voyager-one

TOPICS COVERED

ഭൂമിയിൽ നിന്ന് പ്രകാശത്തിന് പോലും ഒരു ദിവസം വേണ്ടിവരുന്ന ദൂരത്തിലേക്ക് മനുഷ്യൻ നിർമിച്ച ഒരു പേടകം എത്തുകയാണ്. ഏകദേശം 2,590 കോടി കിലോമീറ്റർ അകലെ! അരനൂറ്റാണ്ടോളം നീണ്ട യാത്രയ്ക്കൊടുവില്‍ വോയേജര്‍ 1  ഇന്ന് ചരിത്ര നേട്ടം സ്വന്തമാക്കും.

1977 സെപ്റ്റംബർ അഞ്ചിനായിരുന്നു വോയേജർ 1-ന്‍റെ വിക്ഷേപണം. വ്യാഴവും ശനിയും സന്ദർശിക്കാനായിരുന്നു ആദ്യ പദ്ധതി. ഗ്രഹങ്ങളുടെ മനോഹരമായ ചിത്രങ്ങളും അവയുടെ ഉപഗ്രഹങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളും വോയേജർ ഭൂമിയിലേക്ക് അയച്ചു. ജോലി കഴിഞ്ഞാൽ തിരികെ വരുമെന്നാണല്ലോ സാധാരണ പ്രതീക്ഷ. എന്നാൽ വോയേജറിന് മടക്കയാത്രയില്ലായിരുന്നു! വ്യാഴവും ശനിയും പിന്നിട്ട് പേടകം മുന്നോട്ടുതന്നെ പോയി. 2012-ൽ സൂര്യൻ സൃഷ്ടിക്കുന്ന ഹീലിയോസ്ഫിയർ എന്ന സംരക്ഷണമേഖലയും കടന്ന് നക്ഷത്രാന്തര ബഹിരാകാശത്തിലെത്തി. ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിർമിത വസ്തുവാണ് വോയേജർ 1.

വോയേജറിൽ സോളാർ പാനലുകളല്ല ഊർജസ്രോതസ്സ്. പ്ലൂട്ടോണിയം-238-ന്‍റെ റേഡിയോ ആക്ടീവ് ക്ഷയത്തിൽ നിന്നുള്ള താപത്തെ വൈദ്യുതിയാക്കി മാറ്റുന്ന പ്രത്യേക സംവിധാനമാണ് ഉപയോഗിക്കുന്നത്. പക്ഷേ വർഷങ്ങൾ കഴിയുന്നതിനനുസരിച്ച് വൈദ്യുതിയുടെ അളവ് കുറഞ്ഞുവരികയാണ്. അതുകൊണ്ട് ശാസ്ത്രീയ ഉപകരണങ്ങൾ ഓരോന്നായി നാസ ഓഫ് ചെയ്യുകയാണ്. എങ്കിലും ബഹിരാകാശത്തിലെ കാന്തികക്ഷേത്രവും പ്ലാസ്മ തരംഗങ്ങളും പഠിക്കുന്ന ഉപകരണങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. വോയേജറിനൊപ്പം വളരെ കൗതുകകരമായ മറ്റൊന്നും യാത്ര ചെയ്യുന്നുണ്ട്. ഒരു ഗോൾഡൻ റെക്കോർഡ്. ഭൂമിയിലെ മനുഷ്യരുടെ ശബ്ദങ്ങളും വിവിധ സംസ്കാരങ്ങളിലെ സംഗീതവും പ്രകൃതിയുടെ ശബ്ദങ്ങളും ചിത്രങ്ങൾ രേഖപ്പെടുത്തിയ വിവരങ്ങളും ഇതിലുണ്ട്. 

ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:46:07-നാണ്  വോയേജർ 1 ഒരു പ്രകാശദിനം എന്ന ചരിത്രദൂരം പിന്നിടുന്നത് . ഈ നേട്ടം ആഘോഷിക്കാൻ നാസ ലോകമെമ്പാടുമുള്ള ആളുകളെയും ക്ഷണിച്ചിട്ടുണ്ട്.വോയേജറിന്‍റെ ചുരുക്കപ്പേരായ VGR എന്ന അക്ഷരങ്ങൾ മോഴ്സ് കോഡിൽ പ്രകാശിപ്പിക്കുകയാണ് ആഘോഷത്തിന്‍റെ പ്രത്യേകത. 

ENGLISH SUMMARY:

NASA’s Voyager 1 spacecraft is set to achieve a historic milestone today at 3:46:07 PM IST by reaching a distance of one light-day—approximately 25.9 billion kilometers—away from Earth. Launched on September 5, 1977, the interstellar probe continues to study magnetic fields and plasma waves while carrying the Golden Record, and NASA has invited people worldwide to celebrate by flashing 'VGR' in Morse code.