്പ്, നില്‍പ്പ്, മറ്റ് ശാരീരിക വ്യായാമങ്ങള്‍ എന്നിവയിലൂടെ അസ്ഥികള്‍ സദാ ഭൂഗുരുത്വത്തോട് പ്രതികരിച്ചുകൊണ്ടേയിരിക്കും. ബഹിരാകാശത്ത് ഭാരമില്ലാതെ ഒഴുകി നടക്കുന്നതിനാല്‍ അസ്ഥിബലവും പേശീബലവും കുറയും. അതേസമയം, എല്ലിന്‍റെ ബലം നഷ്ടമാകുന്നത് കാരണമുള്ള ബുദ്ധിമുട്ടുകള്‍ ഭൂമിയിലെത്തിയാലുടന്‍ ബഹിരാകാശ യാത്രികര്‍ക്ക് അനുഭവപ്പെടണമെന്നില്ല. എല്ലുകള്‍ ആരോഗ്യം വീണ്ടെടുത്തുവെന്ന് ഉറപ്പിക്കുന്നതിന് മുന്‍പ് തന്നെ ബഹിരാകാശ സഞ്ചാരികള്‍, ശാരീരിക അധ്വാനം ആവശ്യമായി വരുന്ന മറ്റ് പ്രവര്‍ത്തനങ്ങളില്‍ മുഴുകും. ഇതോടെ പൊട്ടല്‍ പ്രകടമാകും.

ആറുമാസമോ അതിലേറെയോ നീണ്ടു നില്‍ക്കുന്ന ദൗത്യങ്ങള്‍ക്ക് നാസ തയാറെടുക്കുന്നതിനിടയില്‍ ഈ പഠന റിപ്പോര്‍ട്ടിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ബഹിരാകാശ വാസത്തിന് പോകുന്നതിന് മുന്‍പും ശേഷവും നാസ ഇപ്പോള്‍ ക്വാണ്ടിറ്റേറ്റീവ് സിടി സ്കാന്‍ നടത്താറുണ്ട്. അസ്ഥികളുടെ ആന്തരീകഘടനയെ കുറിച്ച് വിശദമായ വിവരങ്ങള്‍ ഇതില്‍ നിന്നും ലഭിക്കും.  ഇത് ഇവര്‍ ബഹിരാകാശത്ത് നിന്ന് മടങ്ങിയെത്തിക്കഴിയുമ്പോള്‍ ജീവിതക്രമം ചിട്ടപ്പെടുത്തി നല്‍കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് സഹായകമാകും. ആര്‍ക്കൊക്കെ പ്രത്യേക പരിചരണം വേണമെന്നും എത്തരത്തിലുള്ള വ്യായാമങ്ങളാണ് ആവശ്യമെന്നും നിര്‍ദേശിക്കാനും കഴിയും. വ്യായാമത്തിന് പുറമെ ഭക്ഷണക്രമവും മരുന്നും ബഹിരാകാശ യാത്രികരുടെ അസ്ഥികളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ബഹിരാകാശത്ത് നിന്ന് സുരക്ഷിതരായി ഭൂമിയിലെത്തിക്കുക എന്നത് പോലെ പ്രധാനമാണ് യാത്രികരുടെ പിന്നീടുള്ള ആരോഗ്യം ഉറപ്പാക്കുന്നതുമെന്നും പഠനം പറയുന്നു.

ENGLISH SUMMARY:

A new study suggests that spending more than three months in space may significantly weaken astronauts’ bones and increase their risk of fractures after returning to Earth. Researchers found that astronauts who spent more than 90 days in space experienced greater bone loss, particularly in the hip, while similar problems were not observed after shorter missions. The researchers attribute the changes largely to microgravity, which reduces the mechanical stress that normally helps maintain bone and muscle strength on Earth. The findings could be particularly important as NASA prepares for longer-duration missions, highlighting the need for post-flight monitoring, exercise, nutrition and medical care to protect astronauts’ bone health.